കൽപറ്റ: ദീർഘദൂര ബസ് സർവിസുകൾ മുടങ്ങാതിരിക്കാൻ സ്വന്തം കൈയിൽനിന്ന് പണമെടുത്ത് സ്വകാര്യ പമ്പുകളിൽനിന്ന് ഡീസലടിക്കുകയാണ് കെ.എസ്.ആർ.ടി.സി ജീവനക്കാർ. ദീർഘദൂര സൂപ്പർ ക്ലാസ് ബസ് സർവിസുകൾക്ക് പോലും കൃത്യമായി ഡീസൽ ലഭിക്കുന്നില്ല. നിങ്ങൾ എങ്ങനെയെങ്കിലും ട്രിപ്പ് ഓടിച്ചോ ഞങ്ങൾക്കൊന്നും ചെയ്യാനില്ലെന്ന നിലപാടിലാണ് കെ.എസ്.ആർ.ടി.സി അധികൃതർ. വയനാട്ടിൽനിന്ന് തലസ്ഥാനത്തേക്കുള്ള ഡീലക്സ് ബസുകൾക്ക് ഉൾപ്പെടെ ഡീസലടിക്കാൻ പലയിടത്തായി കയറിയിറങ്ങേണ്ട അവസ്ഥയാണെന്ന് ബസിൽ യാത്ര ചെയ്തവർ തന്നെ സാക്ഷ്യപ്പെടുത്തുന്നു. നേരത്തെ ആളുകൾ സീറ്റുകൾ റിസർവ് ചെയ്ത ഈ ബസുകൾ റദ്ദാക്കിയാൽ കനത്ത നഷ്ടമാണ് കെ.എസ്.ആർ.ടി.സിക്കുണ്ടാവുക.
എന്നാൽ, ശമ്പളം പോലും കൃത്യമായി ലഭിക്കാത്ത ജീവനക്കാർ സർവിസ് എങ്ങനെയെങ്കിലും ഓടിക്കാൻ ശ്രമിക്കുമ്പോൾ മുകളിലുള്ളവർക്ക് അനക്കമില്ലെന്നതാണ് വിചിത്രം.
കഴിഞ്ഞ ദിവസങ്ങളിൽ വയനാട്ടിൽനിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചും സർവിസ് നടത്തുന്ന സൂപ്പർക്ലാസ് ബസുകളിൽ ഉൾപ്പെടെ സ്വകാര്യ പമ്പുകളിൽനിന്ന് ഡീസലടിച്ചാണ് ട്രിപ്പ് മുടങ്ങാതെ നോക്കിയത്.
ശനിയാഴ്ച രാത്രി എട്ടിന് തിരുവനന്തപുരത്തുനിന്ന് കോട്ടയം വഴി സുൽത്താൻ ബത്തേരിയിലേക്കുള്ള മിന്നൽ സൂപ്പർ ഡീലക്സ് ബസിലെ റിസർവ് ചെയ്ത 33ഓളം യാത്രക്കാരുടെ യാത്ര മുടങ്ങാതിരിക്കാൻ ജീവനക്കാർ നടത്തിയ ഇടപെടലാണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരിക്കുന്നത്. തിരുവനന്തപുരത്തുനിന്ന് വണ്ടിയെടുക്കുമ്പോൾ അവിടെ നിന്ന് ഡീസൽ ലഭിച്ചില്ല. കൊട്ടാരക്കര ഡിപ്പോയിലെത്തിയെങ്കിലും അവിടെനിന്നും നൽകിയില്ല. ഓൺലൈൻ ടിക്കറ്റായിരുന്നതിനാൽ ടിക്കറ്റ് ബാഗിൽ പുറത്തുനിന്ന് ഡീസലടിക്കാനുള്ള പണവുമില്ല. തുടർന്ന് ബസിലെ ഡ്രൈവർ കം കണ്ടക്ടറായ പുൽപള്ളി സ്വദേശികളായ ടി.എസ്. സുരേഷും സിനീഷും സ്വന്തം കൈയിൽനിന്ന് പണം നൽകി സ്വകാര്യ പമ്പിൽനിന്ന് ഡീസലടിച്ച് യാത്ര തുടരുകയായിരുന്നുവെന്ന് ബസിലെ യാത്രക്കാരൻ പറഞ്ഞു.
ചെലവാക്കിയ പണം പുലർച്ചെയോടെ ട്രിപ്പിൽനിന്ന് തന്നെ തിരിച്ചുലഭിച്ചു. ബസ് ഓടിക്കാൻ ഒരു ഭാഗത്ത് ജീവനക്കാർ പരിശ്രമിക്കുമ്പോഴും മറുഭാഗത്ത് ശമ്പളം പോലും നൽകാൻ ശ്രമിക്കാതെ നഷ്ടക്കണക്കുകൾ മാത്രം പറയുന്ന മാനേജ്മെന്‍റിന്റെ സമീപനമാണ് മാറേണ്ടതെന്നാണ് യാത്രക്കാരുടെ പക്ഷം. ഇതിനിടെ, ഡീസൽ ക്ഷാമത്തെത്തുടർന്ന് ഞായറാഴ്ച ജില്ലയിലെ മൂന്ന് കെ.എസ്.ആർ.ടി.സി ഡിപ്പോകളിലുമായി 106 സർവിസുകളാണ് മുടങ്ങിയത്. ഓർഡിനറി സർവിസുകൾ 70 ശതമാനത്തിലധികം മുടങ്ങിയത് യാത്രക്കാരെ വലച്ചു. ദീർഘദൂര സർവിസുകൾ നടത്തുന്നുണ്ടെങ്കിലും വരും ദിവസങ്ങളിൽ കൃത്യമായി ഡീസലെത്തിയില്ലെങ്കിൽ ഇവയും മുടങ്ങുന്ന സാഹചര്യമാണുള്ളത്.
സുൽത്താൻ ബത്തേരി ഡിപ്പോയിൽ 34 സർവിസുകളും കൽപറ്റ ഡിപ്പോയിൽ 25 സർവിസുകളും മാനന്തവാടിയിൽ 47 സർവിസുകളുമാണ് ഞായറാഴ്ച മുടങ്ങിയത്. ഡീസൽ ക്ഷാമം ആരംഭിച്ചശേഷം ജില്ലയിൽ ഏറ്റവും കൂടുതൽ സർവിസുകൾ റദ്ദാക്കിയതും ഞായറാഴ്ചയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.