കൽപറ്റ: സൈബര്‍ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 2024ല്‍ മാത്രം രജിസ്റ്റര്‍ ചെയ്തത് 41425 കേസുകള്‍. 768 കോടി രൂപയാണ് വിവിധ സംഭവങ്ങളിലായി നഷ്ടപ്പെട്ടത്. ഇന്റര്‍നെറ്റ് സുരക്ഷാ ദിനാചാരണത്തോടനുബന്ധിച്ച് ജില്ലഭരണകൂടം കലക്ടറേറ്റ് ഉദ്യോഗസ്ഥര്‍ക്ക് സൈബര്‍ കുറ്റകൃത്യങ്ങളെക്കുറിച്ച് നൽകിയ ബോധവത്കരണ ക്ലാസിലാണ് ഈ കണക്കുകൾ വ്യക്തമാക്കിയത്.
നെറ്റ് ബാങ്കിങ് കുറ്റകൃത്യങ്ങളിലകപ്പെട്ട് നിരവധി പേര് ആത്മഹത്യ ചെയ്യുന്ന സാഹചര്യത്തിൽ സൈബറിടം കൈകാര്യം ചെയ്യുമ്പേൾ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് പരിപാടി ചൂണ്ടിക്കാട്ടി. വൈഫൈ വഴിയുള്ള ഫ്രീ ഇന്റര്‍നെറ്റ് സേവനങ്ങള്‍, ബസ്-റെയില്‍വേ സ്റ്റേഷനുകളില്‍ ലഭ്യമായ ചാര്‍ജിങ് സേവനങ്ങള്‍ എന്നിവ ഉപയോഗപ്പെടുത്തുന്നത് ശ്രദ്ധയോടെയാകണം.
സൈബര്‍ കുറ്റകൃത്യങ്ങളിലൂടെ പണം നഷ്ടമായവര്‍ ആദ്യ ഒരു മണിക്കൂറിനകം തന്നെ 1930 എന്ന സൈബര്‍ ക്രൈം എമര്‍ജന്‍സി നമ്പറില്‍ ബന്ധപ്പെട്ട് തുക കൈമാറിയവരുടെയും പണം നഷ്ടപ്പെട്ടവരുടെയും ബാങ്ക് വിവരം, പണം കൈമാറിയ വിവരം എന്നിവ അടിയന്തരമായി സൈബര്‍ പൊലീസിന് കൈമാറിയാല്‍ തുക തടഞ്ഞുവെക്കാന്‍ സാധിക്കും. കോളജ് വിദ്യാർഥികളുടെ പേരില്‍ ബാങ്ക് അക്കൗണ്ട്, സിം കാര്‍ഡ് എന്നിവ ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്ന പ്രവണത കൂടുതലാണ്. ഇത്തരം സാധ്യതയൊഴിവാക്കാന്‍ രക്ഷിതാക്കള്‍ കുട്ടികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ശ്രദ്ധിക്കണമെന്നും നിർദേശിച്ചു. ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം, നാഷനല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്റര്‍, സൈബര്‍ പൊലീസ്, കെ.എസ്.ഐ.ടി.എം, ഐ.ടി സെല്‍ എന്നിവയുടെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി.
അസിസ്റ്റന്റ് കലക്ടര്‍ എസ്. ഗൗതം രാജ് ക്ലാസ് ഉദ്ഘാടനം ചെയ്തു. ചാരിറ്റി ട്രാപ്പ്, കാര്‍ഡിങ് സ്കാം, ഡിജിറ്റല്‍ അറസ്റ്റ്, ലോ എന്‍ഫോഴ്സ്മെന്റ് സ്കാം തുടങ്ങി വിവിധതരത്തിലുള്ള സൈബര്‍ കുറ്റകൃത്യങ്ങള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ എന്നിവയില്‍ ഉദ്യോഗസ്ഥര്‍ക്ക് അവബോധം നല്കി. ബോധവത്കരണ ക്ലാസില്‍ നാഷനല്‍ ഇന്‍ഫര്‍മാറ്റിക്സ് ഓഫിസര്‍ ജസീം ഹാഫിസ്, എച്ച്.എസ് വി.കെ. ഷാജി, സൈബര്‍ പോലീസ് സബ് ഇന്‍സ്പെക്ടര്‍ എ.വി. ജലീല്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.