representational image
കല്പറ്റ: സി.പി.എം നിയന്ത്രണത്തിലുള്ള ബ്രഹ്മഗിരി ഡവല്മെന്റ് സൊസൈറ്റിയിൽ നിക്ഷേപിച്ച തുക തിരിച്ചു കിട്ടുന്നതിന് ഇടപെടണമെന്നാവശ്യപ്പെട്ട് രണ്ടു പേർ ജില്ല കലക്ടർക്ക് നൽകിയ പരാതി ജില്ല പൊലീസ് മേധാവിക്ക് കൈമാറി. സൊസൈറ്റി പ്രവർത്തനം നിശ്ചലമായ സാഹചര്യത്തിലാണ് അഞ്ചുലക്ഷം വീതം നിക്ഷേപിച്ച രണ്ടു പേർ തങ്ങളുടെ നിക്ഷേപം പലിശ സഹിതം തിരിച്ചു കിട്ടുന്നതിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഏതാനും ദിവസം മുമ്പ് ജില്ല കലക്ടറെ സമീപിച്ചത്.
ഇതിൽ നിക്ഷേപം നടത്തിയ സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍നിന്നുള്ള കര്‍ഷകനും റിട്ട. ഉദ്യോഗസ്ഥനുമാണ് കലക്ടര്‍ക്ക് വെവേറെ പരാതി നല്‍കിയത്. പരാതി കഴിഞ്ഞ ദിവസം ജില്ല പൊലീസ് മേധാവിക്ക് കലക്ടര്‍ കൈമാറിയതിനെ തുടര്‍ന്നു മീനങ്ങാടി പൊലീസ് രണ്ടു നിക്ഷേപകരെയും അന്വേഷണത്തിന്റെ ഭാഗമായി സ്റ്റേഷനിലേക്ക് വിളിപ്പിച്ച് മൊഴി രേഖപ്പെടുത്തി.
എന്നാൽ, നിക്ഷേപകര്‍ വിശദമായി മൊഴി നല്‍കിയെങ്കിലും പൊലീസ് ഇടപെടലിന് ഇപ്പോൾ താൽപര്യമില്ലെന്നും പ്രശ്ന പരിഹാരത്തിന് കലക്ടറുടെ ഇടപെടലിന് വേണ്ടിയാണ് സമീപിച്ചതെന്നും പരാതിക്കാർ ബോധിപ്പിക്കുകയായിരുന്നു. പൊലീസില്‍ പരാതി നല്‍കുന്നതിന് മുമ്പ് മറ്റു നിക്ഷേപകരുമായി കൂടിയാലോചിക്കണമെന്നും ഇവർ അറിയിച്ചു.
2019 ലാണ് ഇരുവരും ബ്രഹ്മഗിരി സൊസൈറ്റിയില്‍ പണം നിക്ഷേപിച്ചത്. എന്നാൽ, 2022 ജൂണ്‍ മുതല്‍ പലിശ മുടങ്ങി. നിക്ഷേപവും പലിശയും തിരികെ ആവശ്യപ്പെട്ടെങ്കിലും കിട്ടിയില്ല. 2023 ജനുവരിയില്‍ കത്ത് അയച്ചിട്ടും മറുപടി ലഭിച്ചില്ല. ഈ പശ്ചാത്തലത്തിലാണ് ഇരുവരും കലക്ടര്‍ക്ക് പരാതി നല്‍കിയത്. നിക്ഷേപകർക്ക് നൽകാനുള്ള കോടിക്കണക്കിന് രൂപക്ക് പുറമെ മാസങ്ങളായി മുടങ്ങിക്കിടക്കുന്ന ജീവനക്കാരുടെ ശമ്പളം ഇനത്തിലും വൻ ബാധ്യത സൊസൈറ്റിക്കുണ്ട്.
കൂടാതെ കേരള ചിക്കൻ പദ്ധതി നടത്തിപ്പിനുവേണ്ടി കോഴി കര്‍ഷകരില്‍നിന്നു വിത്തുധനമായി വാങ്ങിയ വകയിൽ മൂന്നര കോടിയോളം രൂപ സൊസൈറ്റി വിവിധ ജില്ലകളിലായി നല്‍കാനുണ്ട്. ഈ തുക തിരികെ കിട്ടുന്നതിന് കോഴി കര്‍ഷകര്‍ ഹൈകോടതിയെ സമീപിച്ചിരിക്കുകയാണ്.
നിക്ഷേപകരിൽ ഭൂരിപക്ഷവും സി.പി.എം പ്രവർത്തകരോ അനുഭാവികളോ ആയത് കാരണം പ്രത്യക്ഷ സമരത്തിന് നിക്ഷേപകർ തയാറല്ല. അതേസമയം, സംസ്ഥാന നേതൃത്വം ഉൾെപ്പടെ ഇടപെട്ടിട്ടും പ്രശ്നപരിഹാരം ഇതുവരേയും ഉണ്ടാകാത്ത സാഹചര്യത്തിൽ ഭാവി പരിപാടികൾ തീരുമാനിക്കാൻ അടുത്ത ആഴ്ച നിക്ഷേപകരുടെ കൂട്ടായ്മ യോഗം ചേരുന്നുണ്ടെന്നാണ് അറിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.