കുട്ടികളുടെ സംരക്ഷണം: ചൈല്‍ഡ് ലൈന്‍ 21ാം വർഷത്തിലേക്ക്

കൽപറ്റ: കുട്ടികളുടെ സംരക്ഷണത്തിന് മാതൃകയായി ജില്ലയില്‍ ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് രണ്ട് പതിറ്റാണ്ട് തികയുന്നു. സംസ്ഥാനത്ത് ഗ്രാമീണ മേഖലയിലെ ആദ്യ ചൈല്‍ഡ്‌ലൈനാണ് ജില്ലയില്‍ തുടങ്ങിയത്. 2002 സെപ്റ്റംബര്‍ 12നാണ് അരക്ഷിതരായ കുട്ടികളുടെ സഹായത്തിനായി ദേശീയതലത്തില്‍ തുടങ്ങിയ 1098 എന്ന ചൈൽഡ് ലൈന്‍ നമ്പര്‍ വയനാട്ടില്‍ പ്രാബല്യത്തില്‍ വന്നത്.

അതുവരെ രാജ്യത്തെ ഏതാനും നഗരപ്രദേശത്തു മാത്രമായിരുന്നു ഈ സേവനം ലഭ്യമായിരുന്നത്. 2002ല്‍ കേന്ദ്ര സാമൂഹ്യ നീതിശാക്തീകരണ മന്ത്രാലയവും 2006 മുതല്‍ കേന്ദ്ര മാതൃശിശു വികസന മന്ത്രാലയവുമാണ് പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്.

തദ്ദേശ സ്ഥാപനങ്ങളുമായി ചേര്‍ന്നു പ്രവർത്തനം

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്നു ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തിക്കുന്നതിനുള്ള ആദ്യ നടപടികളും വയനാട്ടില്‍ നിന്നാണ് തുടങ്ങിയത്. സംസ്ഥാനത്ത് തിരുവനന്തപുരം, കൊച്ചി കോർപറേഷന്‍ പരിധിയിലും കോഴിക്കോട് നഗരസഭയിലും മാത്രമായിരുന്നു അക്കാലത്ത് ചൈൽഡ് ലൈൻ പ്രവര്‍ത്തിച്ചിരുന്നത്.

വിദ്യാലയങ്ങള്‍, കുട്ടികളുടെ കൂട്ടായ്മകള്‍, രക്ഷാകര്‍തൃ സമിതികള്‍ എന്നിവര്‍ക്ക് വ്യാപകമായി ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചും ജില്ല ഭരണകൂടം, വിവിധ സര്‍ക്കാര്‍-സര്‍ക്കാരേതര വകുപ്പുകളുടെ പിന്തുണയോടെയും ചൈല്‍ഡ്ലൈന്‍ സേവനത്തെ കുറിച്ച് വ്യാപകമായ അവബോധം സൃഷ്ടിച്ചുമാണ് പ്രവര്‍ത്തകര്‍ പരിമിതികളെ മറികടന്നത്. ഇതുവരെ നൂറുകണക്കിന് അരക്ഷിതരായ കുട്ടികള്‍ക്ക് സേവനമെത്തിക്കാന്‍ ചൈല്‍ഡ്‌ലൈന്‍ കഴിഞ്ഞു.

സംരക്ഷണം, ബോധവത്കരണം

കുട്ടികള്‍ക്കായുള്ള ഇഷ്ടബാല്യം ക്യാമ്പുകള്‍, ഓപ്പണ്‍ ഹൗസുകള്‍, ജീവിത നൈപുണ്യ പരിശീലന ക്ലാസുകള്‍, ജില്ലാ-സംസ്ഥാന-ദേശീയ തലങ്ങളില്‍ സംഘടിപ്പിക്കുന്ന പരിപാടികളില്‍ ജില്ലയില്‍ നിന്നുള്ള കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കല്‍, അടിയന്തര സേവനങ്ങള്‍ എത്തിക്കല്‍ എന്നിവ ചൈല്‍ഡ് ലൈനിന്റെ പ്രവര്‍ത്തനങ്ങളാണ്.

2012ല്‍ കുട്ടികളുടെ നേതൃത്വത്തില്‍ ജില്ലയിലുടനീളം പര്യടനം നടത്തിയ 'നമ്പര്‍ 1098 ചൈൽഡ് ലൈന്‍ എക്സ്പ്രസ് ട്രെയിന്‍ കാമ്പയിന്‍', ഗ്രാമപഞ്ചായത്ത്-ബ്ലോക്ക്-ജില്ലതല ഇഷ്ടബാല്യം ക്യാമ്പുകള്‍, 2018ലും 2019ലും വയനാട്ടില്‍ ഉണ്ടായ പ്രളയത്തിന്റെ ഭാഗമായി തുടങ്ങിയ ദുരിതാശ്വാസ ക്യാമ്പുകളിലെ കുട്ടികള്‍ക്കായി ജില്ല ദുരന്തനിവാരണ അതോറിറ്റിയുടെയും ജില്ലയിലെ കൗണ്‍സിലര്‍മാരുടെയും സഹകരണത്തോടെ സംഘടിപ്പിച്ച സൈക്കോസോഷ്യല്‍ സപ്പോര്‍ട്ട് ആന്റ് ഹാപ്പിനസ് പ്രോഗ്രാം, കോവിഡ് ഹെല്‍പ് െഡസ്ക്ക്, ജില്ലയിലെ ശിശുസംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടികള്‍ക്കായി സംഘടിപ്പിച്ച ഉല്ലാസയാത്ര, ബാലവേല, ബാലഭിക്ഷാടനം എന്നിവക്കെതിരെയുമുള്ള കാമ്പയിനുകള്‍ തുടങ്ങിയവ ജില്ല ചൈൽഡ് ലൈൻ കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങളാണ്.

പദ്ധതിയുടെ സഹായ സംഘടനയായി ജില്ലയില്‍ ജോയിന്റ് ആക്ഷന്‍ ഫോര്‍ ലീഗല്‍ ആള്‍ട്ടര്‍നേറ്റീവ്സ് - ജ്വാല പ്രവര്‍ത്തിച്ചുവരുന്നുണ്ട്.

Tags:    
News Summary - Child protection-Childline into 21st year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.