തെരുവുനായ് കൽപറ്റ സിവിൽ സ്റ്റേഷന്റെ കോണിപ്പടിയിൽ
കൽപറ്റ: നായ്ക്കൾക്ക് ഭക്ഷണമൊക്കെ കൊടുത്ത് പരിചരിക്കുന്നത് നല്ലതാണ്. പക്ഷേ, അത് പൊതുജനങ്ങൾ ദിവസേന കയറിയിറങ്ങുന്ന സർക്കാർ ഓഫിസിൽ ആണെങ്കിലോ. അത്തരമൊരു കാഴ്ചയാണ് ജില്ലയുടെ ഭരണസിരാകേന്ദ്രമായ കല്പറ്റ സിവില്‍ സ്റ്റേഷനിലുള്ളത്. വർഷങ്ങളായി ആര്.ടി.ഒ ഓഫിസിലും പരിസരത്തും ഒരു നായ് നിത്യതാമസക്കാരനാണ്.
ജീവനക്കാരിൽ ചിലർ നായ്ക്ക് ബിസ്കറ്റ് അടക്കമുള്ള ഭക്ഷണം പതിവായി നൽകുന്നു. ഇതിനാലാവണം നായ് ഇവിടം വിട്ടുപോകാത്തത്. ആര്.ടി.ഒ ഓഫിസിന്റെ കീഴിലുള്ള ഹെല്പ് ഡെസ്കിന്റെ മുന്നിലാണ് നായുടെ കേന്ദ്രം. വിവിധ ആവശ്യങ്ങള്‍ക്കായി നൂറുകണക്കിന് ജനങ്ങളെത്തുന്ന സ്ഥലമാണിത്. പ്രായമായവരും അംഗവൈകല്യമുള്ളവര്‍ വരെ കയറിയിറങ്ങുന്ന ഓഫിസിലാണ് ഈ 'നായ് വളർത്തൽ' എന്നതാണ് കൗതുകകരം. നിരവധി ആളുകളെ ഈ നായ് ഓടിച്ചിട്ടുമുണ്ട്.
പകല്‍ സമയം ആര്.ടി.ഒ ഹെല്പ് ഡെസ്ക്കിന്റെ മുന്നിലാണ് കിടപ്പ്. രാത്രിയില്‍ സിവിൽ സ്റ്റേഷനിലെ ഓരോ ഓഫിസിന്റെയും മുന്‍വശത്ത് പൊതു ജനങ്ങള്‍ക്കുവേണ്ടി ഇട്ടിരിക്കുന്ന ബെഞ്ചിലോ കസേരയിലോ കയറി കിടക്കും. ഈ കസേരയിലാണ് പൊതുജനങ്ങൾ വന്നിരിക്കേണ്ടത്. മറ്റ് ജീവനക്കാരടക്കം നായ്ശല്യത്താൽ പൊറുതിമുട്ടിയിരിക്കുകയാണ്. എങ്കിലും ഭക്ഷണമെല്ലാം നൽകി നായെ സംരക്ഷിക്കുന്നവർക്ക് മാറ്റമൊന്നുമില്ല.
ദേഹമാസകലം തൊലി പോയി അനാരോഗ്യകരമായ അവസ്ഥയാണ് നായ്ക്കുള്ളത്. രോമം കൊഴിയുന്നുമുണ്ട്. വെറ്ററിനറി ആശുപത്രികളടക്കം സർക്കാർതലത്തിൽതന്നെ ഇത്തരം ജീവികളെ ചികിത്സിക്കാനും മറ്റുമായി നിലവിലുണ്ട്. ഈ നായെ അത്തരം സ്ഥാപനങ്ങളിലേക്ക് കൊണ്ടുപോകാവുന്നതേയുള്ളൂ. എന്നാൽ, അതിനൊന്നും മെനക്കെടാതെ പൊതുജനങ്ങൾക്കും ജീവനക്കാർക്കും ശല്യമായ 'നായ് വളർത്തൽ' സിവിൽ സ്റ്റേഷനിൽ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.