വെള്ളാർമല ഗവ. വി.എച്ച്.എസ്.സിയിലെ എസ്.എസ്.എൽ.സി
വിദ്യാർഥികൾ മേപ്പാടിയിലെ ക്ലാസ് റൂമിൽ
കൽപറ്റ: ഉരുൾദുരന്തത്തിൽ പിതാവും മാതാവും സഹോദരങ്ങളുമടക്കം ഒമ്പതുപേരെ നഷ്ടപ്പെട്ട പുഞ്ചിരിമട്ടത്തെ 15കാരൻ മുഹമ്മദ് ഹാനി, പിന്നെ വീടടക്കമുള്ള എല്ലാം തകർന്ന മറ്റ് 34 കുട്ടികളും. ഇരുട്ടിവെളുക്കും മുമ്പേ എല്ലാം ഉരുളെടുത്തതിന്റെ സങ്കടക്കടൽ കടന്ന് അതിജീവനത്തിന്റെ കരുത്തുമായി അവർ എസ്.എസ്.എൽ.സി പരീക്ഷയെഴുതാൻ തുടങ്ങി. ജൂലൈ 30നുണ്ടായ മുണ്ടക്കൈ ഉരുൾപൊട്ടലിൽ തകർന്ന വെള്ളാർമല ഗവ. വി.എച്ച്.എസ്.സിയിലെ 55 വിദ്യാർഥികളാണ് തിങ്കളാഴ്ച തുടങ്ങിയ എസ്.എസ്.എൽ.സി പരീക്ഷയെഴുതുന്നത്. ദുരന്തത്തിന്റെ ആഘാതത്തിൽനിന്ന് പതിയെ മോചിതരാകുന്ന അവർക്ക് എല്ലാത്തിനും കൂട്ടായി നാടുണ്ട്. ആദ്യദിനത്തിലെ മലയാളം പരീക്ഷ കഴിഞ്ഞിറങ്ങിയ അവർ പറഞ്ഞു, ‘പരീക്ഷ പൊതുവേ എളുപ്പം’.
വെള്ളാർമല സ്കൂളിൽ 578 ഉം മുണ്ടക്കൈ എൽ.പി സ്കൂളിൽ 72 കുട്ടികളുമാണ് പഠിച്ചിരുന്നത്. വെള്ളാർമലയിലെ 22 കുട്ടികളാണ് ദുരന്തത്തിൽ മരിച്ചത്. ഇതിൽ ഏഴുപേർ പത്താം ക്ലാസിൽ പഠിക്കുന്നവരായിരുന്നു. ഒരേ ബെഞ്ചിൽ തങ്ങളോടൊപ്പം പരീക്ഷയെഴുതേണ്ടിയിരുന്ന കൂട്ടുകാരുടെ നോവോർമകൾക്കിടയിലാണവർ പരീക്ഷ ഹാളിൽ എത്തിയത്. ഉരുൾപൊട്ടലിന്റെ പ്രഭവസ്ഥാനമായ പുഞ്ചിരിമട്ടത്തായിരുന്നു മുഹമ്മദ് ഹാനിയുടെ കുടുംബം താമസിച്ചിരുന്നത്. മഴ ശക്തമായതോടെ അവർ മുണ്ടക്കൈ പള്ളിക്കടുത്തുള്ള ക്വാർട്ടേഴ്സിലേക്ക് മാറിയിരുന്നു.
എന്നാൽ, മാതാപിതാക്കളെയും സഹോദരങ്ങളെയുമടക്കം ഒമ്പതുപേരെയാണ് അവന് നഷ്ടമായത്. കഴുത്തറ്റം മുങ്ങിപ്പോയ വല്യുമ്മ ആയിഷയെ ജനാലയിൽ മുറുക്കെപിടിച്ച് ഹാനി രക്ഷപ്പെടുത്തുകയും ചെയ്തു. തിങ്കളാഴ്ച പരീക്ഷയെഴുതിയ 55 പേരിൽ 35 കുട്ടികളും ദുരന്തം നേരിട്ട് ബാധിച്ചവരായിരുന്നു. ചിലരുടെ വീടുകൾ പാടെ തകർന്നു. മറ്റ് ചിലരുടെ ഉറ്റവർ മരണമടഞ്ഞു.
രണ്ട് സ്കൂളുകളും ദുരന്തത്തിന്റെ 33ാം നാൾ മേപ്പാടിയിൽ പ്രവർത്തനം തുടങ്ങിയിരുന്നു. വെള്ളാര്‍മല സ്കൂൾ മേപ്പാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലും മുണ്ടക്കൈ ജി.എല്‍.പി സ്കൂൾ മേപ്പാടി പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലുമാണ് പ്രവര്‍ത്തിക്കുന്നത്. വെള്ളാർമല ഹയർ സെക്കൻഡറിയിലെ 37 പേരും ഇത്തവണ പ്ലസ് ടു പരീക്ഷയെഴുതുന്നുണ്ട്. ഇതിൽ ഏഴുപേർ ദുരന്തം നേരിട്ട് ബാധിച്ചവരാണ്.
കുട്ടികൾക്ക് ക്യാമ്പുകളടക്കം നടത്തി അധ്യാപകർ പ്രത്യേക പരിശീലനം നൽകിയിരുന്നു. രാത്രിയിൽ ഭക്ഷണമടക്കം ഏർപ്പാടാക്കി ക്ലാസുകളെടുത്തു. പി.ടി.എ കമ്മിറ്റിയടക്കം എല്ലാത്തിനും മുന്നിൽനിന്നു.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സർക്കാർ ഒരുക്കിയ വാടകവീടുകളിലാണ് വിദ്യാർഥികളുടെ കുടുംബങ്ങൾ നിലവിൽ കഴിയുന്നത്. ചിലർ താമസസ്ഥലത്തിനടുത്തുള്ള മറ്റ് സ്കൂളുകളിൽ ചേർന്നു. എന്നാൽ, മിക്ക വിദ്യാർഥികളും വെള്ളാർമല സ്കൂളിൽതന്നെ തുടരുകയായിരുന്നു. സ്വകാര്യ ബസുകളിലും സ്കൂൾ ബസിലുമായാണ് കുട്ടികൾ മേപ്പാടിയിലെ സ്കൂളിൽ എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.