റവന്യൂ ഓഫിസുകളിലെ ഫയല്‍ നീക്കം പൂർണമായി ഇ-ഓഫിസ് സംവിധാനം വഴിയാക്കുന്നതുമായി ബന്ധപ്പെട്ട് ചേർന്ന യോഗത്തിൽ ജില്ല കലക്ടര്‍ എ. ഗീത സംസാരിക്കുന്നു
കൽപറ്റ: വില്ലേജ് ഓഫിസുകള്‍ മുതല്‍ ജില്ല കലക്ടറേറ്റ് വരെയുളള റവന്യൂ ഓഫിസുകളിലെ ഫയല്‍ നീക്കം സമ്പൂർണമായി ഇ-ഓഫിസ് സംവിധാനം വഴിയാക്കുന്ന രാജ്യത്തെ ആദ്യ ജില്ലയായി വയനാട്. ഈ സംവിധാനം മുഴുവന്‍ റവന്യൂ ഓഫിസുകളിലും നടപ്പാക്കിയാണ് വയനാട് സവിശേഷ നേട്ടം സ്വന്തമാക്കിയത്.
സമർപ്പിക്കപ്പെട്ട അപേക്ഷകളുടെ തൽസ്ഥിതി വിവരങ്ങള്‍ അറിയാനും പൊതുജനങ്ങള്‍ ഇനി മുതല്‍ ഓഫിസുകള്‍ കയറിയിറങ്ങേണ്ടതില്ല. വിവരങ്ങളെല്ലാം ഒറ്റ ക്ലിക്കില്‍ ലഭ്യമാകും. 60 ലക്ഷം രൂപയോളം ചെലവിട്ടാണ് റവന്യൂ ഓഫിസുകളിലെ ഫയല്‍ നീക്കങ്ങള്‍ പൂർണമായും ഓൺലൈനിലേക്ക് മാറ്റിയത്. കലക്ടറേറ്റുകളില്‍ ഡി.സി സ്യൂട്ട് എന്ന ലോക്കല്‍ സര്‍വര്‍ ആശയത്തില്‍ പ്രവര്‍ത്തിച്ച സോഫ്റ്റ് വെയറില്‍നിന്നും വിഭിന്നമായി പൊതുജനങ്ങള്‍ക്ക് കൂടി ഫയൽ നീക്കങ്ങൾ ഓണ്‍ലൈനായി പരിശോധിക്കാവുന്ന തലത്തില്‍ രൂപകല്പന ചെയ്തതാണ് ഇ-ഓഫിസ് സംവിധാനം.
https://eoffice.kerala.gov.in എന്നപോര്‍ട്ടലില്‍ ഫയല്‍ നമ്പര്‍ നല്കിയാല് ഫയലിെൻറ മുഴുവന്‍ നീക്കങ്ങളും അറിയാന്‍ കഴിയും.
നിലവില്‍ സെക്രട്ടേറിയറ്റില്‍ ഇത്തരത്തില്‍ വിപുലമായ ഇ-ഓഫിസ് സംവിധാനം പ്രവര്‍ത്തിക്കുന്നുണ്ട്. ഫയല്‍ ആരുടെ കൈവശമാണു ള്ളത്, കൈവശം വെച്ച ദിവസങ്ങള്‍ തുടങ്ങിയ വിവരങ്ങളും ലഭ്യമാകും. ഓഫിസുകളുടെ ഫയല്‍ നീക്കം വേഗത്തിലും സുതാര്യമായും നീക്കുകയാണ് ഇ-ഓഫിസ് സംവിധാനം നടപ്പാക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. ജീവനക്കാരുടെ കാര്യക്ഷമത വർധിപ്പിക്കാന്‍ സഹായിക്കുന്നതോടൊപ്പം പൊതുജനങ്ങള്‍ക്ക് എവിടെയിരുന്നും ഫയല്‍ നീക്കമറിയാനും ഇതിലൂടെ സാധിക്കും. ഫയലിലെ മുഴുവന്‍ രേഖകളും ഡിജിറ്റല്‍ ആയി സൂക്ഷിക്കപ്പെടുന്നതിനാല്‍ ഫയല്‍ നഷ്ടപ്പെടുക, മാറ്റി വെക്കുക എന്നിവയൊന്നും ഇനി എളുപ്പമല്ല.
2015 ലാണ് വയനാട് ജില്ല സര്‍ക്കാര്‍ നിർദേശ പ്രകാരം ഇ-ഓഫിസ് സംവിധാനത്തിലേക്ക് മാറുവാനുള്ള നടപടികള്‍ തുടങ്ങിയത്. ജില്ലയിലെ മൂന്നു താലൂക്കോഫിസുകളും 49 വില്ലേജോഫിസുകളും കലക്ടറേറ്റ്, സബ് കലക്ടര്‍ ഓഫിസ് എന്നിവയുമായി ഇ-ഓഫിസ് സോഫ്റ്റ്വെയറിലൂടെ ബന്ധിപ്പിച്ചിട്ടുണ്ട്. മുഴുവന്‍ വില്ലേജ് ഓഫിസുകളിലും അതിവേഗ ഇൻറര്‍നെറ്റും ലഭ്യമാണ്. ജില്ലയില്‍ ഇ-ഓഫിസ് സംവിധാനം നടപ്പാക്കി തുടങ്ങിയത് മുതല്‍ 1,03,932 ഫയലുകള്‍ ഇത്തരത്തില്‍ കൈകാര്യം ചെയ്തിട്ടുണ്ട്. 2021 ല്‍ നവംബര്‍ വരെ 25,410 ഫയലുകള്‍ ഇ-ഓഫിസ് വഴി കൈമാറ്റം ചെയ്തു. ലോക്ഡൗണ്‍ കാലയളവില്‍ ഫയലുകള്‍ കാലതാമസം കൂടാതെ തീര്‍പ്പാക്കാന്‍ വര്‍ക്ക് ഫ്രം ഹോം സൗകര്യത്തില്‍ ഇ- ഓഫിസാണ് ജീവനക്കാര്‍ക്ക് തുണയായത്.
ജില്ലയില്‍ ഇ-ഓഫിസ് സംവിധാനം ഏറ്റവും മികച്ച രീതിയില്‍ ഉപയോഗിച്ച പാടിച്ചിറ വില്ലേജ് ഓഫിസറെയും താലൂക്ക്തലത്തില്‍ സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി, കുന്നത്തിടവക വില്ലേജ് ഓഫിസറെയും ജില്ല കലക്ടര്‍ എ. ഗീത ആദരിച്ചു. ചടങ്ങില്‍ ഡെപ്യൂട്ടി കലക്ടര്‍ കെ. അജീഷ്, ലോ ഓഫിസര്‍ കെ.പി. ഉണ്ണികൃഷ്ണന്, ഫിനാന്‍സ് ഓഫിസര്‍ എ.കെ. ദിനേശന് എന്നിവരും സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.