കൽപറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്ത ബാധിതരെ പുനരധിവസിപ്പിക്കാനുള്ള ഗുണഭോക്തൃ പട്ടികയുടെ രണ്ടാംഘട്ട കരട് 2 -ബി പട്ടിക സർക്കാർ പ്രസിദ്ധീകരിച്ചു. മേപ്പാടി ഗ്രാമപഞ്ചായത്തിലെ 10, 11, 12 വാർഡുകളിലെ 70 പേരാണ് ഈ പട്ടികയിലുൾപ്പെട്ടത്. വാർഡ് 10ൽ 18 പേരും വാർഡ് 11ൽ 37 പേരും വാർഡ് 12ൽ 15 പേരുമാണ് കരട് പട്ടികയിലുള്ളത്.
നോ ഗോ സോണിന് പുറത്ത് സ്ഥിതി ചെയ്യുന്ന, ദുരന്തം കാരണം ഒറ്റപ്പെട്ടുപോകുന്ന വീടുകൾ, നോ ഗോ സോൺ പരിധിയിൽ നിന്ന് 50 മീറ്ററിനുള്ളിൽ പൂർണമായി ഒറ്റപ്പെട്ട വീടുകളാണ് ഈ പട്ടികയിൽ പരിഗണിച്ചതെന്ന് സർക്കാർ പറയുന്നു. പൊതുജനങ്ങൾക്ക് കലക്ടറേറ്റ്, മാനന്തവാടി റവന്യൂ ഡിവിഷൻ ഓഫിസ്, വൈത്തിരി താലൂക്ക് ഓഫിസ്, വെള്ളരിമല വില്ലേജ് ഓഫിസ്, മേപ്പാടി ഗ്രാമപഞ്ചായത്ത്, തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും ജില്ല ഭരണകൂടത്തിന്റെയും വെബ്സൈറ്റുകളിലും പട്ടിക പരിശോധിക്കാം.
രണ്ടാംഘട്ട കരട് 2- ബി പട്ടിക സംബന്ധിച്ച പരാതികളും ആക്ഷേപങ്ങളും മാർച്ച് 13 വൈകീട്ട് അഞ്ച് വരെ വൈത്തിരി താലൂക്ക് ഓഫിസ്, ജില്ല കലക്ടറുടെ ഓഫിസ്, മേപ്പാടി ഗ്രാമപഞ്ചായത്ത് ഓഫിസ്, വെള്ളരിമല വില്ലേജ് ഓഫിസുകളിലും subcollectormndy@gmail.com ലും സ്വീകരിക്കും. ആക്ഷേപങ്ങളിൽ സബ് കലക്ടർ സ്ഥല പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കും. ജില്ല ദുരന്ത നിവാരണ അതോറിറ്റി ആക്ഷേപങ്ങൾ ഉന്നയിച്ചവരെ നേരിൽ കണ്ട് ആക്ഷേപങ്ങൾ തീർപ്പാക്കി അന്തിമ പട്ടിക പ്രസിദ്ധീകരിക്കുമെന്നും കലക്ടർ ഡി.ആർ. മേഘശ്രീ അറിയിച്ചു.
അതേസമയം, അവസാന പട്ടികപുറത്തുവന്നപ്പോഴും നിരവധി അർഹർ പുറത്താകുമെന്ന ആശങ്ക നിലവിലുണ്ട്. ഉരുൾ ദുരന്തം ബാധിച്ച എല്ലാവരെയും പുനരധിവസിപ്പിക്കുമെന്നായിരുന്നു സർക്കാർ വാഗ്ദാനം. എന്നാൽ, ഡോ. ജോണ്‍ മത്തായി സമിതി ‘ഗോ സോൺ, നോ ഗോ സോണ്‍’ എന്നിങ്ങനെ വാസയോഗ്യവും അല്ലാത്തതുമായ വീടുകളുടെ അതിര്‍ത്തി നിർണയിച്ച് റിപ്പോർട്ട് നൽകിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ ഗുണഭോക്തൃ പട്ടിക തയാറാക്കുന്നതിനാലാണ് അർഹർ പുറത്താകുന്നത്. പുഞ്ചിരിമട്ടത്ത് 20ലധികവും മുണ്ടക്കൈയിൽ 50ഉം ചൂരൽമല സ്കൂൾ റോഡിന് മുകളിലെ പടവെട്ടിക്കുന്നിലെ 37ഓളം കുടുംബങ്ങളുമടക്കം പട്ടികയിൽ നിന്ന് പുറത്താകുന്ന അവസ്ഥയാണ്.
50 മീറ്റർ പരിധിക്ക് പുറത്തുള്ള, എന്നാൽ ദുരന്തഭൂമിയിൽ തുടർവാസം സാധ്യമല്ലാത്ത ഇടങ്ങളിലുള്ളവരാണിവർ. ഇത്തരം സ്ഥലങ്ങളിലെ അടിസ്ഥാനസൗകര്യങ്ങൾ ദുരന്തത്തിൽ പാടെ തകർന്നിട്ടുണ്ട്. വന്യമൃഗശല്യവും രൂക്ഷവുമാണ്. ദുരന്തമേഖലയിലെ മുഴവൻ കുടുംബങ്ങളെയും പുനരധിവസിപ്പിക്കണമെന്നാണ് അതിജീവിതരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.