കനത്ത മഴയിൽ കൃഷി നശിച്ച മുട്ടിൽ പഞ്ചായത്തിലെ വാഴത്തോട്ടങ്ങളിലൊന്ന്

വേനൽമഴ: വയനാട്ടിൽ 25.74 കോടിയുടെ കൃഷിനാശം

കൽപറ്റ: ജില്ലയിൽ കഴിഞ്ഞ കുറെ ദിവസങ്ങളിലായി പെയ്ത കനത്ത വേനൽമഴയിലും കാറ്റിലും കാർഷികമേഖലക്ക് കനത്ത നഷ്ടം. കാർഷിക വകുപ്പിന്റെ പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം ജില്ലയിൽ 25.74 കോടി രൂപയുടെ വിളനാശം സംഭവിച്ചതായാണ് കണക്ക്.

പച്ചക്കറികൾ, വാഴ, റബർ, കവുങ്ങ്, തെങ്ങ് തുടങ്ങിയ വിളകൾക്കാണ് കൂടുതൽ നാശം സംഭവിച്ചത്. കണിയാമ്പറ്റ, പനമരം, തരിയോട്, നൂൽപുഴ, കോട്ടത്തറ, പടിഞ്ഞാറത്തറ, മുട്ടിൽ, തവിഞ്ഞാൽ, വെള്ളമുണ്ട, പൂതാടി ഗ്രാമപഞ്ചായത്തുകളിലാണ് കൂടുതൽ നാശനഷ്ടം സംഭവിച്ചതെന്ന് കൃഷിവകുപ്പ് അധികൃതർ പറഞ്ഞു. ജില്ലയിലെ 3489 കർഷകരെയാണ് വേനൽമഴ പ്രതികൂലമായി ബാധിച്ചത്.

ജില്ലയിലെ വാഴക്കർഷകർക്കാണ് കൂടുതൽ നഷ്ടം സംഭവിച്ചത്. 200ലേറെ ഹെക്ടറിൽ കൃഷിചെയ്ത കുലച്ചതും അല്ലാത്തതുമായ 4,82,395 വാഴകൾ കാറ്റിൽ നിലംപൊത്തി.

2443 വാഴക്കർഷകർക്കായി 25.14 കോടിയുടെ നഷ്ടമാണ് സംഭവിച്ചത്. ഇതിനുപുറമെ ജില്ലയിൽ 3271 കവുങ്ങുകൾ നിലംപൊത്തി. 184 തെങ്ങുകളും നശിച്ചു. 1220 റബർ മരങ്ങളും വീണുപോയി. നാലു ഹെക്ടറിലെ നെൽകൃഷി നശിച്ചപ്പോൾ 9.8 ഹെക്ടറിലെ മരച്ചീനി കൃഷിയെയും മഴയും കാറ്റും ദോഷകരമായി ബാധിച്ചതായും അധികൃതർ പറഞ്ഞു.

പാലക്കമൂലയിൽ വീടിന്റെ മേൽക്കൂര തകർന്ന നിലയിൽ

മീനങ്ങാടിയിൽ വ്യാപക നാശനഷ്ടം

സുൽത്താൻ ബത്തേരി: ബുധനാഴ്ച മൂന്ന് മണിയോടെ തുടങ്ങിയ ശക്തമായ കാറ്റിലും മഴയിലും മീനങ്ങാടി പ്രദേശത്ത് വ്യാപക നാശനഷ്ടം.

ചെണ്ണാളി ഹബീബ മൻസിലിൽ ഫൗജാമയുടെ വീടിന്റെ മേൽക്കൂര കാറ്റിൽ തകർന്നു. ചീരാംകുന്ന് കണിയാമ്പടിക്കൽ യോഹന്നാൻ, ചെന്നാളി റിയാസ്, പാലക്കമൂല മാമുണ്ണിത്തൊടി ഹംസ, കൊരളമ്പം സുജിന എന്നിവരുടെ വീടിന്റെ മേൽക്കൂര ഭാഗികമായി കാറ്റെടുത്തു.

പ്രദേശങ്ങളിൽ വൈദ്യുതി വിതരണവും തടസ്സപ്പെട്ടു. മീനങ്ങാടി ടൗണിനടുത്ത് സ്‌റ്റേഡിയം റോഡിലും വീടിന്റെ മേൽക്കൂര തകർന്നു.

Tags:    
News Summary - 25.74 crore crop damage due to summer rains

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.