കൽപറ്റ പുതിയ ബസ് സ്റ്റാൻഡിലെ നായ്ക്കൂട്ടം
കല്പറ്റ: ജില്ലയിലെ പലയിടങ്ങളിലും തെരുവുനായ്ക്കൾ ജീവന് ഭീഷണിയായിട്ടും നടപടികളില്ലാതെ അധികൃതർ. വ്യാഴാഴ്ച മാത്രം 11 പേരാണ് നായുടെ കടിയേറ്റതിനെ തുടർന്ന വിവിധ ആശുപത്രികളിൽ ചികിത്സ തേടിയെത്തിയത്. കൽപറ്റ നഗരത്തിലും ജില്ലയിലെ പ്രധാന ടൗണുകളിലും ഗ്രാമ പ്രദേശങ്ങളിലും തെരുവുനായ്ക്കള്‍ കൂട്ടമായി തമ്പടിക്കുകയും പലപ്പോഴും മനുഷ്യനന്റെയും വളർത്തു മൃഗങ്ങളുടേയും ജീവന് ഭീഷണിയാണ്.
രാവിലെ മദ്റസകളിലും സ്കൂളുകളിലും പോകുന്ന വിദ്യാർഥികൾക്ക് നേരെ നായ്ക്കളുടെ നിരന്തര ആക്രമണമുണ്ടാകുന്നു. കഴിഞ്ഞ ദിവസം കണ്ണൂരില്‍ തെരുവുനായ്ക്കള്‍ കുട്ടിയെ ആക്രമിക്കുന്ന ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ കുട്ടികളെ സ്കൂളില്‍ പറഞ്ഞയക്കാനും രക്ഷിതാക്കള്‍ ഭയപ്പെടുകയാണ്.
വിവിധ പ്രദേശങ്ങളില്‍ നായ്ക്കള്‍ ഇരുചക്ര വാഹനങ്ങളുടെ പിന്നാലെ ഓടി യാത്രക്കാര്‍ അപകടത്തില്‍പ്പെടുന്നതും നിത്യസംഭവമാണ്. കല്പറ്റ നഗരത്തിലും ഇടവഴികളിലും കൂട്ടമായി നിലയുറപ്പിക്കുന്ന നായ്ക്കള്‍ ഇതുവഴി പോകുന്ന കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും നേരെ പാഞ്ഞടുക്കുന്നതും സ്ഥിരംകാഴ്ചയാണ്.
പുൽപള്ളി ഗവ. ഹോസ്പിറ്റല്‍, പൊലീസ് സ്റ്റേഷന് പരിസരം തുടങ്ങിയ സ്ഥലങ്ങളിൽ നില ഉറപ്പിക്കുന്ന തെരുവുനായ്ക്കള്‍ രാവിലെ ആരാധനാലയങ്ങില് പോകുന്നവര്‍ക്കും നടക്കാന്‍ ഇറങ്ങുന്നവര്‍ക്കും വിവിധ ആവശ്യങ്ങള്‍ക്ക് ടൗണില്‍ ഇറങ്ങുന്നവര്‍ക്കും ഭീഷണിയാണ്. സുൽത്താൻ ബത്തേരി, മാനന്തവാടി നഗരങ്ങളിലും തെരുവുനായ് ശല്യം രൂക്ഷമാണ്.
കമ്പളക്കാട് ടൗണില്‍ തെരുവുനായ് ശല്യം കാരണം ജനങ്ങൾക്ക് ബസ് സ്റ്റാന്‍ഡില്‍ കയറാന്‍ പോലും പറ്റാത്ത അവസ്ഥയാണ്. വഴിയോരത്തു തള്ളുന്ന ഭക്ഷണാവശിഷ്ടങ്ങളും അറവു മാലിന്യവും മറ്റും തിന്നാന്‍ കൂട്ടത്തോടെ എത്തുന്ന നായ്ക്കളാണ് പിന്നീട് ശല്യക്കാരായി മാറുന്നത്.
കല്ലോടി: എടവക ഗ്രാമപഞ്ചായത്തിലെ 19ാം വാര്‍ഡില്‍ താഴെ കല്ലോടിയില്‍ തെരുവുനായ്ക്കൾ ആടുകളെ കൊന്നു. കഴിഞ്ഞ ദിവസം രാത്രി പ്രദേശവാസിയായ കൊഴിഞ്ഞലേരി ഉഷ കേളുവിന്റെ ആറുമാസം പ്രായമുള്ള രണ്ട് ആട്ടിന്കുട്ടികളെയാണ് തെരുവ് നായ്ക്കള്‍ കൊന്നത്. തെരുവ് നായ്ക്കളുടെ ശല്യം കാരണം താഴെ കല്ലോടിയിലെ പ്രദേശവാസികള്‍ക്കും സ്കൂള്‍ കുട്ടികള്‍ക്കും തൊഴിലുറപ്പ് തൊഴിലാളികള്‍ക്കും പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ് പ്രദേശത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.