കൽപറ്റ: വയനാട് ജില്ലയിലെ വിവിധ ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസുകളുടെ അക്കൗണ്ടുകളിലായി കണക്കിൽപ്പെടാത്ത 10.25 ലക്ഷം രൂപ. സർക്കാറിന്റെ ധനകാര്യ റിപ്പോർട്ടിലാണ് നിർണായകമായ കണ്ടെത്തൽ. ഈ തുക ഏതെല്ലാം പദ്ധതിക്ക് അനുവദിച്ചതാണെന്ന് വ്യക്തമല്ല. ഓരോ പദ്ധതിക്കായും വിവിധ കാലങ്ങളിൽ അനുവദിച്ച തുകയാണിത്.
കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ട്രൈബൽ വിഭാഗത്തിൽപ്പെടുന്ന അഞ്ച് പേരടങ്ങുന്ന സംഘങ്ങൾക്ക് പണിയായുധങ്ങൾ വാങ്ങുന്നതിനായി ധനസഹായം അനുവദിക്കുന്ന പദ്ധതിയാണ് 'ഗോത്ര ജീവിക' പദ്ധതി. നൂൽപ്പുഴ ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസിൽ മൂന്ന് അക്കൗണ്ടുകളും ചിങ്ങേരി ഓഫിസിൽ രണ്ട് അക്കൗണ്ടുകളും പിണങ്ങോട് ഓഫിസിൽ ഒരു അക്കൗണ്ടുമാണ് നിലവിലുള്ളത്.
സംഘങ്ങൾ രൂപീകരിച്ച് ബാങ്ക് അക്കൗണ്ടുകൾ ആരംഭിച്ചതല്ലാതെ തുടർ പ്രവർത്തനങ്ങളൊന്നും നടന്നിട്ടില്ല. ഇപ്പോൾ ഈ സംഘങ്ങൾ പ്രവർത്തനരഹിതവുമാണ്. ഈ പദ്ധതിയുടെ പേരിൽ ജില്ലയിൽ 23,10,172 രൂപ നിഷ്ക്രിയമായിരിക്കുകയാണെന്ന് പരിശോധനയിൽ കണ്ടെത്തി. നൂൽപ്പുഴ, ചീങ്ങേരി, പിണങ്ങോട് എന്നീ ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസുകളിലെ ബാങ്ക് അക്കൗണ്ടുകളിലാണ് ഗോത്ര ജീവിക പദ്ധതിയുടെ ഫണ്ട് കണ്ടെത്തിയത്.
തെരഞ്ഞെടുക്കപ്പെട്ട പത്ത് ഗ്രാമപഞ്ചായത്തുകളിലെ പട്ടിക വർഗ മേഖലകളിൽ ശുദ്ധജലം ലഭ്യമാക്കുന്നതിന് 2002-2003 സാമ്പത്തിക വർഷത്തിൽ ആരംഭിച്ച കേന്ദ്ര സംസ്ഥാന പദ്ധതിയാണ് 'ഗിരിധാര' പദ്ധതി. 2002 മുതൽ 2006 വരെയാണ് പദ്ധതി നടപ്പിലാക്കിയത്. 10,000 ലിറ്റര്‍ ശേഷിയുള്ള മഴവെള്ള സംഭരണിയാണ് ജില്ലയിലെ ആദിവാസി കുടുംബങ്ങള്‍ക്കും സ്കൂള്‍ അംഗൻവാടികള്‍ക്കും തദ്ദേശ വകുപ്പിലായി നിര്‍മിച്ചു നല്‍കിയിരുന്നത്.
ഗോത്ര വിഭാഗത്തിന് മഴവെള്ള സംഭരണി നിര്‍മിക്കാൻ 12,000 രൂപ സൗജന്യമായാണ് നല്‍കിയത്. വീടിന്റെ മേല്‍ക്കൂരയില്‍ വീഴുന്ന ജലം പൈപ്പിലൂടെ ജല സംഭരണിയിലെത്തിച്ച് ഉപയോഗിക്കുന്ന പദ്ധതിയായിരുന്നു ഗിരിധാര. എന്നാല്‍, വീടുകളില്‍ സ്ഥാപിച്ച സംഭരണി നിലവിലുണ്ടെങ്കിലും ജലസംഭരണികൾ ഉപയോഗശൂന്യമാണ്. ഗുണഭോക്തൃ വിഹിതമുൾപ്പെടെ 16.63 കോടി രൂപയാണ് അടങ്കൽ തുക. നടത്തിപ്പുമായി ബന്ധപ്പെട്ട് വ്യാപക പരാതികൾ ഉയർന്നതിനെതുടർന്ന് പദ്ധതി പൂർത്തീകരിച്ചിട്ടില്ല. പദ്ധതിക്കായി 9,36,82,300 രൂപ ചെലവഴിച്ചിരുന്നു.
ബാക്കി തുകയായ 2,63,44,680 രൂപ സംയോജിത പട്ടികവർഗ വികസന പ്രോജക്ട് ഡയറക്ടറുടെ പേരിൽ കനറാ ബാങ്ക് കൽപറ്റ ബ്രാഞ്ചിലെ അക്കൗണ്ടിൽ നീക്കിയിരിപ്പുള്ളതായി കണ്ടെത്തി. ഈ അക്കൗണ്ടിലെ ഇടപാടുകൾ നിലവിൽ മരവിപ്പിച്ചിട്ടുണ്ട്. വയനാട് ജില്ലയിൽ വിവിധ ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസുകളിലെ ബാങ്ക് അക്കൗണ്ടുകളിലെ തുകകളിൽ പലിശയിനത്തിൽ 1,31,927 രൂപ ആർജിച്ചിട്ടുള്ളതായും പുൽപള്ളി ടി.ഇ.ഒയിൽ ഇ.എം.എസ് ഭവന പദ്ധതിയുമായി ബന്ധപ്പെട്ട് രണ്ട് അക്കൗണ്ടുകളിലായി 4,10,508 രൂപ അവശേഷിക്കുന്നതായും കണ്ടെത്തി. ഈ തുക സർക്കാറിലേക്ക് തിരിച്ചടക്കണമെന്നും റിപ്പോർട്ടിൽ ശിപാർശയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.