കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട നൗഷാദലിയുടെ
മൃതദേഹം സൂക്ഷിച്ച സ്ഥലത്ത് തടിച്ചുകൂടിയ ജനം
ഗൂഡല്ലൂർ: ശനിയാഴ്ച വൈകീട്ട് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട വി.പി. നൗഷാദലിയുടെ (38) മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. കാട്ടാനയെ പിടികൂടുക, ബന്ധുക്കൾക്ക് ഉചിതമായ നഷ്ടപരിഹാരം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുമായി ബന്ധുക്കളും പ്രദേശവാസികളും മൃതദേഹം വിട്ടുകൊടുക്കാതെ പള്ളിക്ക് സമീപം പ്രതിരോധം തീർക്കുകയായിരുന്നു.
പൊലീസ് പടയും വനപാലകരും അധികൃതരുമെത്തി ചർച്ച നടത്തിയെങ്കിലും ആനയെ പിടികൂടാമെന്ന ഉറപ്പ് ലഭിക്കാതെ തങ്ങൾ പിന്മാറില്ലെന്നും ഉചിതമായ നഷ്ടപരിഹാരത്തിന്റെ ഉറപ്പ് ലഭിക്കണമെന്നുമാവശ്യപ്പെട്ട് ഞായറാഴ്ച വൈകീട്ട് മൂന്നരവരെ ഉപരോധം തുടർന്നു. തുടർന്ന് സബ് ഡിവിഷനൽ മജിസ്ട്രേറ്റും ഗൂഡല്ലൂർ ആർ.ഡി.ഒയുമായ മുഹമ്മദ് ഖുദ്റത്തുള്ള, ഡി.എഫ്.ഒ കൊമ്മുഓംകർ, എ.ഡി.എസ്.പി മോഹൻ നിവാസ്, ഡി.വൈ.എസ്.പി ശെൽവരാജ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും മറ്റു മഹല്ല് പ്രദേശത്തെ പ്രധാനികളുമായി നടത്തിയ ചർച്ചയിൽ നൗഷാദലിയുടെ ഭാര്യ നസീമക്ക് സർക്കാർ ജോലിയും വനം വകുപ്പിന്റെ നഷ്ടപരിഹാരത്തുക അഞ്ചു ലക്ഷം, നീലഗിരി എം.പി, ജില്ല കലക്ടർ എന്നിവരുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ഒരോ ലക്ഷം വീതവും എസ്റ്റേറ്റിന്റെ മൂന്ന് ലക്ഷവും നൗഷാദലിയുടെ ആശ്രിതർക്ക് ലഭിക്കുന്നതോടൊപ്പം ഇൻഷുറൻസ് തുകയും ലഭിക്കും.
വൻ ജനാവലിയുടെ സാന്നിധ്യത്തിൽ സീഫുറം മഹല്ല് ഖബർസ്ഥാനിൽ ഖബറടക്കം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.