കെല്ലൂരിൽ ഡബ്ല്യു.എം.ഒ റസിഡൻഷ്യൽ സ്​കൂൾ ആരംഭിക്കും

കൽപറ്റ: വയനാട് മുസ്​ലിം ഓർഫനേജ് കെല്ലൂർ കാരക്കാമലയിൽ 2022 ജൂണിൽ റസിഡൻഷ്യൽ സ്​കൂൾ ആരംഭിക്കും. എൽ.കെ.ജി മുതൽ 10ാം ക്ലാസ്​ വരെയുള്ള ആൺകുട്ടികൾക്കാണ് പ്രവേശനം. സി.ബി.എസ്​.ഇ സിലബസ്​ അനുസരിച്ച് പഠിക്കുന്ന മറ്റു സംസ്​ഥാനങ്ങളിൽനിന്നുള്ള കുട്ടികൾക്കും പ്രവേശനം നൽകും. ഇത് സംബന്ധിച്ച് കെല്ലൂർ അഞ്ചാംമൈലിൽ ചേർന്ന ഡബ്ല്യു.എം.ഒ മാനേജ്മെന്റ് കമ്മിറ്റി യോഗത്തിൽ ജോ. സെക്രട്ടറി മായൻ മണിമ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം.എ. മുഹമ്മദ് ജമാൽ ഉദ്ഘാടനം ചെയ്തു. ജോ. സെക്രട്ടറി കെ. മുഹമ്മദ് ഷാ മാസ്റ്റർ, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ കെ. അഹ്മദ് മാസ്റ്റർ, അണിയാരത്ത് മമ്മൂട്ടി ഹാജി, വി. ഹസൈനാർ, പടയൻ അമ്മത് ഹാജി, സി. മമ്മു ഹാജി, പി.സി. ആലിക്കുട്ടി ഹാജി, എം. അബ്ദുൽ അസീസ്​ മാസ്റ്റർ, ചെമ്പൻ ഉസ്​മാൻ ഹാജി, എടവെട്ടൻ മമ്മൂട്ടി ഹാജി എന്നിവർ സംസാരിച്ചു. കെല്ലൂർ ചേരിയംകൊല്ലി റോഡിൽ കാരക്കാമലയിൽ മുൻ എം.എൽ.എ സി. മമ്മൂട്ടി വയനാട് മുസ്​ലിം ഓർഫനേജിന് ദാനമായി നൽകിയ സ്​ഥലത്താണ് രണ്ട് നിലയിൽ നിർമിച്ച കെട്ടിടത്തിൽ റസിഡൻഷ്യൽ സംവിധാനം ആരംഭിക്കുന്നത്. ഇന്റർവ്യൂവിന്റെ അടിസ്​ഥാനത്തിലാണ് പ്രവേശനം. സി.ബി.എസ്​.ഇ അംഗീകാരമുള്ള വെള്ളമുണ്ട ഇംഗ്ലീഷ് അക്കാദമിയിലായിരിക്കും ക്ലാസുകൾ. കെല്ലൂരിൽ വിശാലമായ കളിമുറ്റവും ചിൽഡ്രൻസ്​ പാർക്കും റീഡിങ് റൂമും സജ്ജമായി വരുകയാണ്. കൺവീനർ ചക്കര ആവ ഹാജി സ്വാഗതവും മഹല്ല് സെക്രട്ടറി സുബൈർ നന്ദിയും പറഞ്ഞു. ------------ പൂതാടി പഞ്ചായത്ത് സെക്രട്ടറിയെ സസ്‌പെൻഡ് ചെയ്യണം -ബി.ജെ.പി കൽപറ്റ: സംസ്ഥാന ഓഡിറ്റ് വകുപ്പ് പൂതാടി ഗ്രാമപഞ്ചായത്തിൽ നടത്തിയ ഓഡിറ്റിൽ വ്യാപക സാമ്പത്തിക ക്രമക്കേടുകളും ചട്ടവിരുദ്ധ നടപടിക്രമങ്ങളും കണ്ടെത്തിയ സാഹചര്യത്തിൽ പഞ്ചായത്തിലെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് സമഗ്ര വിജിലൻസ് അന്വേഷണം നടത്തണമെന്ന് ബി.ജെ.പി ജില്ല ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. അഴിമതിക്ക് കൂട്ടുനിന്ന പഞ്ചായത്ത് സെക്രട്ടറിയെ സസ്‌പെൻഡ് ചെയ്ത് അന്വേഷണം നടത്തണം. 2020-21 സാമ്പത്തിക വർഷത്തിലെ ബജറ്റ് പോലും അപൂർണമായാണ് അവതരിപ്പിച്ചത് എന്നത് കുറ്റകരമായ അനാസ്ഥയാണ്. വിവധ പദ്ധതികളിൽ അഴിമതി നടത്തിയവരെ നിയമപരമായി ശിക്ഷിക്കണം. ക്രമക്കേടിനും അഴിമതിക്കും നേതൃത്വം നൽകിയ പഞ്ചായത്ത് മുൻ പ്രസിഡന്റ് സി.പി.എമ്മിലെ രുക്മിണി സുബ്രഹ്മണ്യൻ ഭരണസമിതി അംഗത്വം രാജിവെക്കണം. അഴിമതി ഭരണം നടത്തുന്ന പ്രസിഡന്റ് യു.ഡി.എഫിലെ മേഴ്‌സി സാബുവും പദവി ഒഴിഞ്ഞ് അന്വേഷണത്തെ നേരിടണം. 20, 21 തീയതികളിൽ ബി.ജെ.പി ജില്ല പ്രസിഡന്റ് കെ.പി. മധുവിന്റെ നേതൃത്വത്തിൽ പഞ്ചായത്തിൽ കുത്തിയിരിപ്പ് സമരം നടത്തും. ജില്ല പ്രസിഡന്റ് കെ.പി. മധു, പുൽപള്ളി മണ്ഡലം പ്രസിഡന്റ് സിനീഷ് വാകേരി, സ്മിത സജി, ഒ.കെ. തങ്കമണി എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. Inner Box 'സ്മൃതി ഇറാനിയുടെ സന്ദർശനം: എം.എൽ.എമാർ പങ്കെടുക്കാതിരുന്നത് കലക്ടറുടെ അനാസ്ഥ കൊണ്ട്' കൽപറ്റ: കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ വയനാട് സന്ദർശനത്തിൽ എം.എൽ.എമാർ പങ്കെടുക്കാതിരുന്നത് ജില്ല കലക്ടറുടെ അനാസ്ഥ കൊണ്ടാണെന്ന് ബി.ജെ.പി നേതാക്കൾ. വിഷയത്തിൽ കലക്ടർ മന്ത്രിയുടെ ഓഫിസിലേക്ക് കത്തയച്ചിട്ട് മറുപടി ലഭിച്ചില്ല എന്ന തരത്തിലുള്ള മുടന്തൻ ന്യായങ്ങൾ പറയുന്നത് ഭരണകക്ഷിയെ ഭയന്നിട്ടാണെന്നും വാർത്തസമ്മേളനത്തിൽ ജില്ല പ്രസിഡന്റ് കെ.പി. മധു പറഞ്ഞു. ---------- എസ്.ഡി.പി.ഐ പ്രചാരണ കാമ്പയിൻ കൽപറ്റ: 'ബി.ജെ.പി വംശഹത്യാ രാഷ്ട്രീയത്തിനെതിരെ ഐക്യപ്പെടുക, ഇരകളും വേട്ടക്കാരും തുല്യരല്ല' എന്ന പ്രമേയമുയർത്തി എസ്.ഡി.പി.ഐ മേയ് 10 മുതൽ 31 വരെ നടത്തുന്ന സംസ്ഥാന കാമ്പയിനിന്റെ ഭാഗമായി വയനാട്ടിൽ വിപുലമായ പ്രചാരണ പരിപാടികൾ നടത്തുമെന്ന് ജില്ല പ്രസിഡന്റ് അഡ്വ. കെ.എ. അയ്യൂബ് വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. ജില്ലതല ഉദ്ഘാടനം മേയ് 16ന് വൈകീട്ട് നാലിന് മാനന്തവാടിയിൽ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഉസ്മാൻ നിർവഹിക്കും. സാമ്പ്രദായിക രാഷ്ട്രീയ പാര്‍ട്ടികളും പ്രസ്ഥാനങ്ങളും ആർ.എസ്.എസിനെയും എസ്.ഡി.പി.ഐയെയും സമീകരിക്കാന്‍ നടത്തുന്ന അമിതാവേശത്തെ തുറന്നുകാട്ടുന്നതിനാണ് കാമ്പയിൻ. 1925ല്‍ രൂപവത്കൃതമായ ആർ.എസ്.എസിന് രാജ്യവ്യാപക വംശീയ ഉന്മൂലന കലാപത്തിന്റെയും അക്രമങ്ങളുടെ ചരിത്രം മാത്രമാണ് പറയാനുള്ളത്. കേന്ദ്രഭരണം കൈക്കലാക്കിയതു മുതല്‍ രാജ്യത്തിന്റെ ഭരണഘടനയും ജനാധിപത്യവും ഫെഡറലിസവും സമ്പൂര്‍ണമായി അട്ടിമറിക്കാനുള്ള ശ്രമമാണ് ഫാഷിസ്റ്റുകൾ നടത്തുന്നത്. രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങളുടെയും പേടിസ്വപ്‌നമായ ആർ.എസ്.എസിനെയും അവരുടെ അക്രമത്തിന് ഇരയാകുന്നവരെയും സമീകരിക്കാനുള്ള ശ്രമങ്ങൾ അപകടകരമാണ്. കാമ്പയിനിന്റെ ഭാഗമായി പൊതുസമ്മേളനങ്ങള്‍, ലഘുലേഖ വിതരണം, ഹൗസ് കാമ്പയിന്‍, പോസ്റ്റര്‍ പ്രചാരണം ഉള്‍പ്പെടെയുള്ളവ സംഘടിപ്പിക്കുമെന്നും അയ്യൂബ് പറഞ്ഞു. ജില്ല ജനറല്‍ സെക്രട്ടറി ടി. നാസർ, ട്രഷറർ കെ. മഹ്റൂഫ്, മീഡിയ കോഓഡിനേറ്റർ ടി.പി. റസാക്ക് എന്നിവരും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.