മട്ടാഞ്ചേരി: അതീവ സുരക്ഷിത മേഖലയായ കൊച്ചി തുറമുഖത്ത് നിന്ന് റെയിൽവേ പാളം മോഷണം പോയ സംഭവവും തുടർനടപടികളിലും ദുരൂഹത. അര കിലോമീറ്ററോളം നീളത്തിൽ ഉരുക്കു പാളങ്ങൾ മോഷണം പോയിട്ടും സംഭവം പോർട്ട് അധികൃതരോ റെയിൽവേയോ അറിഞ്ഞില്ല.
പത്ര വാർത്ത വന്നശേഷമാണ് മോഷണ വിവരം വെളിച്ചത്താകുന്നത്. സംഗതി വിവാദമായതോടെ കാണാതായ ലൈനിന്റെ ഉത്തരവാദിത്വത്തിൽ നിന്നും റെയിൽവേ പതുക്കെ കൈയ്യൊഴിഞ്ഞു. എന്നാൽ റെയിൽ സംരക്ഷണ സേന നടത്തിയ അന്വേഷണത്തിൽ രണ്ടു ദിവസങ്ങൾക്ക് മുമ്പാണ് മുറിച്ച 40 ഓളം ഇരുമ്പു റെയിൽ പാള കഷ്ണങ്ങളും മോഷ്ടാക്കളും പിടിയിലായത്. അര കിലോമീറ്റർ നീളമുള്ള റെയിൽ പാളം തുറമുഖ സുരക്ഷാ മേഖലയിൽ നിന്നാണ് മോഷ്ടാക്കൾ മുറിച്ചുനീക്കിയതെന്നാണ് ആർ.പി.എഫ് ഹൗസ് ഓഫീസർ പറയുന്നത്. തുറമുഖത്തെ എറണാകുളം വാർഫിലെ ക്യൂ 9 ബെർത്തിനു സമീപത്ത് നിന്നും പത്ത് വർഷം മുമ്പ് ഡീകമ്മീഷൻ ചെയ്ത റെയിൽ പാളം മോഷണം പോയത് തുറമുഖ സുരക്ഷയിലുള്ള സി.ഐ.എസ്.എഫിന്റെ ഗുരുതര വീഴ്ചയാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. അതീവ സുരക്ഷാ മേഖലയിൽ അര കിലോമീറ്റർ നീളത്തിൽ പാളം മുറിച്ചുമാറ്റി കൊണ്ടു പോകുവാൻ മോഷ്ടാക്കൾ നടത്തിയ ശ്രമങ്ങൾ സുരക്ഷാ സേന കണ്ടില്ലെന്ന വാദം കനത്ത സുരക്ഷാ വീഴ്ചയിലേക്കാണ് വിരൽ ചുണ്ടുന്നത്. തുറമുഖ ചുറ്റുവളപ്പിൽ നിന്നും പരിശോധന കവാടങ്ങൾ കടന്ന് പോയിട്ടും അറിയാത്തത് ആശ്ചര്യജനകമാണെന്നാണ് നാട്ടുകാർ പറയുന്നത്. പിടിക്കപ്പെട്ട മോഷ്ടാക്കൾ തുറമുഖത്തെ കരാർ തൊഴിലാളികളായിരുന്നു.
എന്നാൽ റെയിൽ മോഷണത്തിന് പിന്നിൽ വൻ മോഷണ സംഘമുണ്ടെന്നാണ് തുറമുഖ തൊഴിലാളികളിൽ ഒരു വിഭാഗം പറയുന്നത്. തമിഴ്നാട്ടിലെ ആക്രി കടയിൽ വിൽക്കാൻ പാളം മുറിച്ച വിഷയത്തിൽ റെയിൽവേ ഡിവിഷണൽ വിഭാഗം തുടരന്വേഷണം നടത്തണമെന്നാവശ്യവും ഉയർന്നിട്ടുണ്ട്. കൊച്ചി തുറമുഖത്തെ പാളം മോഷണത്തിന് പിന്നിൽ വൻ സംഘമുണ്ടെന്ന ആരോപണമാണുയരുന്നത്. ഇവരെ വെളിച്ചത്ത് കൊണ്ടുവരണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.