കിഴക്കമ്പലം: മഴ കനത്തതോടെ കിഴക്കമ്പലം-പട്ടിമറ്റം റോഡ് വഴിയുള്ള യാത്ര ദുരിതമായി. ഈ വഴിയിൽ ആയിരത്തോളം കുട്ടികൾ പഠിക്കുന്ന രണ്ട് സ്കൂളുണ്ട്. ഇവിടേക്ക് വിദ്യാർഥികളുടെ യാത്ര ദുരിതപൂർണമാണ്. നിർമാണ ജോലികൾ വേഗത്തിൽ പൂർത്തീകരിക്കണമെന്ന് ഹൈകോടതി നിർദേശിച്ചിട്ടും റോഡ് അറ്റകുറ്റപ്പണിക്കുള്ള പ്രാരംഭ നടപടിപോലും കരാറുകാരൻ ആരംഭിച്ചിട്ടില്ല.
ഞാറള്ളൂർ ബേത്ലഹേം ദയറ സ്കൂൾ മാനേജ്മെന്റും കേസിൽ കക്ഷി ചേർന്നിട്ടുണ്ട്. ടെൻഡർ നടപടികൾ പൂർത്തീകരിച്ചിട്ടും റോഡ് നിർമാണം ആരംഭിക്കാനുള്ള ശ്രമം പൊതുമരാമത്ത് വകുപ്പിെൻറ ഭാഗത്തുനിന്ന് ഇല്ല. ജനപ്രതിനിധികളും വേണ്ടത്ര ഉത്സാഹിക്കുന്നില്ലെന്ന പരാതി നാട്ടുകാർക്കുണ്ട്.
കിഴക്കമ്പലം മുതൽ പട്ടിമറ്റം വരെയുള്ള റോഡിന് 1.34 കോടിയുടെ എസ്റ്റിമേറ്റാണ് തയാറാക്കിയത്. വർക്ക് ഓർഡർ കരാറുകാരന് നൽകി. മഴ മാറുന്ന മുറക്ക് നിർമാണ ജോലികൾ ആരംഭിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് പറയുന്നുണ്ടെങ്കിലും എന്ന് എന്നതിൽ കൃത്യതയില്ല.
കുഴി നിറഞ്ഞ് ഒരു രീതിയിലും സഞ്ചരിക്കാൻ കഴിയാത്ത സാഹചര്യമാണ് റോഡിൽ. മഴക്കാലമായതോടെ വെള്ളം നിറഞ്ഞ് കിടക്കുന്നതിനാൽ ഒട്ടേറെ ഇരുചക്ര വാഹന യാത്രികരും മറ്റും അപകടത്തിൽപെടുന്നുണ്ട്. ഇതിനിടയിൽ 10 വർഷമായി തകർന്ന് കിടക്കുന്ന റോഡ് അറ്റകുറ്റപ്പണികൾ നടത്തി തലയൂരാനുള്ള ശ്രമമാണ് അധികൃതർ നടത്തുന്നതെന്ന ആക്ഷേപവും ശക്തമാണ്. റോഡ് ഉന്നത നിലവാരത്തിൽ ടാറിങ് നടത്തി സഞ്ചാരയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.