തിരുവനന്തപുരം: സ്ഥാപനത്തിന്റെ സാമ്പത്തിക ബാധ്യത ഉയരുകയും വരുമാനത്തിൽ വർധന പ്രകടമാവുകയും ചെയ്യാത്ത സാഹചര്യത്തിൽ ജലവിതരണത്തിനപ്പുറമുള്ള വരുമാന സാധ്യതകൾ പ്രയോജനപ്പെടുത്താനുള്ള നടപടികൾ വേഗത്തിലാക്കി ജല അതോറിറ്റി. ജലേതര വരുമാനം വർധിപ്പിക്കാനുള്ള പൊതുസ്വകാര്യ പങ്കാളിത്ത (പി.പി.പി), ബിൽഡ് ഓപറേറ്റ് ട്രാൻസ്ഫർ (ബി.ഒ.ടി) പദ്ധതികൾ കാലതാമസം കൂടാതെ നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്.
ഇതുസംബന്ധിച്ച പഠനത്തിനായി കൺസൽട്ടൻസിയെ നിയമിക്കാൻ കഴിഞ്ഞ ജൂണിൽ തീരുമാനമെടുത്തിരുന്നു. കൺസൽട്ടൻസിയെ കണ്ടെത്താൻ താൽപര്യപത്രവും ക്ഷണിച്ചു. എന്നാൽ വിഞ്ജാപനത്തിലെ വ്യവസ്ഥകൾ പ്രകാരമുള്ള കൺസൽട്ടൻസിയെ കണ്ടെത്താനായില്ല. തുടർന്ന് വീണ്ടും താൽപര്യപത്രം ക്ഷണിച്ചിട്ടുണ്ട്.
കൺസൽട്ടൻസിയെ ഉടൻ നിയമിച്ച് നടപടികൾ ഊർജിതമാക്കണമെന്ന നിലപാടാണ് ജലവിഭവ വകുപ്പിനുമുള്ളത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒഴിഞ്ഞുകിടക്കുന്ന ജല അതോറിറ്റി ഭൂമി ലാഭകരമായി എങ്ങനെ വിനിയോഗിക്കാമെന്ന പഠനമാണ് കൺസൽട്ടൻസി മുഖ്യമായും നടത്തുക. ജലവിതരണവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ കഴിഞ്ഞുള്ള ഭൂമിക്ക് അനുയോജ്യമായ വാണിജ്യ സാധ്യത കണ്ടെത്തൽ, ഡി.പി.ആർ തയാറാക്കൽ, പി.പി.പി/ ബി.ഒ.ടി കരാറുകളിൽ ഏർപ്പെടാൻ മാനേജ്മെന്റിനെ സഹായിക്കൽ തുടങ്ങിയവയാണ് കൺസൽട്ടൻസിയുടെ മറ്റ് ഉത്തരവാദിത്തങ്ങൾ. വാണിജ്യകേന്ദ്രങ്ങൾ, റസ്റ്റാറന്റുകൾ, ഗെസ്റ്റ് ഹൗസുകൾ, റിസോർട്ടുകൾ തുടങ്ങിയ ആവശ്യങ്ങൾക്ക് ഭൂമി ഉപയോഗിക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഭൂമി സ്വകാര്യ പങ്കാളിത്ത പദ്ധതികൾക്ക് ഭൂമി കൈമാറുന്നതിനോട് ഭരണപക്ഷ യൂനിയനുകൾക്കടക്കം വിയോജിപ്പുണ്ട്. എന്നാൽ വെള്ളക്കരം കൂട്ടാൻ സാധ്യതയില്ലാത്തതിനാൽ മറ്റ് വരുമാന മാർഗം കണ്ടെത്തൽ അനിവാര്യമാണെന്നാണ് മാനേജ്മെന്റ് വാദം. സർക്കാർ സ്ഥാപനങ്ങളുടെയടക്കം കോടികളുടെ വെള്ളക്കരം കുടിശ്ശികയാണ്. ഏറ്റവുമൊടുവിൽ ജൽജീവൻ മിഷൻ കുടിവെള്ള പദ്ധതിക്കായി 5000 കോടി കടമെടുക്കുന്നതോടെ ധനസ്ഥിതി കൂടുതൽ പരുങ്ങലിലാവും. ഈ സാഹചര്യത്തിൽ വരുമാനവർധനവിനുള്ള എല്ലാ സാധ്യതകളും തേടാനൊരുങ്ങുയാണ് മാനേജ്മെന്റ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.