ഖബീബ് ഖാൻ
വിഴിഞ്ഞത്ത് കത്തിയുമായി യുവാവിന്റെ പരാക്രമം; ഒരാൾക്ക് കുത്തേറ്റു
വിഴിഞ്ഞം: വിഴിഞ്ഞം ടൗൺഷിപ്പിൽ കത്തിയുമായി യുവാവിന്റെ പരാക്രമം. സെയിൽസ്മാനെ കഴുത്തിൽ കുത്തി, മറ്റൊരാളെ കല്ലുകൊണ്ട് എറിഞ്ഞു, ബൈക്ക് യാത്രികനായ യുവാവിന്റെ കഴുത്തിൽ കത്തിവെച്ച് ബൈക്ക് തട്ടിയെടുത്തു. സംഭവത്തിൽ ടൗൺഷിപ് സ്വദേശി ഖബീബ് ഖാൻ (28) അറസ്റ്റിൽ. ഉച്ചയോടെയാണ് സംഭവം.
ടൗൺഷിപ്പിൽ കടയുടെ മുന്നിൽ നിൽക്കുകയായിരുന്ന കാരോട് സ്വദേശി ജഗദീഷിന്റെ (34) കഴുത്തിൽ കത്തികൊണ്ട് കുത്തുകയായിരുന്നു. ‘നീ വിഴിഞ്ഞം പൊലീസ് എസ്.ഐ വിനോദിന്റെ അനുജനാണോ? അതുപോലെയുണ്ടല്ലോ എന്ന് പറഞ്ഞാണ് ജഗദീഷിനെ കുത്തിയത്.
തുടർന്ന് ആക്രമി സമീപത്തെ ക്ഷേത്രത്തിന്റെ സി.സി ടി.വി കാമറകൾ എറിഞ്ഞ് തകർത്തു. ഇതറിഞ്ഞ് എത്തിയ ക്ഷേത്രഭാരവാഹിയായ വിഴിഞ്ഞം ആശുപത്രിക്ക് സമീപം സാരഥിയിൽ താമസിക്കുന്ന ശിവൻകുട്ടിയെ (43) തലക്ക് ചുടുകല്ലുകൊണ്ട് എറിഞ്ഞ് പരിക്കേൽപിച്ചു. തുടർന്ന് ഇയാളുടെ ബൈക്കുമായി പോയി.
ബൈക്ക് ഉപേക്ഷിച്ച ശേഷം മറ്റൊരു ബൈക്ക് യാത്രക്കാരനായ ടൗൺഷിപ് സ്വദേശി അനന്തുവിനെ തടഞ്ഞ് നിർത്തി കഴുത്തിൽ കത്തിവെച്ച് വധഭീഷണി മുഴക്കിയ ശേഷം ബൈക്കുമായി രക്ഷപ്പെട്ടു. ഈ ബൈക്ക് പിന്നീട് പ്രദേശത്തെ ഓടയുടെ സൈഡിൽ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി.
സംഭവമറിഞ്ഞ് എത്തിയ വിഴിഞ്ഞം എസ്.ഐ ജി. വിനോദിന്റെ നേതൃത്വത്തിൽ പ്രതിയുടെ ഒളിത്താവളം വളഞ്ഞ് ഓടിച്ചിട്ട് മൽപ്പിടിത്തത്തിലൂടെ പ്രതിയെ പിടികൂടുകയായിരുന്നു. മറ്റൊരു കേസുമായി ബന്ധപ്പെട്ട് പൊലീസ് പിടികൂടിയ വൈരാഗ്യമാണ് ആക്രമണത്തിന് കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.