തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് ആദ്യ കണ്ടെയ്നർ കപ്പൽ ബെർത്ത് ചെയ്തിട്ട് ഒരാണ്ട്. കഴിഞ്ഞ വർഷം ജൂലൈ 11നാണ് ‘സാൻ ഫെർണാണ്ടോ’ എന്ന കപ്പൽ കണ്ടെയ്നറുകളുമായി വിഴിഞ്ഞത്ത് എത്തിയത്. 2024 ഡിസംബറിൽ കൊമേഴ്സ്യൽ ഓപറേഷൻ ആരംഭിച്ച തുറമുഖത്ത് ഒരു വർഷത്തിനിടെ 392 കപ്പലുകൾ എത്തി.
ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പൽ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ‘എം.എസ്.സി ഐറിന’ ഉൾപ്പെടെ 23 അൾട്രാ ലാർജ് കണ്ടെയ്നർ കപ്പലുകളും ഇക്കൂട്ടത്തിലുണ്ട്. ഐറിന അടക്കം പല കപ്പലുകളും ഇന്ത്യയിൽ ആദ്യമായാണ് ബെർത്ത് ചെയ്തത്.
ഇതുവരെ 8.3 ലക്ഷം കണ്ടെയ്നറുകൾ കൈകാര്യം ചെയ്തു. വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം തുടങ്ങി ആദ്യ മാസങ്ങളിൽ തന്നെ പൂർണ ശേഷിയിൽ പ്രവർത്തനം നടത്തിയ ലോകത്തെ അപൂർവം തുറമുഖങ്ങളിലൊന്നായി വിഴിഞ്ഞം മാറി. ഓട്ടമേഷൻ, എ.ഐ ഉൾപ്പെടെ നൂതന സാങ്കേതികവിദ്യകൾ ഉപയോഗിച്ച് തുറമുഖം പ്രവർത്തിപ്പിക്കാനായത് നേട്ടമായി.
കഴിഞ്ഞ നാല് മാസത്തിനിടെ ഇന്ത്യയിലെ തെക്ക്-കിഴക്കൻ തീരത്തെ തുറമുഖങ്ങളിൽ ഒന്നാമതെത്താനും വിഴിഞ്ഞത്തിന് കഴിഞ്ഞു. പ്രദേശത്തെ വനിതകളെ പരിശീലിപ്പിച്ചു ഇന്ത്യയിലെ ആദ്യ വനിതാ ഓട്ടമേറ്റഡ് ക്രെയിൻ ഓപറേറ്റർമാരാക്കിയത് രാജ്യാന്തര തലത്തിൽ ശ്രദ്ധ നേടി.
ആരോഗ്യം, വിദ്യാഭ്യാസം, നൈപുണ്യ വികസനം ഉൾപ്പെടെ മേഖലകളിലെ സമൂഹിക ഉത്തരവാദിത്ത പദ്ധതികളിലൂടെ ലക്ഷത്തിലേറെ പേരെ പിന്തുണക്കാനും പദ്ധതിയിലൂടെ കഴിഞ്ഞു. ഒന്നാം വർഷം അഭിമാനത്തോടെ ആഘോഷിക്കുന്നതിനൊപ്പം 10000 കോടിയിലേറെ ചെലവ് പ്രതീക്ഷിക്കുന്ന രണ്ടാം ഘട്ട നിർമാണപ്രവർത്തനങ്ങൾ ഉടൻ തുടങ്ങുമെന്ന് തുറമുഖ മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.