അന്‍സജിത റസ്സല്‍, ആതിര ഗ്രേസ്, വിജില
വെള്ളറട: ജില്ല പഞ്ചായത്ത് വെള്ളറട ഡിവിഷനിൽ നടക്കുന്നത് വാശിയേറിയ മത്സരം. ഡിവിഷന് സീറ്റ് നിലനിര്‍ത്താന്‍ യു.ഡി.എഫും തിരിച്ചുപിടിക്കാന്‍ എല്‍.ഡി.എഫും സർവ ശ്രമവും നടത്തുന്നു. പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തിലെ അമ്പൂരി, കോവില്ലൂര്‍, വെള്ളറട, പനച്ചമൂട്, വാഴിച്ചല്‍ ഡിവിഷനുകള്‍ ഉള്‍പ്പെട്ടതാണ് വെള്ളറട ജില്ല ഡിവിഷന്. യു.ഡി.എഫ് സ്ഥാനാർഥിയായി അൻസജിത റസലാണ് ജനവിധി തേടുന്നത്.
ദീർഘകാലം ജില്ല പഞ്ചായത്തിൽ ജനപ്രതിനിധിയായി പ്രവർത്തിച്ച അനുഭവ സമ്പത്ത് അൻസജിതക്കുണ്ട്. ജില്ല പഞ്ചായത്ത് പ്രസിഡന്റായും ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സനായും പ്രവർത്തിച്ചിട്ടുണ്ട്. ക്ഷീര സംഘങ്ങള്‍ക്ക് റിവോൾവിങ് ഫണ്ട് സംവിധാനം, ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്ക് മുച്ചക്ര സ്കൂട്ടർ വിതരണം എന്നിവങ്ങനെ വിവിധ ക്ഷേമപ്രവർത്തനങ്ങൾ നടത്തി. എസ്.എസ്.എല്‍.സി പഠന നിലവാരം ഉയർത്താൻ നടത്തിയ മികച്ച ഇടപെടലടക്കം ജില്ല പഞ്ചായത്തിൽ നടത്തിയ ഇടപെടലുകൾ ഇവർ ചൂണ്ടിക്കാട്ടുന്നു.
ഡിവിഷൻ പിടിക്കാൻ വലിയ ശ്രമമാണ് ഇടതുപക്ഷം നടത്തുന്നത്. സംസ്ഥന സർക്കാറിന്റെ ഭരണനേട്ടവും ഇടതുഭരണത്തിൽ ജില്ല പഞ്ചായത്തിന് കൈവരിക്കാനായ മുന്നേറ്റവുമടക്കം അവർ പ്രചാരണായുധമാക്കുന്നു. ജില്ല പഞ്ചായത്തിലേക്ക് മത്സരിക്കുന്ന യു.ഡി.എഫിന്റെ പ്രധാന സ്ഥാനാർഥിയെ നേരിടാൻ എൽ.ഡി.എഫ് രംഗത്തിറക്കിയിട്ടുള്ളത് അഡ്വ:ആതിരാ ഗ്രേസിനെയാണ്.
ബാലസംഘം, എസ്.എഫ്.ഐ എന്നിവയിലൂടെ പൊതുരംഗത്ത് സജീവമായ അതിരയിലൂടെ വിജയം നേടനാവുമെന്ന് ഇടതുക്യാമ്പുകൾ കരുതുന്നു. അഡ്വ.വിജിലയാണ് ബി.ജെ.പി സ്ഥാനാർഥി. 17 വര്‍ഷമായി മാര്‍ത്താണ്ഡം, നെയ്യാറ്റിന്‍കര, തിരുവനന്തപുരം ബാറുകളില്‍ അഭിഭാഷകയായി സേവനമനുഷ്ഠിക്കുകയാണ് വിജില. മഹിളാ മോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റുകൂടിയാണ്.
സംസ്ഥന സർക്കാർ സ്വീകരിക്കുന്നത് ജനവിരുദ്ധ നയങ്ങളാണെന്ന് ചൂണ്ടിക്കാട്ടിയും ജില്ല പഞ്ചായത്തിലെ ഭരണമാറ്റത്തിന്റെ അനിവരാര്യതയുമടക്കം വിവരിച്ചാണ് ബി.ജെ.പി വോട്ട് തേടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.