വീട് ജപ്തി ചെയ്യാനെത്തിയ ഉദ്യോഗസ്ഥരും പൊലീസും നാട്ടുകാരും
പോത്തൻകോട്: വീട് ജപ്തി ചെയ്യാനെത്തിയ ഉദ്യോഗസ്ഥർക്ക് മുന്നിൽ ആത്മഹത്യ ഭീഷണിയുമായി യുവതി. കോടതി ഉത്തരവുമായി ഉദ്യോഗസ്ഥരെത്തിയപ്പോഴാണ് പോത്തൻകോട് സ്വദേശിനിയായ ശലഭം കുപ്പിയിൽ പെട്രോളുമായി വീട്ടിനുള്ളിൽ ആത്മഹത്യഭീഷണി മുഴക്കിയത്. തുടർന്ന് ജപ്തി നടപടികൾ നിർത്തിവെച്ച് ഉദ്യോഗസ്ഥർ മടങ്ങി.
പോത്തൻകോട് മേരിമാത ജങ്ഷന് സമീപം വ്യാഴാഴ്ച ഉച്ചക്ക് 12ഓടെയായിരുന്നു സംഭവം. പോത്തൻകോട് കൃപ ഭവനിൽ അറുമുഖം (തമിഴ്നാട് സ്വദേശി) കച്ചവട ആവശ്യത്തിന് 2013ൽ എസ്.ബി.ഐ പോത്തൻകോട് ശാഖയിൽനിന്ന് 34 ലക്ഷം രൂപ വായ്പയെടുത്തിരുന്നു. തുടർന്ന് പോത്തൻകോട് ജങ്ഷനിൽ സ്റ്റേഷനറി മൊത്തക്കച്ചവട സ്ഥാപനം തുടങ്ങി. 2014ൽ അറുമുഖം പോത്തൻകോട് നന്നാട്ടുകാവ് സ്വദേശിനി ശലഭത്തെ വിവാഹംചെയ്തു. ബാങ്ക് ലോണുള്ള വിവരം ശലഭത്തിന് അറിയില്ലായിരുന്നു. കച്ചവടം തകർന്ന് തിരിച്ചടവ് മുടങ്ങിയതോടെ 2017ൽ അറുമുഖൻ നാടുവിട്ടു.
2018ൽ ബാങ്ക് അധികൃതർ വീട് ജപ്തി ചെയ്യാൻ എത്തിയപ്പോഴായിരുന്നു ശലഭം ലോൺ വിവരമറിഞ്ഞത്. സ്വർണം വിറ്റ് പലതവണയായി 25 ലക്ഷത്തോളം രൂപ തിരിച്ചടച്ചു.
തിരിച്ചടവ് വീണ്ടും മുടങ്ങിയതോടെയാണ് ജപ്തിക്ക് ബാങ്ക് നടപടി തുടങ്ങിയത്. വ്യാഴാഴ്ച ഉച്ചക്ക് 12നുള്ളിൽ വീട് ഒഴിയണമെന്ന് കോടതി നിയോഗിച്ച അഭിഭാഷക കമീഷൻ ബുധനാഴ്ച ശലഭത്തെ അറിയിച്ചിരുന്നു. ശലഭവും മാതാവും ആറുവയസ്സുള്ള പെൺകുഞ്ഞും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
പോത്തൻകോട് പൊലീസ് അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ശലഭം ആത്മഹത്യഭീഷണിയിൽനിന്ന് പിന്മാറിയില്ല. വെമ്പായം പഞ്ചായത്ത് പ്രസിഡന്‍റ് ബീന ജയൻ, വൈസ് പ്രസിഡന്റ് ജഗന്നാഥൻ പിള്ള, അംഗം എം. നസീർ അടക്കം ജനപ്രതിനിധികൾ അഭിഭാഷകരുമായി സംസാരിച്ചു. കോടതി നടപടികൾ തടസ്സപ്പെടുത്തിയതിന് ശലഭത്തിനെതിരെ പോത്തൻകോട് പൊലീസ് കേസെടുത്തു. കോടതിയുടെ തീരുമാനപ്രകാരം തുടർനടപടി സ്വീകരിക്കുമെന്ന് അഭിഭാഷക കമീഷനും പൊലീസും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.