തിരുവനന്തപുരം: വേനലിനെ പൊള്ളിച്ച് ജില്ലയിൽ ചൂട് കുത്തനെ ഉയരുന്നതിന്റെ ഫലമായി തീപിടിത്തവും വർധിക്കുന്നു. കഴിഞ്ഞ 48 ദിവസത്തിനിടയിൽ ചെറുതും വലുതുമായ 400ഓളം തീപിടിത്തസംഭവങ്ങളാണ് ജില്ലയിൽ ഉണ്ടായതെന്ന് അഗ്നിരക്ഷാസേന അറിയിച്ചു. ദിവസവും എട്ടോളം ഫോൺ കാളുകളാണ് തീപിടുത്തവുമായി ബന്ധപ്പെട്ട് ഓരോ സ്റ്റേഷനിലേക്കുമെത്തുന്നത്. ഈ സാഹചര്യത്തിൽ ജൂൺവരെ തീപിടിത്തം ഒഴിവാക്കാൻ പരമാവധി ശ്രദ്ധപുലർത്തണമെന്ന് അഗ്നിരക്ഷാസേന അറിയിച്ചു.
പറമ്പുകളും കൃഷിയിടങ്ങളും വേനൽക്കാലത്തു വൃത്തിയാക്കി തീയിടുമ്പോൾ ചെറിയ കൂനകളാക്കി കത്തിക്കുക. തീ കത്തിക്കുന്നിടത്ത് വെള്ളം കരുതുക. തീ പൂർണമായും അണഞ്ഞതിനുശേഷം മാത്രം അവിടന്ന് പോവുക. രാവിലെ 11.30 മുതൽ ഉച്ചക്ക് മൂന്നുവരെ തീകത്തിക്കാതിരിക്കുക. ഇലക്ട്രിക്കൽ ലൈനുകൾക്ക് താഴെ തീയിടരുത്. അനാവശ്യമായി സിഗരറ്റ് കുറ്റികൾ, തിരികൾ എന്നിവ പറമ്പുകളിലേക്ക് വലിച്ചെറിയാതിരിക്കുക. പ്ലാസ്റ്റിക്കും മറ്റും കൂട്ടിയിട്ട് കത്തിക്കാതിരിക്കുക. കടകൾ അടക്കുമ്പോഴും തുറക്കുമ്പോഴും നിലവിളക്ക് കത്തിക്കുന്നതും കർപ്പൂരം കത്തിച്ച് ഉഴിയുന്നതും പൂർണമായി അണച്ചെന്ന് ഉറപ്പാക്കണമെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.