അ​ദാ​നി തു​റ​മു​ഖ നി​ർ​മാ​ണം നി​ർ​ത്തി​വെ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ന​ട​ത്തു​ന്ന സ​മ​രം 

സമരാവേശം വാനോളമുയർത്തി മത്സ്യത്തൊഴിലാളികൾ

വിഴിഞ്ഞം: തീരശോഷണത്തിന് കാരണമാകുന്ന അദാനി തുറമുഖ നിർമാണം നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരം രണ്ടാംദിവസവും ആവേശകരമായി തുടർന്നു. നിയന്ത്രണങ്ങളും നിർദേശങ്ങളും മറികടന്ന് പ്രകോപിതരായ സമരക്കാരെ ശാന്തരാക്കാൻ നേതാക്കൾക്കും പൊലീസിനും ഏറെ പണിപ്പെടേണ്ടിവന്നു. സമരം നിരവധി തവണ സംഘർഷത്തിന്റെ വക്കിലെത്തി. സർക്കാറിനെതിരെ മുദ്രാവാക്യം വിളികളുമായി എത്തിയ പ്രവർത്തക സംഘം തുറമുഖത്തേക്കുള്ള റോഡുകൾ അടച്ചിരുന്ന ബാരിക്കേഡുകൾ തള്ളിമറിച്ചിട്ട് റോപ്പുപയോഗിച്ച് വലിച്ച് കൊണ്ടുപോകുമ്പോഴും ബലപ്രയോഗത്തിന് മുതിരാതെ പൊലീസ് സംയമനം പാലിച്ചു. ബുധനാഴ്ച രാവിലെ മുതൽതന്നെ സമരമുഖത്ത് കാര്യങ്ങൾ കൈവിട്ട് പോകുന്ന അവസ്ഥയിലായിരുന്നു.

തുറമുഖ സെക്യൂരിറ്റി രഹസ്യാന്വേഷണ വിഭാഗത്തിലെ ഒരാൾ മാധ്യമപ്രവർത്തകനെന്ന പേരിൽ വിവരങ്ങൾ ശേഖരിക്കാൻ എത്തിയത് പ്രശ്നത്തിനിടയാക്കി. കാര്യങ്ങൾ കൈവിട്ട് പോകുന്ന അവസ്ഥയിൽ എത്തിയതോടെ കസ്റ്റഡിയിൽ എടുത്ത തുറമുഖ ജീവനക്കാരനെ പൊലീസ് വിഴിഞ്ഞം സ്റ്റേഷനിലേക്ക് മാറ്റി. പത്തരയോടെ നേരത്തേ നിശ്ചയിച്ച പ്രകാരം പൂവാർ, പുതിയതുറ ഇടവകകളിൽനിന്നുള്ള നൂറ് കണക്കിന് മത്സ്യത്തൊഴിലാളികൾ സമരപ്പന്തലിൽ എത്തി.

ബാന്റ് മേളത്തിന്റെ അകമ്പടിയോടെ എത്തിയ സംഘത്തിൽ ആവേശപൂർവം എത്തിയവരിൽ ഏറെയും സ്ത്രീകളായിരുന്നു. ഇതിനിടയിൽ സമരക്കാർക്ക് ഭക്ഷണം തയാറാക്കാനുള്ള പാചകപ്പുര തുറമുഖ റോഡിന് വശത്ത് കെട്ടാനുള്ള ശ്രമം തടയാൻ നാട്ടുകാരിൽ ചിലർ ശ്രമിച്ചത് സംഘർഷം മൂർച്ഛിക്കാനിടയാക്കി. കൈയാംകളിയുടെ വക്കിൽ എത്തിയതോടെ പൊലീസും നേതാക്കളായ പുരോഹിതരും ഇടപെട്ടു.

ഏറെനേരത്തെ പരിശ്രമത്തിനൊടുവിൽ രംഗം ശാന്തമായി. എന്നാൽ, തൊട്ടടുത്ത വീട്ടിലേക്ക് പോകാനായി നാട്ടുകാർ രണ്ട് ബൈക്കുകളിൽ ബാരിക്കേഡ് കടക്കാൻ എത്തിയത് വീണ്ടും സംഘർഷത്തിലേക്ക് വഴിതെളിച്ചു. സമരക്കാരിൽനിന്ന് രക്ഷിച്ച സംഘത്തെ പൊലീസ് വലയത്തിൽ സ്ഥലത്തുനിന്ന് മാറ്റി. ഇതിനിടെ ഉച്ചക്ക് പന്ത്രണ്ടരയോടെ സമരത്തിന് പിന്തുണയുമായി സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്റെ പങ്കായ മാർച്ച് എത്തി.

ഇതോടെ സമരമുഖം ജനനിബിഡമായി. മുദ്രാവാക്യം വിളികളുമായി ആവേശത്തോടെ മുന്നേറിയ പ്രവർത്തകർ പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ തള്ളിയിടാൻ ശ്രമം നടത്തി. തടയാൻ ശ്രമിച്ച പൊലീസുകാരെയും തള്ളി മറിച്ചിട്ട ഇരുമ്പ് ബാരിക്കേഡുകളിൽ മൂന്നെണ്ണത്തെ വലിയ റോപ്പ് ഉപയോഗിച്ച് കെട്ടിവലിച്ച് ദൂരെ കൊണ്ടിട്ടു. സമരത്തിന്റെ രൂപം മാറുമെന്ന് കണ്ടതോടെ ക്യാമ്പിൽനിന്നും ജില്ലയുടെ വിവിധ സ്‌റ്റേഷനുകളിൽനിന്നുമായി കൂടുതൽ പൊലീസും സ്ഥിതിഗതികൾ വിലയിരുത്താൻ സബ് കലക്ടറും ആർ.ഡി.ഒയും തഹസിൽദാറും എത്തി. പ്രവർത്തകരിൽ ഒരുവിഭാഗം പിരിഞ്ഞ് പോയതോടെ ഉച്ചക്കുശേഷം സംഘർഷത്തിന് അയവുവന്നു.

Tags:    
News Summary - fishermen raised their protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.