തിരുവനന്തപുരം: തിരുവനന്തപുരത്ത് ടെക്നോപാർക്കിനെ ലൈറ്റ് മെട്രോ അലൈൻമെന്റുമായി ബന്ധിപ്പിക്കുന്നതിനുള്ള സാധ്യതാപഠനം നടത്തുന്നതിന് ഹൈദരാബാദ് കമ്പനിയെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ വി.കെ. പ്രശാന്ത്, കടകംപള്ളി സുരേന്ദ്രൻ, ഒ.എസ്. അംബിക, കെ. ആൻസലൻ എന്നിവരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യമറിയിച്ചത്.
ഹൈദരാബാദ് ആസ്ഥാനമായ അർബൻ മാസ് ട്രാൻസിറ്റ് എന്ന കമ്പനിക്കാണ് ചുമതല. കേന്ദ്ര സർക്കാറിന്റെ പുതിയ മെട്രോ റെയിൽ നയത്തിനനുസരിച്ച് തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികളുടെ പുതുക്കിയ പദ്ധതി രേഖ (ഡി.പി.ആർ) 2017 ഡിസംബറിൽ ഡി.എം.ആർ.സിക്ക് സമർപ്പിച്ചിരുന്നു. 2019 ജൂലൈ 24ന് ചേർന്ന കെ.ആർ.ടി.എൽ ഡയറക്ടർ ബോർഡ് യോഗം ഡി.പി.ആർ പരിശോധിച്ച് റിപ്പോർട്ടിന്മേൽ സ്വീകരിക്കേണ്ട തുടർ നടപടി ചർച്ച ചെയ്തു. പദ്ധതി ചെലവുകൾക്കും വായ്പ തിരിച്ചടവിനും ആദ്യ വർഷങ്ങളിൽ സർക്കാറിൽനിന്ന് സാമ്പത്തിക സഹായം ആവശ്യമായി വരുമെങ്കിലും പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നതിന് അനുയോജ്യവും ആവശ്യവുമായ പദ്ധതി എന്ന നിലക്ക് മുന്നോട്ടുപോകാനാണ് റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുള്ളത്.
എന്നാൽ, ഡി.എം.ആർ.സിയുടെ വിശദ പദ്ധതി രേഖ അന്തിമമാകുന്ന മുറക്ക് മാത്രമേ തിരുവനന്തപുരം മെട്രോ പദ്ധതിയുടെ ചെലവ്, റൂട്ട്, സ്റ്റോപ്പുകൾ എന്നിവ സംബന്ധിച്ച വിശദാംശങ്ങൾ ലഭ്യമാവുകയുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. നാവായിക്കുളത്ത് നിന്ന് ആരംഭിച്ച് വിഴിഞ്ഞം ബൈപാസിൽ അവസാനിക്കുന്ന തിരുവനന്തപുരം ഔട്ടർറിങ് റോഡിന് എൻ.എച്ച്.എ.ഐയുടെ അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും വിഴിഞ്ഞം പദ്ധതിയുടെ ഒന്നാംഘട്ടത്തിൽ അവശേഷിക്കുന്ന പ്രവൃത്തികൾ മാർച്ചിൽ പൂർത്തിയാക്കുമെന്നും അദ്ദേഹം അറിയിച്ചു.
ജനുവരി 10 വരെ 121 കപ്പൽ തുറുമുഖത്ത് അടുത്തു. തുറമുഖത്തിന്റെ രണ്ട്, മൂന്ന്, നാല് ഘട്ടങ്ങളുടെ നിർമാണം 2028 ഡിസംബറിൽ പൂർത്തീകരിക്കും. ഇതിനായുള്ള പാരസ്ഥിതിക അനുമതിക്കായുള്ള നടപടി പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.