1. വെള്ളയമ്പലം ജങ്ഷനിൽ ഓടിക്കൊണ്ടിരുന്ന പൊലീസ് വാഹനത്തിന് തീപിടിച്ചപ്പോൾ 2. വെള്ളയമ്പലം ജങ്ഷനിൽ തീപിടിച്ച പൊലീസ് വാഹനം പൂർണമായും കത്തിനശിച്ച നിലയിൽ
തിരുവനന്തപുരം: വെള്ളയമ്പലം ട്രാഫിക് സിഗ്നലിന് സമീപം ഓടിക്കൊണ്ടിരിക്കെ പൊലീസ് വാഹനത്തിന് തീപിടിച്ചു. ബുധനാഴ്ച വൈകീട്ട് ആറുമണിയോടെയാണ് സംഭവം. സ്പെഷൽ ബ്രാഞ്ച് ഡെപ്യൂട്ടി കമാൻഡറുടെ ഔദ്യോഗിക വാഹനത്തിനാണ് തീപിടിച്ചത്. അഗ്നിരക്ഷാസോംഗങ്ങൾ എത്തി തീ അണച്ചു. വണ്ടിയിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്. സംശയം തോന്നിയ ഡ്രൈവർ വണ്ടി നിർത്തി ഇറങ്ങി പരിശോധിക്കുന്നതിനിടെ തീ ആളിപ്പടരുകയായിരുന്നു.
വാഹനം പൂർണമായും കത്തിനശിച്ചു. ഈ സമയത്ത് ഇതുവഴി വൻ വാഹനത്തിരക്കുണ്ടായിരുന്നു. വാഹനങ്ങൾ നിയന്ത്രിച്ചശേഷമാണ് തീകെടുത്തിയത്. വെള്ളയമ്പലം ജങ്ഷനിൽ വൻ ഗതാഗതക്കുരുക്കുമുണ്ടായി. വാഹനത്തിലെ എ.സിയിൽ നിന്നുള്ള വാതകച്ചോർച്ച കാരണമാകാം തീപിടിച്ചതെന്നാണ് അഗ്നിരക്ഷാസേനയുടെ പ്രാഥമിക നിഗമനം.
സംഭവത്തിൽ കൂടുതൽ അന്വേഷണമുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. രാജാജി നഗറിൽനിന്നുള്ള അഗ്നിരക്ഷാസേനാംഗങ്ങൾ എത്തിയാണ് തീ കെടുത്തിയത്. ഗ്രേഡ് അസി. സ്റ്റേഷൻ ഓഫിസർ എസ്. ജയകുമാറിന്റെ നേതൃത്വത്തിൽ ചന്ദ്രൻ, ജസ്റ്റിൻ, സനിത്ത്, ശരത്ത് എന്നിവർ പ്രവർത്തനങ്ങളിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.