പാച്ചല്ലൂരിൽ ആക്രിക്കടയിലെ തീ അണയ്ക്കാനുള്ള ശ്രമത്തിൽ അഗ്നിശമന സേനാംഗങ്ങൾ
തിരുവല്ലം: പാച്ചല്ലൂരിൽ ആക്രിക്കടയിൽ സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് ചാക്കുകൾക്ക് തീപിടിച്ച് ആളിപ്പടർന്നത് പരിഭ്രാന്തി പരത്തി. വിഴിഞ്ഞം അഗ്നിരക്ഷാ സേനയെത്തി തീയണച്ചു. തിരുവല്ലം സ്വദേശി അബ്ദുൽ റഹിം എന്നയാളുടെ ഉടമസ്ഥതയിൽ പാച്ചല്ലൂർ എൽ.പി സ്കൂളിന് സമീപത്തെ ആക്രിക്കടയിലാണ് തീപിടിത്തം ഉണ്ടായത്. ഞായറാഴ്ച പുലർച്ച ആറോടെ ആക്രിക്കടയിൽ തീ ആളിക്കത്തുന്നതു കണ്ട നാട്ടുകാരാണ് വിഴിഞ്ഞം അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചത്.
ഗ്രേഡ് എ.എസ്.ടി.ഒ എംഗൽസിന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ വിഴിഞ്ഞം യൂനിറ്റ് യഥാസമയം തീയണച്ചതിനാൽ തീപടരാതെ സൂക്ഷിക്കാനായി. കടയുടെ ചുറ്റുമതിലിനുള്ളിൽ മുൻ വശത്ത് കടയ്ക്ക് പുറത്തായി ചാക്കുകളിൽ സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് ചാക്കുകൾക്കാണ് തീപിടിച്ചത്. കടയ്ക്കുള്ളിലും ചാക്ക് കണക്കിന് പ്ലാസ്റ്റിക്കുകൾ സൂക്ഷിച്ചിരുന്നെങ്കിലും തീ പടരാത്തത് കാരണം വലിയ ദുരന്തം ഒഴിവായി. ആരെങ്കിലും അലക്ഷ്യമായി വലിച്ചെറിഞ്ഞ സിഗരറ്റ് കുറ്റിയിൽനിന്നോ മറ്റോ ആകാം തീപിടിത്തം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.