തിരുവനന്തപുരം: ബിരുദ കോഴ്സിെൻറ തുല്യതയെച്ചൊല്ലി പരീക്ഷയുടെ തലേന്ന് വിദ്യാർഥിയുടെ ഹാൾടിക്കറ്റ് തടഞ്ഞ് കേരള സർവകലാശാലയുടെ ക്രൂരത. നെയ്യാറ്റിൻകര ഒാലത്താന്നി വിക്ടറി കോളജ് ബി.എഡ് വിദ്യാർഥി കെ.പി. സ്വലാഹിെൻറ പരീക്ഷാവസരമാണ് കേരള സർവകലാശാല തടഞ്ഞത്.
ഡൽഹി യൂനിവേഴ്സിറ്റിയിൽനിന്ന് ബി.എസ്സി സുവോളജി (ഒാണേഴ്സ്) കോഴ്സ് വിജയിച്ചശേഷമാണ് സ്വലാഹ് കേരള സർവകലാശാലക്ക് കീഴിൽ നാച്ചുറൽ സയൻസിൽ ബി.എഡിന് ചേർന്നത്. പ്രവേശന പ്രോസ്പെക്ടസ് പ്രകാരം ബി.എസ്സി സുവോളജിക്കൊപ്പം ബോട്ടണി പഠിച്ചവർക്കാണ് നാച്ചുറൽ സയൻസിൽ ബി.എഡ് ചെയ്യാനാകുക. ഒരു വർഷം ബോട്ടണി പഠിച്ച സ്വലാഹിന് കോളജിൽ പ്രവേശനവും ലഭിച്ചു. ഏഴ് മാസത്തെ പഠനത്തിനുശേഷം ഒന്നാം സെമസ്റ്റർ പരീക്ഷ ആരംഭിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് വിദ്യാർഥിക്ക് പരീക്ഷയെഴുതാനാകില്ലെന്ന് സർവകലാശാല അധികൃതർ കോളജിൽ അറിയിച്ചു.
പരീക്ഷക്ക് തയാറെടുക്കുകയായിരുന്ന വിദ്യാർഥി ഉടൻതന്നെ സർവകലാശാലയിൽ എത്തി അന്വേഷിച്ചപ്പോൾ നാല് സെമസ്റ്റിൽ ബോട്ടണി പഠിച്ചവർക്ക് മാത്രമേ നാച്ചുറൽ സയൻസിൽ ബി.എഡ് ചെയ്യാനാകൂ എന്ന മറുപടിയാണ് ലഭിച്ചത്. പരീക്ഷയുടെ തലേദിവസവും പരീക്ഷ ആരംഭിക്കുന്ന ദിവസവും സർവകലാശാല വൈസ് ചാൻസലർ, രജിസ്ട്രാർ, പരീക്ഷ കൺട്രോളർ എന്നിവർ ഉൾപ്പെടെയുള്ളവരെ കണ്ട് പരാതി നൽകിയിട്ടും സർവകലാശാല അധികൃതർ കൈമലർത്തി.
കോഴ്സിന് ചേർന്ന് ഏഴ് മാസത്തിനുശേഷമാണ് സർവകലാശാല വിചിത്ര മാനദണ്ഡം വിദ്യാർഥിയെയും കോളജിനെയും അറിയിക്കുന്നത്. രാജ്യത്തെ മുൻനിര സർവകലാശാലയായ ഡൽഹി യൂനിവേഴ്സിറ്റിയിൽ ബി.എസ്സി പഠനം പൂർത്തിയാക്കിയിട്ടും കേരളത്തിൽ ബന്ധപ്പെട്ട വിഷയത്തിൽ ബി.എഡ് ചെയ്യാനുള്ള അവസരമാണ് സർവകലാശാല തടഞ്ഞത്. ജെ.എൻ.യു, അലീഗഢ് പോലുള്ള സർവകലാശാലകളിലെ വിദ്യാർഥികൾക്കും കേരള സർവകലാശാലയിൽ ബി.എഡ് ചെയ്യുന്നതിന് പ്രതിസന്ധിയുണ്ടാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. രാജ്യത്തെ പ്രധാന സർവകലാശാലകളുടെ കോഴ്സുകൾ കേരളത്തിലെ സർവകലാശാലകൾ അംഗീകരിക്കണമെന്നും ഉപരിപഠനത്തിന് അവസരമുണ്ടാക്കണമെന്നതടക്കമുള്ള നിർദേശങ്ങളോടെ ഉന്നത വിദ്യാഭ്യാസ കൗൺസിൽ സമർപ്പിച്ച ശിപാർശ സർക്കാർ അംഗീകരിച്ച് ഉത്തരവിറക്കിയിരുന്നു.
എന്നാൽ, ഇപ്പോഴും കേന്ദ്രസർവകലാശാലകളുടെ ഉൾപ്പെടെയുള്ള ബിരുദങ്ങൾ അംഗീകരിക്കാൻ കേരളത്തിലെ സർവകലാശാലകൾ തയാറാകുന്നില്ല. സർവകലാശാലയുടെ തലതിരിഞ്ഞ നയം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥി ഉന്നത വിദ്യാഭ്യാസമന്ത്രി, വൈസ് ചാൻസലർ തുടങ്ങിയവർക്ക് നിവേദനം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.