തിരുവനന്തപുരം: വിഴിഞ്ഞം-നാവായിക്കുളം ഔട്ടർ റിങ് റോഡ് പ്രൊജക്ടിന് അനുമതി ലഭിക്കാതെയാണ് ഭൂമിയേറ്റെടുത്തതെന്ന് പാർലമെന്റ് രേഖകൾ. ജനുവരി 30ന് അടൂർ പ്രകാശ് എം.പിക്ക് ഉപരിതല ഗതാഗത മന്ത്രാലയം ലോക്സഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് പ്രൊജക്ടിന് അനുമതി ലഭിച്ചില്ലെന്ന് വ്യക്തമായത്. 2022 ഒക്ടോബറിൽ യുദ്ധകാലാടിസ്ഥാനത്തിൽ ഏറ്റെടുത്ത ഭൂമിയുടെ നഷ്ടപരിഹാരം ഇതുവരെ നൽകിയിട്ടില്ല.
ഒന്നാം ഘട്ടമായി 11 വില്ലേജുകളിലെ 100 ഹെക്ടർ ഭൂമി വിട്ടുകൊടുത്ത 2500 കുടുംബങ്ങളാണ് ഇതോടെ വഴിയാധാരമായത്. തിരുവനന്തപുരം ജില്ലയിൽ ആറ് താലൂക്കുകളിലായി 24 വില്ലേജുകളിൽകൂടി കടന്ന് പോകുന്ന തിരുവനന്തപുരം ഔട്ടർ റിങ് റോഡിലെ (എൻ.എച്ച്-866) നിർമാണത്തിനുവേണ്ടി 320 ഹെക്ടർ ഭൂമി ഏറ്റെടുക്കാനാണ് റവന്യൂ വകുപ്പ് തീരുമാനിച്ചത്. ഒന്നാംഘട്ടമായി, വെങ്ങാനൂർ, പള്ളിച്ചൽ മലയൻകീഴ് വഴി മംഗലപുരം വരെയുള്ള 11 വില്ലേജിലൂടെ കടന്നു പോകുന്ന 100. 8723 ഹെക്ടർ ഭൂമിയാണ് ഏറ്റെടുത്ത് 3(ഡി) വിജ്ഞാപനം പ്രസിദ്ധികരിച്ചു.
എന്നാൽ, ഈ ഭുമിയിൽ തന്നെ കെട്ടിടങ്ങളുടെയും മറ്റും കാലപ്പഴക്കം നിർണ്ണയിക്കുന്ന നടപടി പൊതുമരാമത്ത് വകുപ്പ് ഇതുവരെ പൂർത്തിയാക്കിയില്ല. ഫണ്ട് അനുവദിക്കുന്ന മുറക്ക് നഷ്ടപരിഹാര വിതരണം ആരംഭിക്കുമെന്നും എൽ.എ.എൻ.എച്ച്, സ്പെഷൽ ഡെപ്യൂട്ടി കലക്ടർ ഷീജ ബീഗം അറിയിച്ചിരുന്നു. എന്നാൽ, ഇതിന് വിരുദ്ധമായാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം പാർലമെന്റിൽ രേഖാമൂലം നൽകിയ മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.