തിരുവനന്തപുരം: സമൂഹത്തിൽ പോഷകാഹാരത്തെക്കുറിച്ചുള്ള ബോധവത്കരണം നടത്തിയതിന് 'കമ്യൂണിറ്റി ന്യൂട്രീഷൻ ഫോറ' ത്തിന് അംഗീകാരം. ലോകപ്രമേഹദിനത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് 1,000 ലധികം വിദ്യാർഥികൾക്കും സ്റ്റുഡൻറ് പൊലീസ് കേഡറ്റിനുമായി നൽകിയ ഓൺലൈൻ ബോധവത്കരണത്തിനാണ് 'യൂണിവേഴ്സൽ റെക്കോഡ് ഫോറം'നൽകുന്ന ഏഷ്യൻ റെക്കോഡ് ലഭിച്ചത്. ഡയറ്റീഷ്യൻമാർ മാത്രം പങ്കെടുത്ത, തുടർച്ചയായി 10 മണിക്കൂർ നീണ്ട വെബിനാറിനാണ് റെക്കോഡ്.
പദ്ധതിയിൽ പങ്കെടുത്ത ശ്രീപ്രിയ ഷാജി, ഉമാകല്യാണി, ഷെറിൻ തോമസ്, സോണിയ ജോസഫ്, ജോതി ജെയിംസ്, സിന്ധു എസ്, നിസ്സിമോൾ, അനു എംവി, ശ്രുതി കെ, മൃദുല അരവിന്ദ്, സുചിത്ര കെ, ഷാക്കിറ സുമയ്യ എന്നിവർക്ക് തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ അശ്വതി തിരുനാൾ തമ്പുരാട്ടി മെഡലുകളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
കോവിഡ് പോലുള്ള പകർച്ചവ്യാധികൾ വ്യാപകമാകുന്ന സാഹചര്യത്തിൽ പോഷകാഹാരത്തെക്കുറിച്ചുള്ള തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളെ തടയുക, ആരോഗ്യകരമായ ജീവിതശൈലിയെക്കുറിച്ച് പൊതുജനത്തെ ബോധവത്കരിക്കുക തുടങ്ങിയ ലക്ഷ്യത്തോടെ കേരളത്തിൽ പ്രവർത്തിക്കുന്ന സംഘടനയാണ് 'കമ്യൂണിറ്റി ന്യൂട്രീഷൻ ഫോറം'.സംസ്ഥാനത്തെ 84 സ്കൂളുകളിൽ സംഘടന ഇതിനകം ബോധവത്കരണ പരിപാടികൾ നടത്തിക്കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.