തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പിൽ ഓരോ വാർഡിലും പതിനായിരത്തിൽ താഴെ മാത്രമെ വോട്ടർമാർ ഉണ്ടാകൂ എന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചെങ്കിലും കോർപറേഷനിൽ പത്ത് വാർഡുകളിൽ വോട്ടർമാർ പതിനായിരത്തിൽ പുറത്ത്. 100 വാർഡ് 101 ആയി വിഭജനം കഴിഞ്ഞപ്പോഴാണ് വലിയ അന്തരം. അതിൽ ഏറ്റവും കൂടുതൽ വോട്ടർമാർ ബീമാപ്പള്ളിയിലാണ്. ബീമാപ്പള്ളിയിൽ മൂന്ന് വാർഡുകൾ വെട്ടിച്ചുരുക്കി ഒന്നാക്കിയപ്പോൾ ഇവിടെ 17,233 വോട്ടർമാരാണ് ഒരു വാർഡിൽ.
ഇതിന് പുറമെ പൂന്തുറ 14,634, പോർട്ട് വാർഡ് 13,902, വിഴിഞ്ഞം 13,305, ശ്രീവരാഹം 11,079, ചാല 11,795, വെട്ടുകാട് 12,760, പെരുന്താന്നി 11,288, തിരുമല 10,281, പാങ്ങോട് 10,028 എന്നിങ്ങനെ പതിനായിരത്തിന് പുറത്ത് വോട്ടർമാരെയാണ് കുത്തിനിറച്ചിരിക്കുന്നത്.
എന്നാൽ മൂന്നാം വാർഡായ പാങ്ങപ്പാറയിലെ വോട്ടർമാരുടെ എണ്ണം 3153 മാത്രം. കൂടാതെ കവടിയാർ, കുറവൻകോണം, ശാസ്തമംഗലം, നന്ദൻകോട് എന്നീ വാർഡുകളിൽ യഥാക്രമം 5915, 5995, 6134, 6327 വോട്ടർമാരുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ വലിയ അന്തരം എങ്ങനെ സംഭവിച്ചു എന്നതിൽ ഒരു വ്യക്തതയും തെരഞ്ഞെടുപ്പ് കമീഷൻ നൽകുന്നില്ല.
അതായത് 3153 പേരുള്ള വാർഡിൽ നിന്ന് കോർപറേഷനിൽ കൺസിലറായി ഒരാൾ എത്തുമ്പോൾ 17,223 പേരുള്ള വാർഡിൽ നിന്ന് ഒരാളാണ് വരുക. വാഡ് വിഭജനം നടത്തിയപ്പോഴും കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചപ്പോഴും ജനപ്രതിനിധകളും മറ്റ് സന്നദ്ധ സംഘടനകളും ഇക്കാര്യം സംസ്ഥാന കമ്മീഷന് മുന്നിൽ രേഖാമൂലം ചൂണ്ടിക്കാട്ടിയതാണ്.
ഒരുകാരണവശാലും വോട്ടർമാരുടെ എണ്ണം പതിനായിരത്തിന് പുറത്ത് കടക്കില്ലെന്നാണ് തെരഞ്ഞെടുപ്പ് കമീഷൻ ഹിയറിങ് വേളയിൽ ബന്ധപ്പെട്ട പ്രതിനിധികളെ അറിയിച്ചത്. വീണ്ടും പേര് ചേർക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി നൽയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.