പ്രതീകാത്മക ചിത്രം
നെയ്യാറ്റിന്‍കര: പത്രികസമർപ്പണം തുടങ്ങുകയും പ്രചാരണചൂടിലേക്ക് നാടാകെ നീങ്ങുമ്പോൾ നെയ്യാറ്റിൻകര നഗരസഭയും സാക്ഷ്യം വഹിക്കുന്നത് തീപാറും പോരാട്ടത്തിന്. എൽ.ഡി.എഫും, യു.ഡി.എഫും മാറിമാറി ഭരണം നടത്തിയ നഗരസഭ ഇത്തവണ തിരിച്ചു പിടിക്കുന്നതിന് കച്ചമുറുക്കിയിരിക്കുകയാണ് യു.ഡിഎഫ്. ഭരണം നിലനിര്‍ത്താനുള്ള എല്ലാ ശ്രമവും നടത്തുന്ന എൽ.ഡി.എഫ്, വിജയം ആവർത്തിക്കാനാവുമെന്ന ആത്മവിശ്വാസത്തിലാണ്. നേട്ടമുണ്ടാക്കാൻ ബി.ജെ.പിയും കരുക്കൾ നീക്കുന്നു.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 44 വാര്‍ഡുകളുണ്ടായിരുന്ന നഗരസഭയില്‍ ഇക്കുറി 46 വാര്‍ഡുകളാണ്. സി.പിഎം-15, സി.പി.ഐ-2, കേരള കോൺഗ്രസ്-എം - ഒന്ന് എന്നിങ്ങനെയാണ് എൽ.ഡി.എഫിലെ കക്ഷിനില. യു.ഡിഎഫ്- 17, ബി.ജെ.പി-ഒൻപത് എന്നിങ്ങനെയാണ് പ്രതിപക്ഷത്തെ സീറ്റ് നില. നിലവിലെ ചെയര്മാന് രാജ്മോഹന്‍ വിജയിച്ച മൂന്ന്കല്ലിന്‍മൂട് വാര്‍ഡ് ഇത്തവണ വനിത സംവരണമായി.
ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ എന്‍.കെ. അനിതാ കുമാരി തുടര്‍ച്ചയായി മൂന്ന് തവണ വിജയിച്ച പിരായുംമൂട് വാര്‍ഡ് പട്ടിക വിഭാഗംസംവരണത്തിലേക്ക് മാറി. ബി.ജെ.പി. നഗരസഭ പാര്‍ലമെന്റററി പാര്‍ട്ടി ലീഡര്‍ ഷിബുരാജ് കൃഷ്ണ മത്സരിച്ച് വിജയിച്ച രാമേശ്വരം വാര്ഡ്യം യു.ഡി.എഫ്. പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ജോസ് ഫ്രാങ്ക്ലിന് മത്സരിച്ച് വിജയിച്ച മുട്ടയ്ക്കാടു വാര്‍ഡും ഞറുക്കെടുപ്പില്‍ സ്ത്രീ സംവരണ വാര്‍ഡായി മാറിയിട്ടുണ്ട്. സീറ്റ് ലഭിക്കാത്ത പലരും വിമതരായി മത്സരിക്കാനുള്ള സാധ്യതയും നിലനിൽക്കുന്നു.
വികസന പ്രവർത്തനങ്ങൾ വോട്ടായി മാറുമെന്ന കണക്കുകൂട്ടലിലാണ് ഇടതുപക്ഷം ജനങ്ങളെ സമീപിക്കുന്നത്. യു.ഡി.എഫും ബി.ജെ.പിയും നഗരസഭാ പ്രദേശത്തിന്റെ വികസന മുരടിപ്പ് തിരിച്ചറിഞ്ഞ് ജനങ്ങൾ വോട്ട് ചെയ്യുമെന്ന പ്രതീക്ഷയിലാണ്.
ജനങ്ങളുടെ സ്വപ്നങ്ങള്‍ക്കും പ്രതീക്ഷകൾക്കും അനുസൃതമായി വികസന പ്രവർത്തനങ്ങൾ നടത്താനായ ഭരണമാണ് നഗരസഭ കണ്ടതെന്ന് ചെയര്മാന് പി.കെ.രാജമോഹനന്. നഗരവാസികളുടേയു സമീപ പ്രദേശത്തുള്ളവരുടെയും ചിരകാല ആഗ്രഹമായിരുന്ന പൊതു ശ്മശാനം യാഥാര്‍ത്ഥ്യമാക്കിയത് വലിയ നേട്ടമാണ്. നെയ്യാറ്റിന്‍കര മലഞ്ചാണിയില്‍ കടുവാക്കുഴി മലയുടെ മുകളിലായി നഗരസഭയുടെ ആദ്യത്തെ പെതുശ്മശാനമായ ശാന്തി ഇടം യാഥാഥ്യമാക്കുകയായിരുന്നു. ഒരുകോടി എന്പത്ലക്ഷം രൂപയാണ് നിര്‍മാണ ചെലവ്. 56ലക്ഷം രുപക്ക് യന്ത്രങ്ങളും വാങ്ങി. പെരുമ്പഴിതൂര്‍ കവലയുടെ വികസനം 25 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ്. മാര്‍ക്കറ്റ് കോംപ്ലക്സ്, ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം എന്നിവയും നേട്ടങ്ങളുടെ പട്ടികയിൽപ്പെടുത്താം.
നെയ്യാറ്റിന്‍കര ആറാലുംമൂട്ടില്‍ 6.5 കോടിരൂപ ചിലവില്‍ ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മ്മിക്കുന്ന പദ്ധതിക്കുള്ള നടപടി ആരംഭിച്ചു. ജെ.സി.ഡാനിയേല്‍ സ്മാരകവും ഓപ്പണ്‍ തിയേറ്ററും നഗരസഭാ ഗ്രൗണ്ടില്‍ സ്ഥാപിച്ചു.ഹാപ്പിനസ് പാര്‍ക്ക്, സുഗതകുമാരി തണലിടം എന്നിവക്കായി മുൻകൈയെടുത്തു.
ലൈഫ് ഭവന പദ്ധതിയിലൂടെ നിരവധി വീടുകള്‍ നിര്‍മ്മിച്ചു നല്കി.നിരവധി കുടിവെള്ള പദ്ധതികള്‍ നടപ്പാക്കി. അങ്കണവാടികളുടെ വികസനമുള്‍പ്പെടെ കോടികളുടെ വികസനപ്രവര്‍ത്തനമാണ് ഇതിനകം യാഥാര്‍ത്ഥ്യമാക്കിയത്. ടൂറിസം മേഖലയിലുൾപ്പെടെ നടപ്പാക്കിയ പദ്ധതികൾ നഗരത്തിന് വലിയ നേട്ടങ്ങൾ സമ്മാനിക്കുന്നതാണ്. ഭരണ മികവിനുള്ള അംഗീകരമായി നിരവധി പുരസ്കാരങ്ങളും നഗരസഭയെ തേടിയെത്തി.
നഗരസഭ പ്രദേശത്തെ ജനങ്ങളെ സംബന്ധിച്ചിടത്തോളം നിരാശപ്പെടുത്തുന്ന ഭരണകാലമാണ് പൂർത്തിയായതെന്ന് പ്രതിപക്ഷനേതാവ് ജോസ് ഫ്രാങ്ക്ളിൻ. പാര്‍പ്പിടം , ശുദ്ധജലം, വൈദ്യുതി തുടങ്ങി അടിസ്ഥാന മേഖലകളിലെ പരാതികള്‍ക്ക് പരിഹാരമുണ്ടാക്കാനായിട്ടില്ല.
കുടിവെള്ളം കിട്ടാക്കനിയായ നിരവധി പ്രദേശങ്ങളും നഗരസഭയിലുണ്ട്. കടുത്ത ശുദ്ധജലക്ഷാമം അതിജീവിക്കാനുള്ള ഉചിതമായ പരിഹാരമാര്ഗങ്ങളുമില്ല. എല്‍.ഇ.ഡി. തെരുവ് വിളക്കുകള്‍ സ്ഥാപിക്കുന്ന നിലാവ് പദ്ധതി തുടക്കത്തിലേ പാളി. 2000ൽ അധികം തെരുവു വിളക്കുകള്‍ വാങ്ങിയതില്‍ മിക്കയിടത്തും തകരാറുകള്‍ സംഭവിച്ചു.
നെയ്യാറ്റിന്‍കരയെ സാംസ്കാരിക നഗരം, പൈതൃകനഗരം, ഡിജിറ്റല്‍ നഗരം എന്നിങ്ങനെ ഓരോ വിശേഷണങ്ങള്‍ നല്കി അവയൊക്കെ യാഥാര്‍ഥ്യമാക്കുമെന്ന് എൽ.ഡി.എഫ് പ്രകടനപത്രികയില്‍ പറഞ്ഞ കാര്യങ്ങള്‍ സി.പി.എം തന്നെ മറന്ന മട്ടിലാണ്. അഡ്വ. തലയല്‍ കേശവന്‍നായരുടെ പേരില്‍ ഫോക് ലോര്‍ അക്കാദമി, വൈകുണ്ഠസ്വാമിക്ക് സ്മാരകം, അരുവിപ്പുറം ഗുഹ സംരക്ഷണം, സ്വദേശാഭിമാനി സ്മാരകം, നെയ്യാറ്റിന്‍കര വാസുദേവന്‍, നെയ്യാറ്റിന്‍കര മോഹനചന്ദ്രന് എന്നിവരുടെ ഓര്മക്കായുള്ള മ്യൂസിക് അക്കാദമി, ആറാലുംമൂട്ടില്‍ കണ്വന്ഷന് സെന്റര്‍, അമരവിള റെയില്‍വേ ലൈന്‍ ക്രോസ് ചെയ്യാന്‍ ആകാശപ്പാത എന്നിങ്ങനെ വോട്ടര്‍മാരെ പാട്ടിലാക്കാന്‍ വാഗ്ദാനങ്ങള്‍ നല്കി വോട്ട് പിടിച്ചവര്‍ ഇപ്പോള്‍ ഇതെല്ലാം വിസ്മരിച്ച മട്ടിലാണ്. ഈരാറ്റിന്‍പുറം ടൂറിസം പദ്ധതി അട്ടിമറിക്കപ്പെട്ടു. നഗരസഭ പ്രദേശമാകെ തെരുവ് നായ്ക്കള്‍ കയ്യടക്കിയ സ്ഥിതിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.