തൂശനില കേക്കില്‍ ഓണസദ്യയുമായി അമല

കേക്കില്‍ നിർമിച്ച തൂശനിലയില്‍ ഓണസദ്യ; താരമായി അമല

ഓണസദ്യമുതല്‍ ഓണക്കോടി വരെ വീട്ടിലെത്തിക്കാന്‍ ഓണ്‍ലൈന്‍ സ്ഥാപനങ്ങള്‍ മത്സരിക്കുമ്പോള്‍ വ്യത്യസ്തതകൊണ്ട് ശ്രദ്ധയാകര്‍ഷിക്കുകയാണ് ഒരു വീട്ടമ്മ. കേക്കില്‍ നിര്‍മിതമായ തൂശനിലയില്‍ ഓണസദ്യ വിളമ്പി ആവശ്യക്കാര്‍ക്ക് എത്തിച്ചുനല്‍കുന്ന രീതിയാണ് കൈമനം മൈത്രി നഗര്‍ ഹൗസ് നമ്പര്‍ 81ല്‍ അമല അനുവര്‍ത്തിക്കുന്നത്.

2016 മുതല്‍ മൂന്നുവര്‍ഷക്കാലം വാട്ടിയെടുത്ത വാഴയിലയില്‍ പൊതിച്ചോറുവിളമ്പി തലസ്ഥാനനഗരത്തില്‍ രുചിയുടെ അർഥതലങ്ങള്‍ പകര്‍ന്നിരുന്നു അമല. 'മദേഴ്‌സ് ലൗ' എന്ന പേരില്‍ അമല ഇറക്കുന്ന പൊതിച്ചോറിന് ആവശ്യക്കാര്‍ നിരവധിയായിരുന്നു.

ഒരു വര്‍ഷം മുമ്പാണ് പൊതിച്ചോര്‍ വില്‍പനയില്‍നിന്ന്​ ചുവടുമാറ്റി യൂട്യൂബില്‍ കണ്ടുപഠിച്ച 'തൂശനില കേക്കിലെ ഓണസദ്യ' തുടങ്ങിയത്. വെറുതെ കേക്ക് ഉണ്ടാക്കുന്നതിനുപകരം അതില്‍ പുതിയ പരീക്ഷണങ്ങള്‍ നടത്താന്‍ അമല തയാറായി. കണ്ണില്‍ കാണുന്ന രൂപങ്ങളെല്ലാം അമല കേക്കില്‍ സൃഷ്​ടിച്ചു​െവച്ചു.

വിഭവങ്ങള്‍ക്ക് ഭംഗിയും രുചിയും കൂടിയതോടെ കേക്കിന് ആവശ്യക്കാര്‍ ഏറി. ഇതോടെ ലോക്ഡൗണ്‍കാലത്തെ വിരസത അമല ഒഴിവാക്കുകയായിരുന്നു. ലോക്ഡൗണ്‍ കാലത്തെ ഓണത്തിന് ആരും മോഹിക്കുന്ന കേക്ക് ഉപഭോക്താക്കള്‍ക്ക് നല്‍കണമെന്ന ചിന്തയാണ് തൂശനിലയില്‍ വിളമ്പിയ ഓണസദ്യയുടെ മാതൃകയില്‍ കേക്കുണ്ടാക്കാന്‍ അമലയെ പ്രേരിപ്പിച്ചത്.

പഞ്ചസാരപ്പൊടിയില്‍ ചോറും പഴവും പപ്പടവും, പഴവര്‍ഗ പള്‍പ്പില്‍ പച്ചടിയും കിച്ചടിയും അച്ചാറും ഉണ്ടാക്കി. കേക്ക്പൗഡറില്‍ പച്ചനിറം ചേര്‍ത്താണ് തൂശനിലയുടെ നിറമാക്കി മാറ്റിയത്. ഇതോടെ നിരവധിപേര്‍ ഓണസദ്യക്ക് ആവശ്യക്കാരായി എത്തി. ഓണസദ്യ കേക്കി​െൻറ തൂക്കം ഒന്നരക്കിലോ മുതല്‍ മുകളിലോട്ടാണ്.

നഗരപരിധിയില്‍ 1500 രൂപയാണ് 'തൂശനില കേക്ക് ഓണസദ്യ'ക്ക് ഈടാക്കുന്നത്. മറ്റുള്ള സ്ഥലങ്ങളിലേക്ക് ഡലിവറി ചാർജ്​ ഈടാക്കും. ഭര്‍ത്താവ് റെജു ശീതളപാനീയ ഹോള്‍സെയില്‍ ബിസിനസാണ്. അഞ്ചാംക്ലാസില്‍ പഠിക്കുന്ന റേലയാണ് മകള്‍

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.