പിടിച്ചെടുത്ത വാഹനങ്ങള്‍ മാറനല്ലൂര്‍ പൊലീസ് സ്റ്റേഷന്‍ പരിസരത്തെ ഇടറോഡില്‍ നിർത്തിയിട്ടിരിക്കുന്നു

ഇടറോഡിൽ ഞെരുങ്ങി മാറനല്ലൂര്‍ പൊലീസ് സ്റ്റേഷന്‍

കാട്ടാക്കട: മാറനല്ലൂര്‍ പൊലീസ് സ്റ്റേഷനിലേയ്ക്ക് എത്തിച്ചേരാനുള്ള റോഡ് വീതി കൂട്ടണമെന്നും തൊണ്ടി വാഹനങ്ങള്‍ റോഡരുകില്‍ നിന്ന് ഒഴിവാക്കാന്‍ ഭൂമി കണ്ടെത്തണമെന്നുമുള്ള ആവശ്യം ശക്തമാകുന്നു. പ്രധാന റോഡില്‍ നിന്നും പൊലീസ് സ്റ്റേഷനിലേയ്ക്ക് പ്രവേശിക്കുന്നതിന് പ്രയാസമേറെയാണ്. കഷ്ടിച്ച് ഒരുവാഹനത്തിന് മാത്രം കടന്നുപോകാന്‍ തക്ക വീതിമാത്രമാണ് നിലവിലുള്ളത്. മാറനല്ലൂര്‍ പൊലീസ് സ്റ്റേഷനിലേയ്ക്കുള്ള റോഡ് വീതി കൂട്ടണമെന്ന ആവശ്യം ഉയര്‍ന്നിട്ട് നാളേറെയായി.

ഇതിനുപുറമെ മാറനല്ലൂര്‍ പൊലീസ് സ്റ്റേഷന്‍ പരിസരവും സ്റ്റേഷനടുത്തെ ഇടറോഡുകളും പൊലീസ് പിടിച്ചെടുത്ത വാഹനങ്ങളെ കൊണ്ട് നിറഞ്ഞതിനാല്‍ സ്റ്റേഷന്‍ പരിസരത്ത് എത്തുന്ന വാഹനങ്ങള്‍ നിര്‍ത്താന്‍ പോലും കഴിയുന്നില്ല. ഇതുകാരണം വാഹനങ്ങളിലെത്തുന്ന സ്ത്രീകളും വൃദ്ധരും ഏറെ വലയുകയാണ്. പൊലീസ് പിടിച്ചെടുത്ത മണ്ണ് മാന്തി യന്ത്രം ഉള്‍പ്പടെ വാഹനങ്ങള്‍ സ്റ്റേഷന് സമീപത്തെ റോഡിലാണ് പാര്‍ക്ക് ചെയ്തിരിക്കുന്നത് . ഇതു കാരണം വഴിയാത്രക്കാരാണ് കൂടുതല്‍ ബുദ്ധിമുട്ടിലാകുന്നത്.

സ്റ്റേഷന് സമീപത്തായി പ്രവര്‍ത്തിക്കുന്ന അംഗൻവാടിക്ക് മുന്നിലെ പഞ്ചായത്ത് വക സ്ഥലത്തും പിടിച്ചെടുത്ത വാഹനങ്ങള്‍ കൂടിക്കിടക്കുന്നു. മാസങ്ങളായി കിടക്കുന്ന വാഹനങ്ങളില്‍ പാഴ്‌ച്ചെടികള്‍ വളര്‍ന്ന് പന്തലിച്ചു. അംഗൻവാടിക്ക് സമീപത്തുള്ള തൊണ്ടി വാഹനങ്ങള്‍ നീക്കം ചെയ്യണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും നീക്കം ചെയ്യാതെ ഇട്ടിരിക്കുകയാണ്. സ്റ്റേഷന് മുന്നിലെ മുടന്തിക്കര കുളം പരിസരമാണ് മണ്ണ് മാന്തി യന്ത്രവും, ടിപ്പര്‍ ലോറികളും ഉള്‍പ്പെടുന്ന തൊണ്ടി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത്. ഇത് കാരണം സമീപത്തെ ഏലായിലെ കര്‍ഷകര്‍ക്ക് കാര്‍ഷിക വിളകള്‍ പുറത്തേയ്ക്ക് കൊണ്ടുപോകുന്നതിനും വളങ്ങള്‍ എത്തിക്കുന്നതിനും പ്രയാസപ്പെടുകയാണ്.

Tags:    
News Summary - Maranallur police station gets stuck on the side road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.