പള്ളിക്കൽ പുഴയിൽ സ്ഥാപിച്ച അപകട ബോർഡുകൾ
കിളിമാനൂർ: തിരുവനന്തപുരം-കൊല്ലം ജില്ലകളെ വേർതിരിക്കുന്ന ഇത്തിക്കരയാറിലെ പള്ളിക്കൽ പുഴയിലെ അപകടമേഖലയിൽ സൂചന ബോർഡുകൾ സ്ഥാപിച്ച് പഞ്ചായത്ത്. കഴിഞ്ഞദിവസം ദമ്പതികൾ ഉൾപ്പെടെ മൂന്നുപേരുടെ മരണത്തിനിടയാക്കിയ അപകടത്തെ തുടർന്നുള്ള പ്രതിഷേധത്താലും ‘മാധ്യമ’ വാർത്തയെ തുടർന്നുമാണ് പഞ്ചായത്ത് ബോർഡ് സ്ഥാപിച്ചത്.
പള്ളിക്കൽ പഞ്ചായത്തിലൂടെ കടന്ന് ഇത്തിക്കരയാറിലെ പള്ളിക്കൽ പുഴ താഴേഭാഗം കടവ് സ്ഥിരം അപകടമേഖലയാണ്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നിന്നടക്കം നിരവധി പേരാണ് നിത്യേന ഇവിടെയെത്തുന്നത്. കഴിഞ്ഞദിവസം ഫോട്ടോ എടുക്കുന്നതിനിടെയാണ് നവദമ്പതിമാരടക്കം മൂന്നുപേർ കയത്തിൽ മുങ്ങിമരിച്ചത്. നദിയിലേക്കിറങ്ങിക്കിടക്കുന്ന വഴുക്കലുള്ള പാറയാണ് അപകടത്തിന് ആക്കംകൂട്ടുന്നത്.
നാലുവർഷത്തിനിടയിൽ പത്തോളംപേർ ഇതേ സ്ഥലത്ത് മുങ്ങിമരിക്കുകയും ഇരട്ടിയിലേറെപ്പേർ അപകടത്തിൽനിന്ന് തലനാരിഴക്ക് രക്ഷപ്പെടുകയും ചെയ്തതായാണ് കണക്ക്.
തുടർച്ചയായ മണലൂറ്റലിനെതുടർന്നാണ് നദിയിൽ വൻ കുഴികൾ രൂപപ്പെട്ടത്. തുടർന്ന് അപകടങ്ങൾ തുടർക്കഥയാകുകയായിരുന്നു. അപകടമേഖല കമ്പിവേലി കെട്ടിത്തിരിക്കണമെന്നും സൂചന ബോർഡുകൾ സ്ഥാപിക്കണമെന്നും നാട്ടുകാർ നിരന്തരം ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.