കസ്റ്റഡിയിൽ വാങ്ങിയ പ്രതികളെ സംഭവസ്ഥലത്തെത്തിച്ച്
തെളിവെടുക്കുന്നു
മംഗലപുരം: കണിയാപുരം പുത്തൻതോപ്പിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിലും പിടികൂടാൻ പോയ പൊലീസിനുനേരെ ബോംബെറിഞ്ഞ കേസിലും റിമാൻഡിലായിരുന്ന പ്രതികളെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി. പ്രതികളായ ഷഫീഖ്, അശ്വിൻ, അബിൻ എന്നിവരെയാണ് മംഗലപുരം പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്.
രണ്ടുദിവസത്തെ കസ്റ്റഡിയാണ് കോടതി അനുവദിച്ചത്. യുവാവിനെ തട്ടിക്കൊണ്ടുപോയി പാർപ്പിച്ച കഴക്കൂട്ടത്തും പായ്ചിറയിലെ ഷഫീഖിന്റെ വീട്ടിലും പ്രതികളെ എത്തിച്ച് തെളിവെടുത്തു. അമ്മക്കെതിരെ കള്ളക്കേസെടുത്തതിനാലാണ് പൊലീസിനുനേരെ നാടൻ ബോംബെറിഞ്ഞതെന്ന് ഷഫീഖ് തെളിവെടുപ്പിനിടെ പറഞ്ഞു.
കഞ്ചാവ് നൽകാമെന്ന് പറഞ്ഞ് നിഖിൽ മൂന്നര ലക്ഷം രൂപ തങ്ങളിൽനിന്ന് വാങ്ങിയെന്നും അത് മടക്കിനൽകാതെ വന്നപ്പോഴാണ് തട്ടിക്കൊണ്ടുപോയി മർദിച്ചതെന്നുമാണ് തെളിവെടുപ്പിനിടയിൽ പ്രതികൾ പൊലീസിനോട് പറഞ്ഞത്. നേരത്തെ പലതവണ നിഖിലിന്റെ പക്കൽനിന്ന് കഞ്ചാവ് വാങ്ങിയിട്ടുണ്ടെന്നും പ്രതികൾ പറഞ്ഞു.
ജനുവരി 11നാണ് പുത്തൻതോപ്പ് സ്വദേശി നിഖിൽ നോർബെറ്റിനെ 12 അംഗ സംഘം തട്ടിക്കൊണ്ടുപോയി വിവിധ സ്ഥലങ്ങളിൽ പാർപ്പിച്ച് മർദിച്ചത്. കഴക്കൂട്ടം പൊലീസാണ് നിഖിലിനെ രക്ഷപ്പെടുത്തിയത്. പ്രതികളെ പിടികൂടാൻ പോയ പൊലീസിനുനേരെ രണ്ടുതവണ ബോംബെറിഞ്ഞാണ് ഷഫീഖ് കടന്നത്.
ഷഫീഖിന്റെ സഹോദരൻ ഷമീറിനെയും അമ്മ ഷീജയെയും അന്നുതന്നെ പൊലീസ് പിടികൂടിയിരുന്നു. സ്റ്റേഷനിൽവെച്ച് ബ്ലേഡുപയോഗിച്ച് കഴുത്ത് മുറിച്ച ഷമീർ റിമാൻഡിലാണ്. ഒളിവിൽ പോയ ഷഫീഖിനെയും അബിനെയും ആര്യനാട്ട് നാട്ടുകാർ പിടികൂടി പൊലീസിലേൽപിക്കുകയായിരുന്നു. പ്രതികൾ മുഖ്യമന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറിയുടെ സഹോദരനെ തലയിൽ കല്ലു കൊണ്ടിടിച്ച് കിണറ്റിൽ തള്ളിയിട്ടിരുന്നു.
ആറ്റിങ്ങൽ ഡിവൈ.എസ്.പി ജി. ബിനുവിന്റെയും ചിറയിൻകീഴ് ഇൻസ്പെക്ടർ മുകേഷിന്റെയും നേതൃത്വത്തിലാണ് പ്രതികളെ തെളിവെടുപ്പിനെത്തിച്ചത്. കനത്ത പൊലീസ് സുരക്ഷയിലായിരുന്നു തെളിവെടുപ്പ്. പ്രതികളുടെ സ്വത്തുവകകൾ കണ്ടുകെട്ടുന്നതിന് റിപ്പോർട്ട് നൽകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.