കു​റ്റി​ച്ച​ല്‍ ജ​ങ്ഷ​നി​ലെ ക​ലു​ങ്ക് നി​ർ​മാ​ണം നി​ല​ച്ചനിലയിൽ

കുറ്റിച്ചലിലെ കലുങ്ക് നിർമാണത്തില്‍ അപാകതയെന്ന്; നാട്ടുകാർ പണി തടഞ്ഞു

കാട്ടാക്കട: കുറ്റിച്ചല്‍-കാട്ടാക്കട റോഡില്‍ കുറ്റിച്ചല്‍ ജങ്ഷനിലെ കലുങ്ക് നിർമാണത്തില്‍ അപാകതകളെന്ന്. നിർമാണത്തിലെ പിഴവുകള്‍ ആരോപിച്ച് നാട്ടുകാര്‍ പണി തടഞ്ഞു. ഒരുമാസത്തിനുള്ളില്‍ നിർമാണം പൂര്‍ത്തികരിച്ച് ഗതാഗതത്തിനായി തുറന്നുനല്‍കാന്‍ ലക്ഷ്യമിട്ടാണ് പണി തുടങ്ങിയത്. ഈ സ്ഥിതി തുടര്‍ന്നാല്‍ മാസങ്ങള്‍ കാത്തിരിക്കേണ്ട സ്ഥിതിയാകുമെന്ന് ആശങ്ക.

കുറ്റിച്ചല്‍, ആര്യനാട് പഞ്ചായത്ത് നിവാസികള്‍ക്ക് കാട്ടാക്കട വഴി തലസ്ഥാനത്തേക്ക് പോകാനുള്ള പ്രധാന റോഡിലാണ് കലുങ്ക് നിർമിക്കുന്നത്. നേരത്തേയുണ്ടായിരുന്ന കലുങ്ക് കാലപ്പഴക്കംകൊണ്ട് അപകടാവസ്ഥയിലായിരുന്നു. പ്രതിക്ഷേധങ്ങൾ ഉയര്‍ന്നതിനെത്തുടര്‍ന്നാണ് ഇതുവഴി ഗതാഗതം പൂർണമായി നിരോധിച്ച് കലുങ്ക് നിർമാണം തുടങ്ങിയത്. എന്നാല്‍, മഴയും നിർമാണത്തിലെ മെല്ലപ്പോക്കും കാരണം ഇഴഞ്ഞുനീങ്ങുകയാണ്.

പരുത്തിപ്പള്ളി-കാര്യോട് തോടിനുകുറുകെയാണ് കുറ്റിച്ചലില്‍ കലുങ്ക് നിർമിക്കുന്നത്. തേമ്പാമൂട്, മുക്കാട്ടുമല, നെട്ടുകാല്‍ത്തേരി ഉള്‍പ്പെടെ പ്രദേശത്തുനിന്നും മഴക്കാലത്ത് ഒഴുകിവരുന്ന വെള്ളം കരമനയാറ്റില്‍ പതിക്കുന്ന ഏക കൈവഴിയായ തോടിനുകുറുകെ നിർമിക്കുന്ന കലുങ്ക് അരനൂറ്റാണ്ട് മുമ്പ് നിർമിച്ച കലുങ്കിനെക്കാള്‍ ചെറുതാണെന്നതാണ് പ്രധാന പരാതി. ഇതുമൂലം മഴക്കാലത്ത് ഒഴുക്ക് തടസ്സപ്പെടുമെന്നും കുറ്റിച്ചല്‍ ജങ്ഷന്‍ ഉള്‍പ്പെടെ പ്രദേശങ്ങളും കൃഷിയിടങ്ങളും മഴക്കാലത്ത് വെള്ളക്കെട്ടാകുമെന്നും നാട്ടുകാർ പറയുന്നു. ഇക്കാര്യങ്ങള്‍ ഉന്നയിച്ചാണ് നാട്ടുകാര്‍ നിർമാണം തടഞ്ഞത്.

കുറ്റിച്ചല്‍ ജങ്ഷനില്‍ നെൽകൃഷി ചെയ്തിരുന്ന രണ്ട് ഹെക്ടർ ഭൂമി ഇന്ന് ജനവാസ മേഖലയാണ്. ഇവിടെ ചട്ടങ്ങള്‍ ലംഘിച്ച് നിലം നികത്തി കെട്ടിടങ്ങള്‍ നിർമിച്ചു. ഇതുകാരണം ചെറിയ മഴ പെയ്താൽപോലും ജങ്ഷനിൽ വെള്ളം കയറുന്ന സ്ഥിതിയാണ്. ഈ സാഹചര്യങ്ങളില്‍ വെള്ളം ഒഴുകിപ്പോകേണ്ട തോടിന്റെ വീതി കുറക്കുന്നത് ദുരന്തങ്ങൾ വിളിച്ചുവരുത്തുമെന്നാണ് നാട്ടുകാരുടെ പരാതി.

മഴതുടങ്ങിയതും നാട്ടുകാരുടെ പ്രതിഷേധവും കാരണം സമയബന്ധിതമായി നിർമാണം പൂര്‍ത്തീകരിക്കാനാവാത്ത സ്ഥിതിയാണെന്ന് കരാറുകാരന്‍ പറഞ്ഞു. ക്രമക്കേടുകളില്ലെന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടിയ അപാകതകള്‍ പരിഹരിച്ച് നിർമാണം വേഗത്തില്‍ പൂര്‍ത്തീകരിക്കുമെന്നും പൊതുമരാമത്ത് വകുപ്പ് ആര്യനാട് എക്സിക്യൂട്ടീവ് എൻജിനീയര്‍ ജാക്വിലിന്‍ മാധ്യമത്തോട് പറഞ്ഞു.

സ്കൂള്‍ തുറക്കും മുമ്പ് കലുങ്ക് നിർമാണം പൂര്‍ത്തിയാക്കിയില്ലെങ്കില്‍ അഗസ്ത്യവനമേഖലയില്‍നിന്നുള്‍പ്പെടെ പരുത്തിപ്പള്ളി ഹൈസ്കൂളിലും ഹയര്‍സെക്കൻഡറി, എല്‍.പി സ്കൂളുകളിലുമെത്തേണ്ട വിദ്യാർഥികളുടെ യാത്ര ബുദ്ധിമുട്ടിലാകും.


Tags:    
News Summary - Locals block construction of culvert in Kuttichal, allege defects

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.