മണ്ണെണ്ണ ദേഹത്ത് ഒഴിച്ച് ആത്മഹത്യ ഭീഷണി മുഴക്കിയ വിദ്യാർഥികളെ പൊലീസും നാട്ടുകാരും ചേർന്ന് കീഴടക്കുന്നു
കാട്ടാക്കട: എസ്.എസ്.എല്‍.സി,പ്ലസ് ടൂ സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ കിട്ടണമെന്നാവശ്യപ്പെട്ട് മാറനല്ലൂരില്‍ പ്രവര്‍ത്തിക്കുന്ന കണ്ടല കേരള അക്കാഡമി ഓഫ് ഫാര്‍മസി കോളജിലെ വിദ്യാർഥികള്‍ നടത്തുന്ന സമരത്തിനിടെ വിദ്യാർഥിനികള്‍ വസ്ത്രത്തില്‍ മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. വെള്ളിയാഴ്ച കാട്ടാക്കട-നെയ്യാറ്റിന്‍കര റോഡ് ഉപരോധിച്ച സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തതില്‍ പ്രതിക്ഷേധിച്ചാണ് വിദ്യാർഥിനികള്‍ ആത്മഹത്യക്ക് ശ്രമിച്ചത്. വിദ്യാർഥികളായ അഭിരാമി(18),അഭിത(19),അശ്വിൻ(20),അദ്വൈത്(19) എന്നിവരാണ് മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. രക്ഷിതാക്കളും നാട്ടുകാരും പൊലീസും സമയോചിതമായി കീഴ്പ്പെടുത്തിയതിനാല്‍ അനിഷ്ട സംഭവങ്ങളൊഴിവായി.
കണ്ടല കേരള അക്കാഡമി ഓഫ് ഫാർമസിയിലെ വിദ്യാർഥികൾ 17 ന് രാത്രി ആരംഭിച്ച അനിശ്ചിതകാല സമരത്തിന്റെ ഭാഗമായി ഏഴാം ദിനമായ വെള്ളിയാഴ്ച വൈകുന്നേരം നാലോടെ കാട്ടാക്കട-നെയ്യാറ്റിൻകര റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു.വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റ് തിരിച്ച് നൽകാത്ത കോളജ് അധികൃതരുടെ നിലപാടിനെതിരെയാണ് സമരം. റോഡിൽ പ്രതിഷേധിക്കാനെത്തിയവരിൽ കെ.എസ്.യു പ്രവർത്തകരുമുണ്ടായിരുന്നു. റോഡ് ഉപരോധത്തെ തുടര്‍ന്ന് കാട്ടാക്കട- നെയ്യാറ്റിന്‍കര റോഡില്‍ ഏറെ നേരം ഗതാഗത തടസമുണ്ടായി. ഇതിനിടെ മാറനല്ലൂർ പൊലീസ് സ്ഥലത്തെത്തി റോഡിൽ നിന്ന് വിദ്യാർഥികളെയും കെ.എസ്.യു പ്രവർത്തകരെയും മാറ്റി. ഇതിനിടെയാണ് വിദ്യാർഥിനികൾ മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യ ഭീഷണി മുഴക്കിയത്. സർട്ടീഫിക്കറ്റുകൾ തിരികെ ലഭിക്കുന്നതുവരെ സമരം തുടരുമെന്ന് വിദ്യാർഥികൾ അറിയിച്ചു.കോളജ് അധികൃതരുടെ നിലപാടിനെതിരെ സർക്കാർ അടിയന്തിരമായ ഇടപെടണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. കോളജിൽ നിരാഹാരമിരുന്ന കെ.എസ്.യു.നിയോജകമണ്ഡലംപ്രസിഡന്റ് ഗോകുൽ പള്ളിച്ചലിനെ ഉച്ചയോടെ ആശുപത്രിയിലേക്ക് മാറ്റി.
കോളജിൽ അഡ്മിഷൻ സമയത്ത് നൽകിയിരുന്ന പത്താം ക്ലാസിലെയും പ്ലസ്ടുവിലെയും സർട്ടിഫിക്കറ്റുകൾ തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടാണ് ഡ്രോപ്പ് ഔട്ട് ആയ വിദ്യാർഥികൾ സമരം ആരംഭിച്ചത്. കോളജിലെ അസൗകര്യങ്ങൾ ചൂണ്ടിക്കാണിച്ച വിദ്യാർഥികൾക്കാണ് സർട്ടിഫിക്കറ്റുകൾ നിഷേധിക്കുന്നത്. ഇതോടെ തുടർപഠനം ബുദ്ധിമുട്ടിലായ കുട്ടികളാണ് സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് നിരന്തരം കോളജിൽ കയറിയിറങ്ങുന്നത്. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലുള്ള ഇരുപതോളം വിദ്യാർഥികളാണ് സർട്ടിഫിക്കറ്റിനായി കോളജ് അധികൃതരെ സമീപിച്ചിട്ടുള്ളത്. മാസങ്ങൾക്കു മുമ്പ് കോളജിൽ ഇതേവിഷയത്തെ ചൊല്ലി വൻ സംഘർഷം ഉണ്ടാകുകയും കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ നൽകാമെന്ന് കോളജ് അധികൃതർ രേഖാമൂലം എഴുതി നൽകുകയും ചെയ്തിരുന്നു. എന്നാൽ ഇത് പാലിക്കപ്പെട്ടില്ല. മാസങ്ങൾക്കിപ്പുറം കുട്ടികളെ ഇക്കഴിഞ്ഞ പതിനേഴാം തീയതി സർട്ടിഫിക്കറ്റ് നൽകാമെന്ന് അററിയിച്ച് കോളജിൽ വിളിച്ചുവരുത്തിയെങ്കിലും ഇപ്പോൾ നൽകാനാവില്ലെന്ന് പറഞ്ഞയക്കുകയായിരുന്നു.തുടർന്നാണ് കോളജ് ഗേറ്റിന് മുന്നിൽ വിദ്യാർഥികൾ സമരം ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.