കല്ലമ്പലം ഭാഗത്ത് ഏറ്റെടുത്ത ഭൂമിയിൽ ആറുവരിപ്പാത നിർമാണത്തിന് കെട്ടിടങ്ങൾ പൊളിച്ചുനിരപ്പാക്കിയപ്പോൾ

ദേശീയപാത ഭൂമി വിട്ടുനൽകിയവർക്ക് നഷ്ടപരിഹാരം ലഭിക്കുന്നില്ലെന്ന്

കല്ലമ്പലം: മണമ്പൂർ ആഴാംകോണം മുതൽ ആറ്റിങ്ങൽ മാമം വരെ പുതിയതായി നിർമിക്കുന്ന ആറുവരിപ്പാതക്ക് നിലം കൈമാറിയ കർഷകർ ആശങ്കയിൽ. ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുത്തെങ്കിലും നഷ്ടപരിഹാരം ലഭിച്ചില്ലെന്നതാണ് ആശങ്കക്ക് കാരണം.

ഇതു സംബന്ധിച്ച് മണമ്പൂർ പ്രിജി നിവാസിൽ ഡി. ഭാസി ഉൾപ്പെടെ 15 ഓളം പേർ ഒപ്പിട്ട നിവേദനം വകുപ്പുമന്ത്രിക്ക് കൈമാറി. വിഷയത്തിൽ ഇതുവരെ നടപടിയെടുത്തില്ലെന്ന് അവർ വ്യക്തമാക്കി.  മണമ്പൂർ വില്ലേജിൽ റോഡ് കടന്നുപോകുന്ന ഭാഗത്തുള്ള വയൽ ഉടമകളാണ് പരാതിയുമായി രംഗത്തെത്തിയത്.

ഇതിൽ ഭാസിയുടെ 19 സെന്റ് നിലത്തിൽ നിന്ന് ആദ്യം 11 സെന്റും പിന്നീട് മൂന്ന് സെന്റും റോഡിനുവേണ്ടി എടുത്തു. രണ്ടാമത് ഏറ്റെടുത്ത മൂന്ന് സെന്റിന്റെ തുക ലഭിച്ചു. എന്നാൽ, ആദ്യം ഏറ്റെടുത്ത 11 സെന്റിന്‍റെ തുക ഇനിയും കിട്ടിയില്ലെന്നാണ് പരാതി.

മണമ്പൂർ വില്ലേജിൽ 57 പേർക്ക് ഇത്തരത്തിൽ നഷ്ടപരിഹാരം ഇനിയും ലഭിക്കാനുണ്ടെന്ന് പരാതിയിൽ സൂചിപ്പിക്കുന്നു. ഇതുവരെ വിതരണം ചെയ്ത തുകയുടെ നാലിലൊന്ന് തുക ഇനിയും വിതരണം ചെയ്യാനുണ്ട്.

എന്നാൽ, ഏറ്റെടുത്ത ഭൂമി സംസ്ഥാന സർക്കാർ ദേശീയപാത അതോറിറ്റിക്ക് കൈമാറുകയും അവർ കരാർ കമ്പനിക്ക് നിർമാണ അനുമതി നൽകുകയും ചെയ്തിരുന്നു. നിർമാണം ഏറ്റെടുത്ത കമ്പനി നിർമാണപ്രവർത്തനത്തിൽ സജീവമാണ്.

രണ്ട് തരത്തിലുള്ള നഷ്ടപരിഹാരം നിശ്ചയിച്ചത് നീതിപൂർവമായ നടപടിയല്ലെന്നും കൃഷി കൊണ്ട് ഉപജീവനം നയിക്കുന്ന കർഷകരുടെ പ്രശ്നത്തിന് പരിഹാരം വേണമെന്നുമാണ് പരാതിയിലെ ആവശ്യം. നഷ്ടപരിഹാരം നിശ്ചയിച്ചതിലും അഴിമതി ആക്ഷേപമുണ്ട്.

Tags:    
News Summary - Those who have given land for national highway construction are not getting compensation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.