ജില്ല ഫുട്ബാൾ അസോസിയേഷൻ തെരഞ്ഞെടുപ്പ്; ഭരണം പിടിക്കാൻ സി.പി.എം പാനൽ

തിരുവനന്തപുരം: ജില്ല ഫുട്ബാൾ അസോസിയേഷന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നാമനിർദേശപത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിച്ചതോടെ ഭരണം തിരികെ പിടിക്കാമെന്ന പ്രതീക്ഷയിൽ സി.പി.എം നേതൃത്വം നൽകുന്ന ഫുട്ബാൾ പാനൽ.

സി.പി.എം പാനലിന് വെല്ലുവിളി ഉയർത്തി ബി.ജെ.പി ജില്ല പ്രസിഡന്‍റ് വി.വി. രാജേഷിനെ പ്രസിഡന്‍റ് സ്ഥാനാർഥിയാക്കി ഉയർത്തിക്കൊണ്ടുവരാൻ ശ്രമങ്ങളുണ്ടായെങ്കിലും അവസാന നിമിഷം മത്സരരംഗത്തുനിന്ന് അദ്ദേഹം പിന്മാറിയത് ടൈറ്റാനിയത്തിന്‍റെ മുൻ ഫുട്ബാൾ താരങ്ങൾ നേതൃത്വം നൽകുന്ന വിമതപക്ഷത്തിന് തിരിച്ചടിയായി.

നിലവില്‍ കേരള ഫുട്‌ബാള്‍ അസോസിയേഷന്‍റെ (കെ.എഫ്.എ) അഡ്‌ഹോക്ക് കമ്മിറ്റിക്കാണ് അസോസിയേഷന്‍റെ ഭരണം. തുടര്‍ച്ചയായി 12 വര്‍ഷം ജില്ല ഫുട്ബാൾ അസോസിയേഷൻ ഭരിച്ചത് മന്ത്രി വി. ശിവൻകുട്ടിയുടെ നേതൃത്വത്തിലുള്ള പാനലായിരുന്നു.

എന്നാൽ, നാലുവർഷം മുമ്പാണ് ചിത്രം മാറുന്നത്. പുതിയ കായികനയത്തെ തുടർന്ന് ശിവൻകുട്ടി പ്രസിഡന്‍റ് സ്ഥാനം രാജിവെച്ചതോടെ തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ സമയവായ നീക്കം അട്ടിമറിച്ച് മുന്‍ ഇന്ത്യന്‍ താരം ടൈറ്റാനിയത്തിലെ രാജീവ് കുമാര്‍ നേതൃത്വം കൊടുക്കുന്ന ഭരണസമിതി നിലവില്‍വന്നു. മാസങ്ങൾക്കുള്ളിൽ സി.പി.എം നേതൃത്വത്തിന്‍റെ പിന്തുണയോടെ ഒരുവിഭാഗം അവിശ്വാസം കൊണ്ടുവരികയും അവിശ്വാസം പാസാകുകയുമായിരുന്നു.

ഇതിനെതിരെ കോടതിയില്‍ കേസുണ്ടായി. കോടതി നിർദേശപ്രകാരം മൂന്ന് വര്‍ഷത്തോളം കെ.എഫ്.എയുടെ ചുമതലയിലായി ജില്ല അസോസിയേഷന്‍റെ ഭരണം. കെ.എഫ്.എയുടെ കൈയിലെത്തിയതോടെ ജില്ലയിലെ സുപ്രധാന ഫുട്ബാൾ ടൂർണമെന്‍റുകളടക്കം ഗ്രൗണ്ടിന് പുറത്തായി. പ്രസിഡന്‍റ്, സെക്രട്ടറി, ജോയന്‍റ് സെക്രട്ടറിമാർ, വൈസ് പ്രസിഡന്‍റുമാർ, കെ.എഫ്.എ നോമിനി അടക്കം 30 സീറ്റുകളിലേക്കാണ് മത്സരം.

46 ക്ലബുകള്‍ക്കാണ് നിലവില്‍ വോട്ടവകാശമുള്ളത്. എസ്.ബി.ടി ടീമിന്‍റെ മുന്‍ മാനേജർ രാജീവ്, മുഹമ്മദൻ സ്്പോർട്ടിങ് ക്ലബ് മുൻ ഗോൾ കീപ്പർ ജില്ലാ ഫുഡ്ബാൾ അസോസിയേഷൻ ഭാരവാഹിയുമായി റഫീഖ് മുഹമ്മദ്, മുൻ കൗൺസിലർ വഞ്ചിയൂർ പി. ബാബു, സെല്‍വന്‍ തുടങ്ങിയവരാണ് സി.പി.എം പാനലിനെ നയിക്കുന്നത്.

ഇതിനെതിരെയാണ് കോൺഗ്രസ് പ്രവർത്തകനായ വിത്സൺ റോബിന്‍റെയും മുൻ ഭാരവാഹി രാജീവ് കുമാറിന്‍റെയും നേതൃത്വത്തിൽ ബി.ജെ.പി നേതാക്കളെയും-സി.പി.എം വിമതരെയും ഏകോപിപ്പിച്ചുകൊണ്ട് മറുപക്ഷം രംഗത്തിറങ്ങിയത്.

എന്നാൽ, വി.വി. രാജേഷിന്‍റെ സ്ഥാനാർഥിത്വത്തിനെതിരെ വിമതപക്ഷത്തെ കോൺഗ്രസ്, സി.പി.എം അനുഭാവികളായ ക്ലബ് ഉടമകൾക്കിടയിലുണ്ടായ അഭിപ്രായവ്യത്യാസമാണ് അവസാന നിമിഷമുള്ള അദ്ദേഹത്തിന്‍റെ പിന്മാറ്റത്തിന്​ കാരണമെന്നാണ് വിവരം. ഞായറാഴ്ച പത്രികയിന്മേൽ സൂക്ഷ്​മ പരിശോധന നടക്കും. തിങ്കളാഴ്ച മത്സരിക്കുന്നവരുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കും. ആഗസ്റ്റ് മൂന്നിനാണ് തെരഞ്ഞെടുപ്പ്.

Tags:    
News Summary - District Football Association Election; CPM panel to take over

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.