നെല്‍കൃഷിയില്‍ നൂറുമേനി കൊയ്ത് സ്​റ്റുഡൻറ്​ പൊലീസ് കാഡറ്റുകള്‍

ആറ്റിങ്ങല്‍: കോവിഡ് ഭീഷണിയും തുടര്‍ന്നുണ്ടായ ദുരിതവും സൃഷ്​ടിച്ച പ്രത്യേക സാഹചര്യത്തിലും നെല്‍കൃഷിയില്‍ നൂറുമേനി കൊയ്ത് സ്​റ്റ​ുഡൻറ്​ പൊലീസ് കാഡറ്റുകള്‍.

അവനവഞ്ചേരി ഗവണ്‍മെൻറ്​ ഹൈസ്‌കൂളിലെ സ്​റ്റുഡൻറ്​ പൊലീസ് കാഡറ്റ് പദ്ധതിയുടെ നേതൃത്വത്തില്‍ നടത്തിയ നെല്‍കൃഷിയുടെ വിളവെടുപ്പാണ് പ്രതീക്ഷയും ആവേശവും പകരുന്നരീതിയില്‍ മികച്ച നേട്ടം കൊയ്തത്. കൊച്ചുപരുത്തിയില്‍ കട്ടയില്‍ക്കോണം പാടശേഖരത്തില്‍ ഉള്‍പ്പെട്ട 50 സെൻറ്​ പാടം പാട്ടത്തിനെടുത്താണ് കാഡറ്റുകള്‍ കൃഷിയിറക്കിയത്. കഴിഞ്ഞ അഞ്ചുവര്‍ഷമായി സ്‌കൂളി​െൻറ നേതൃത്വത്തില്‍ കാഡറ്റുകള്‍ ഈ പാടത്ത് നെല്‍കൃഷി നടത്തിവരുന്നു.

കുട്ടികളില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ഈ പാടശേഖരത്തിലെ മുഴുവന്‍ വയലുകളിലും ഇപ്പോള്‍ നാട്ടുകാര്‍ കൃഷി നടത്തുന്നുണ്ട്. പ്രത്യാശ ഇനത്തിൽപെട്ട നെല്‍വിത്താണ് കൃഷിക്കുപയോഗിച്ചത്. കൊറോണക്കാലത്തും കൃഷി ചെയ്ത് നൂറുമേനി കൊയ്തതി​െൻറ സന്തോഷത്തിലാണ് അവനവഞ്ചേരി ഗവ. സ്‌കൂളിലെ സ്​റ്റുഡൻറ്​ പൊലീസ് കാഡറ്റുകള്‍. കൊയ്ത്തുത്സവത്തി​െൻറ ഉദ്ഘാടനം ആറ്റിങ്ങല്‍ സി.ഐ എസ്. ഷാജി നിര്‍വഹിച്ചു. സ്‌കൂള്‍ പി.ടി.എ പ്രസിഡൻറ്​ അഡ്വ. എല്‍.ആര്‍. മധുസൂദനന്‍ നായര്‍, വൈസ് പ്രസിഡൻറ്​ കെ. ശ്രീകുമാര്‍, പാടശേഖരസമിതി പ്രസിഡൻറ്​ ശശിധരന്‍ നായര്‍, എ. അന്‍ഫാര്‍, കമ്യൂണിറ്റി പൊലീസ് ഓഫിസര്‍ എന്‍. സാബു എന്നിവര്‍ നേതൃത്വം നല്‍കി.

നന്ദുരാജ്, നിഖില്‍, അഭിജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ ഡി.വൈ.എഫ്.ഐ ഇടയ്‌ക്കോട് മേഖല കമ്മിറ്റി കുട്ടികളെ കൊയ്ത്തിന് സഹായിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.