അഭിഭാഷകർ ആറ്റിങ്ങൽ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചപ്പോൾ, പരിക്കേറ്റ അഭിഭാഷകൻ

ആറ്റിങ്ങലിൽ പൊലീസ്-അഭിഭാഷക സംഘർഷം; ഉപരോധം, സി.ഐക്കെതിരെ നടപടി

ആറ്റിങ്ങൽ: ആറ്റിങ്ങലിൽ പൊലീസും അഭിഭാഷകരും തമ്മിൽ സംഘർഷം; പൊലീസ് സ്റ്റേഷന് മുന്നിൽ അഭിഭാഷകരുടെ ഉപരോധം, സി.ഐയെ ഒരാഴ്ചത്തേക്ക് എസ്.പി ഓഫിസിലേക്ക് മാറ്റി.

വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. മിഥുൻ മധുസൂദനൻ എന്ന അഭിഭാഷകൻ ഒരു കേസിലെ വിവരശേഖരണത്തിന് അപേക്ഷ നൽകാൻ സ്റ്റേഷനിലെത്തി തിരിച്ചിറങ്ങവെ പാറാവുകാരൻ തടഞ്ഞുനിർത്തിയതോടെ തർക്കമായി. ഈ അഭിഭാഷകനും പൊലീസുകാരനും തമ്മിൽ ദീർഘകാലമായി ഉണ്ടായിരുന്ന വ്യക്തിപരമായ വിഷയമാണ് തർക്കത്തിന് കാരണമായത്.

തർക്കത്തിനുശേഷം മിഥുൻ അറിയിച്ചതനുസരിച്ച് ആറ്റിങ്ങൽ ബാർ അസോസിയേഷൻ പ്രസിഡൻറ് കെ.ആർ. രാജ്മോഹനും സഹഭാരവാഹികളും സ്റ്റേഷനിലെത്തി ചോദ്യം ചെയ്തു. എസ്.ഐ ഇടപെട്ട് വിഷയത്തിൽ ഒത്തുതീർപ്പുണ്ടാക്കിയെങ്കിലും സി.ഐ പ്രതാപചന്ദ്രൻ സ്ഥലത്തെത്തിയപ്പോൾ അഭിഭാഷകൻ പാറാവുകാരനോട് വീണ്ടും മോശമായി സംസാരിച്ചു. ഇത് കണ്ട സി.ഐ ലാത്തിയെടുത്ത് മിഥുനെ മർദിക്കുകയും അഭിഭാഷകർ സംഘടിച്ചെത്തി പൊലീസ് സ്റ്റേഷനിൽ സംഘർഷാവസ്ഥ സൃഷ്ടിക്കുകയുമായിരുന്നു.

ഡിവൈ.എസ്.പി അഭിഭാഷകരുമായി ചർച്ച നടത്തിയെങ്കിലും ഒത്തുതീർപ്പായില്ല. സി.ഐയെ സസ്പെൻഡ് ചെയ്യുക, പാറാവുകാരനെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ നാല് മണിക്ക് മുമ്പ് നടപ്പിലാക്കിയില്ലെങ്കിൽ പൊലീസ് സ്റ്റേഷൻ ഉപരോധിക്കുമെന്ന് പ്രഖ്യാപിച്ച് അഭിഭാഷകർ മടങ്ങി.

ഇതിനുശേഷവും ഡിവൈ.എസ്.പി അഭിഭാഷകരുമായി ചർച്ച നടത്തിയെങ്കിലും ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാതെ പിന്മാറില്ലെന്നറിയിച്ച് നാല് മണിക്ക് സ്റ്റേഷൻ ഉപരോധം ആരംഭിച്ചു.

ആറ്റിങ്ങൽ ഡിവൈ.എസ്.പി സുനീഷ് ബാബു, വർക്കല ഡിവൈ.എസ്.പി നിയാസ് എന്നിവരുടെ നേതൃത്വത്തിൽ കൂടുതൽ പൊലീസ് സംഘവും സ്ഥലത്തെത്തി. ഉപരോധത്തിനിടെ റൂറൽ എസ്.പിയുടെ പ്രതിനിധി സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി സ്റ്റുവർട്ട് സമരക്കാരുമായി ചർച്ച നടത്തുകയും നടപടി സംബന്ധിച്ച എസ്.പിയുടെ തീരുമാനം അറിയിക്കുകയും ചെയ്തു.

സി.ഐ പ്രതാപചന്ദ്രനെ ഒരാഴ്ചത്തേക്ക് ആറ്റിങ്ങലിൽനിന്ന് മാറ്റിനിർത്തുമെന്നും പാറാവുകാരനെതിരെ പരാതി സ്വീകരിച്ച് അതിന്മേൽ നടപടി സ്വീകരിക്കുമെന്നും അറിയിച്ചു. തുടർന്ന് അഞ്ചരയോടെ പ്രതിഷേധം അവസാനിപ്പിച്ചു.

Tags:    
News Summary - Police-lawyer clash in Attingal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.