ഫ്രീലാൻസ് ഫോട്ടോഗ്രാഫർ അഖിലേഷ് ആർ.നായർ സ്ഥാനാർഥിയുടെ ചിത്രം പകർത്തുന്നു
ആറ്റിങ്ങൽ: നിലവിൽ എങ്ങോട്ട് തിരിഞ്ഞാലും ചുവരുകളിലും മൊബൈൽ ഫോൺ സ്ക്രീനുകളിലുമെല്ലാം കാണുന്നത് ചിരിച്ചുനിൽക്കുന്ന സ്ഥാനാർഥികളാണ്. ഒറ്റചിത്രം കൊണ്ട് വോട്ടർമാരുടെ മനസ്സിൽ സ്ഥാനാർഥിയുടെ മുഖം പതിയണം. അതിനുതകുന്ന ചിത്രം വേണം. കടലാസിലും തുണിയിലും ഡിജിറ്റൽ വാളിലും മൊബൈൽ സ്ക്രീനിലുമെല്ലാം മത്സരരംഗത്തുള്ളവരുടെ വ്യത്യസ്തമായ ചിത്രസാന്നിധ്യം. സ്ഥാനാർഥികളെ ഇത്തരത്തിൽ അവതരിപ്പിക്കുന്നതിന് പിന്നിൽ പണിയെടുക്കുന്നത് ഫോട്ടോഗ്രാഫർമാരാണ്. തെരഞ്ഞെടുപ്പ് ചൂടിലും വിവാദങ്ങളിലും പെടാതെ ഒരുദിവസം തന്നെ വ്യത്യസ്ത മുന്നണികളിലെ വ്യത്യസ്തരാഷ്ട്രീയ പാർട്ടികൾക്ക് വേണ്ടി ഇവർ ചിത്രങ്ങൾ പകർത്തുന്നു. സ്റ്റുഡിയോകൾക്ക് അപ്പുറം ഫ്രീലാൻസ് ഫോട്ടോഗ്രാഫർമാരുടെ സാധ്യതകളാണ് തെരഞ്ഞെടുപ്പ് കാലത്ത് കൂടുതൽ. പണ്ടൊക്കെ ചിരിക്കുന്ന മുഖം മതിയായിരുന്നു. ഇന്നതല്ല, വ്യത്യസ്ത ആശയങ്ങൾ സംവേദിപ്പിക്കുന്ന വിധമുള്ള ചിത്രങ്ങളാണ് പോസ്റ്ററൂകളിൽ പതിയുന്നത്.
ഡിജിറ്റൽ പ്രചരണ സാധ്യതകൾ മുൻതൂക്കം നൽകുന്ന തെരഞ്ഞെടുപ്പ് ആയതിനാൽ ഓരോ സ്ഥാനാർഥിക്കും തങ്ങളുടെ മനോഹരങ്ങളായ വിവിധ മാതൃകയിലുള്ള ചിത്രങ്ങൾ വേണം. പോസ്റ്റർ പതിക്കുന്നതിനും ഫ്ലക്സ് അടിക്കുന്നതിനും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലെ നിരന്തര പ്രചരണങ്ങൾക്കും ഇത് ആവശ്യമാണ്. സ്ഥാനാർഥികൾ സ്റ്റുഡിയോയിൽ വന്ന് ചിത്രം പകർത്തുന്ന രീതി മാറി. പകരം സ്റ്റുഡിയോ സംവിധാനങ്ങൾ സ്ഥാനാർഥികൾക്ക് സൗകര്യപ്രദമായ സ്ഥലത്തേക്ക് ഇപ്പോൾ എത്തുന്നതാണ് രീതി. ഫോട്ടോഗ്രാഫർ കാമറയും ലൈറ്റ് സംവിധാനങ്ങളുമായി സ്ഥാനാർഥികളുടെ വീടുകളിലും രാഷ്ട്രീയപാർട്ടി ഓഫീസുകളിലോ അല്ലെങ്കിൽ അവർ നിശ്ചയിക്കുന്ന സ്ഥലങ്ങളിലോ എത്തും.
സ്റ്റുഡിയോ മുറികൾക്കുള്ളിൽ നിന്നും മാറി വയൽ വരമ്പിലും ക്ഷേത്രമുറ്റത്തും ഗ്രന്ഥശാലക്കുള്ളിലും ജനങ്ങൾക്കിടയിലും നിൽക്കുന്ന ചിത്രങ്ങളാണ് പല സ്ഥാനാർഥികൾക്കായും എടുത്തുനൽകുന്നത്. വ്യത്യസ്തങ്ങളായ ആശയങ്ങളെ മുൻനിർത്തി ചിത്രങ്ങൾ എടുത്തുനൽകുന്ന ഫോട്ടോഗ്രാഫർമാരെയാണ് നിലവിൽ സ്ഥാനാർഥികൾക്ക് ആവശ്യം. ഫോട്ടോഗ്രാഫർമാർ വ്യക്തമായ രാഷ്ട്രീയമുള്ളവർ ആയിരിക്കാം. എന്നാൽ, എല്ലാ പാർട്ടിയിലുള്ളവരും ഫോട്ടോയെടുക്കാനെത്തും. ഒപ്പം സ്വതന്ത്ര സ്ഥാനാർഥികളും. ഇവരുടെ കാമറ ഫ്രെയിമിനുള്ളിൽ രാഷ്ട്രീയനിറങ്ങൾ കടന്നുവരാറില്ല. 'വൈറ്റ് ബാലൻസ്' പോലെ എല്ലാം നിഷ്പക്ഷം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.