അനിൽകുമാറിന്റെയും കുടുംബത്തിന്റെയും ഭൗതിക ശരീരം പൊതുദർശനത്തിന് വെച്ചപ്പോൾ
ആറ്റിങ്ങൽ: വക്കം വെളിവിളാകത്ത് കഴിഞ്ഞദിവസം ആത്മഹത്യ ചെയ്തനിലയിൽ കണ്ടെത്തിയ സഹകരണ ബാങ്ക് ജീവനക്കാരനും കുടുംബത്തിനും നാടിന്റെ അന്ത്യാഞ്ജലി. മൃതദേഹങ്ങൾ സംസ്കരിച്ചു. വക്കം വെളിവിളാകം ക്ഷേത്രത്തിനു സമീപം അഷ്ടപദിയിൽ അനിൽകുമാർ (50), ഭാര്യ ഷീജ (46), മക്കളായ അശ്വിൻ (25), ആകാശ് (21) എന്നിവർക്കാണ് നാട് വിട നൽകിയത്. പോസ്റ്റുമോർട്ടാനന്തരം ഉച്ചക്ക് ഒന്നോടെയാണ് മൃതദേഹങ്ങൾ വക്കത്തെ വീട്ടിലെത്തിച്ചത്. അവസാനമായി ഒരുനോക്ക് കാണാനും അന്ത്യാഞ്ജലി അർപ്പിക്കാനുമായി സമൂഹത്തിന്റെ നാനാതുറകളിലുള്ള നൂറുകണക്കിനാളുകൾ രാവിലെ മുതൽ തടിച്ചു കൂടിയിരുന്നു. റീത്തുകൾ കൊണ്ടും കണ്ണീർ പൊഴിച്ചും വാക്കുകളിലൂടെയും ആദരവറിയിച്ചു.
പൊതുദർശനത്തിനു ശേഷം ആറ്റിങ്ങൽ നഗരസഭയുടെ കീഴിലുള്ള ശാന്തിതീരം ശ്മശാനത്തിൽ സംസ്കരിച്ചു. മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ഒ.എസ്. അംബിക എം.എൽ.എ, കോൺഗ്രസ് നേതാവ് വർക്കല കഹാർ, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് അഡ്വ. ഷൈലജ ബീഗം, ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ ആർ. രാമു, സി.പി.എം ഏരിയ സെക്രട്ടറി എം. പ്രദീപ് തുടങ്ങിയവർ വീട്ടിലെത്തിയിരുന്നു.
ചൊവ്വാഴ്ച രാവിലെയാണ് അനിൽകുമാറിനെയും കുടുംബത്തെയും സ്വന്തം വീട്ടിലെ ഹാളിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്തു നിന്ന് ആത്മഹത്യാ കുറിപ്പും, ഡയറിയും പോലീസ് കണ്ടെത്തിരുന്നു. സി.പി.എം വക്കം ലോക്കൽ കമ്മിറ്റി സെക്രട്ടറിയും വക്കം ഫാർമേഴ്സ് ബാങ്ക് ജീവനക്കാരനും ആയിരുന്നു അനിൽകുമാർ. കുടുംബത്തിന് വലിയതോതിൽ കടബാധ്യതകൾ ഉണ്ടായിരുന്നതാണ് ആത്മഹത്യകാരണമെന്നാണ് ആത്മഹത്യാക്കുറിപ്പിൽ പറഞ്ഞിരുന്നതും പോലീസ് ഉറപ്പിക്കുന്നതും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.