തിരുവനന്തപുരം: ‘ഇല്ല.. ഇല്ല.. തോറ്റിട്ടില്ല.. ജീവിത സമരം തോറ്റിട്ടില്ല’ എന്ന് തൊണ്ടപൊട്ടുമാറ് ഉച്ചത്തിൽ വിളിക്കുമ്പോൾ കഴിഞ്ഞ എട്ടു മാസമായി ആശമാർ അനുഭവിക്കുന്ന വേദനയുടെയും അവഗണനയുടെയും നേർപതിപ്പ് ആ മുദ്രാവാക്യം വിളികളിൽ പ്രതിഫലിക്കുന്നുണ്ടായിരുന്നു.
ജാഥയായി വന്ന് മുദ്രാവാക്യം വിളിച്ച് മടങ്ങിപ്പോകുമെന്ന പലരുടെയും കണക്കുകൂട്ടലുകൾ തെറ്റിച്ചുകൊണ്ടാണ് കേരള ആശ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ നൂറുകണക്കിന് ആശമാർ സംസ്ഥാന മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്കുള്ള മാർച്ചിൽ പങ്കെടുത്തത്. ഓണറേറിയം 21000 രൂപയായി വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യവും പെൻഷനും നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഫെബ്രുവരി 10 മുതൽ ആശമാർ സെക്രട്ടേറിയറ്റിനു മുന്നിൽ സമരം ആരംഭിച്ചത്.
പല തവണ തങ്ങളുടെ പ്രശ്‌നങ്ങൾ സർക്കാരിൽ അറിയിക്കാൻ ശ്രമിച്ചെങ്കിലും അവഗണന മാത്രമാണ് ലഭിച്ചത്. മിനിമം കൂലിയെന്ന ഇവരുടെ അവകാശങ്ങളും അംഗീകരിക്കപ്പെട്ടില്ല. ഇതേതുടർന്നാണ് മുഖ്യമന്ത്രിയെ നേരിൽ കണ്ട് പ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന് അഭ്യർഥിക്കാൻ ആശമാർ തീരുമാനിച്ചത്. കേരളം കണ്ട ഏറ്റവും വലിയ പെൺസമരം നടക്കുന്ന ദിവസം തന്നെ രാഷ്‌ട്രപതി ദ്രൗപദി മുർമു തലസ്ഥാനത്തുണ്ടായി എന്നതും യാദൃശ്‌ചികം മാത്രം.
രാവിലെ 10.30ന് പി.എം.ജി ജങ്ഷനിൽ ഒത്തുചേർന്ന ആശമാർക്ക് പിന്തുണയുമായി ജോസഫ് സി. മാത്യു, പരിസ്ഥിതി പ്രവർത്തകൻ എൻ. സുബ്രഹ്മണ്യൻ, ആർ.എസ്.പി നേതാവ് ഷിബു ബേബി ജോൺ, ബി.ജെ.പി നേതാവ് വി.വി രാജേഷ്, എം.പി മത്തായി തുടങ്ങി നിരവധി പേർ എത്തി.
ആശ പ്രവർത്തകരുടെ മൈക്കും സ്‌പീക്കറും പിടിച്ചെടുത്ത് പൊലീസ് വാഹനത്തിൽ കൊണ്ടുപോകാനുള്ള ശ്രമം തടയുന്ന പ്രവർത്തകർ
സമരക്കാർക്ക് പിന്തുണയുമായി ചെങ്ങറ, വിളപ്പിൽശാല സമരനേതാക്കളും എത്തിയിരുന്നു. തുടർന്ന് ജാഥയായി ആശമാർ ക്ലിഫ് ഹൗസിലേക്ക് വന്നെങ്കിലും നന്തന്‍കോട് ജംഗ്ഷന് സമീപം പൊലീസ് ബാരിക്കേഡുവെച്ച് സമരക്കാരെ തടഞ്ഞു.
തുടർന്ന് പ്രതിഷേധക്കാർ ബാരിക്കേഡിനു മുകളിൽ കയറി മുദ്രാവാക്യം മുഴക്കി. പലതവണ സമരക്കാർക്ക് നേരെ പൊലീസ് ജല പീരങ്കി പ്രയോഗിച്ചു. സമരസമിതി നേതാക്കളായ എം.എ ബിന്ദു, എസ്. മിനി, ഉഷ ഉഴമലയ്‌ക്കൽ, ബീന പീറ്റർ, തങ്കമണി, ഗിരിജ, ജിതിക, മീര, ലക്‌ഷ്‌മി ആർ. ശേഖർ തുടങ്ങിയവരെ പൊലീസ് അറസ്‌റ്റ് ചെയ്‌ത് നീക്കി. പ്രതിഷേധക്കാരെ പൊലീസ് തറയിലിട്ട് വലിച്ചിഴച്ചു നീക്കി.
തങ്ങൾ കഴിഞ്ഞ 256 ദിവസമായി കഞ്ഞികുടിക്കുന്ന പാത്രം കൊട്ടി ആശമാർ പൊലീസ് നടപടിയിൽ പ്രതിഷേധിച്ചു. മഴ ശക്‌തമായ തക്കം നോക്കി പൊലീസ് ആശമാരുടെ മൈക്കും സ്‌പീക്കറും പിടിച്ചെടുത്തു കൊണ്ടുപോകാൻ ശ്രമിച്ചതോടെ ആശമാർ പ്രതിഷേധം ശക്‌തമാക്കി.
പൊലീസ് ജീപ്പ് മുന്നോട്ടു പോകാൻ അനുവദിക്കാതെ അരമണിക്കൂറോളം മഴ വകവയ്‌ക്കാതെ പ്രതിഷേധിച്ചു. തുടർന്ന് സ്‌ഥിതി വഷളാകുന്നതു കണ്ട് കൂടുതൽ വനിത പൊലീസിനെ രംഗത്തിറക്കി. പൊലീസ് പലതവണ അനുനയത്തിന് ശ്രമിച്ചെങ്കിലും സമരം അവസാനിപ്പിക്കാൻ ആശമാർ തയാറായില്ല. മുഖ്യമന്ത്രിയെ കാണുംവരെ സമരം തുടരുമെന്ന് നിലപാട് ഉറപ്പിച്ചതോടെ പൊലീസ് വെട്ടിലായി.
രാഷ്‌ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് സുരക്ഷയൊരുക്കൽ നിലനിൽക്കുന്നതിനാൽ സമരം വേഗം അവസാനിപ്പിക്കേണ്ടത് പൊലീസിന്റെ കൂടി ആവശ്യമായി മാറി. ഇതിനിടെയാണ് മുഖ്യമന്ത്രിയുടെ അപ്പോയിൻമെന്റ് നൽകാമെന്ന് പൊലീസ് അധികൃതർ സമര നേതാക്കളെ അറിയിച്ചതും സമരം പിൻവലിക്കാൻ ആശമാർ തയാറായതും. പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് വ്യാഴാഴ്‌ച സമരപ്പന്തലിൽ ആശമാർ കറുത്ത വസ്ത്രവും ബാഡ്ജും കൊടിയും പിടിച്ച് പ്രതിഷേധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.