തിരുവനന്തപുരം: യാത്രക്കാരുടെ എണ്ണം വർധിച്ചിട്ടും പാർക്കിങ്ങിന്റെ പേരിൽ വിമാനത്താവളത്തിൽ പകൽക്കൊള്ള. സൗജന്യ സമയം വർധിപ്പിക്കണമെന്ന് ആവശ്യമുയരുമ്പോഴും അധികൃതർ കേട്ട മട്ടില്ല.
ഒരു വാഹനത്തിന് വിമാനത്താവളത്തിൽ പ്രവേശിച്ച് തിരികെയിറങ്ങാൻ സൗജന്യമായി അനുവദിച്ച സമയം 10 മിനിറ്റാണ്. ഇത് ഒരു മിനിറ്റ് വൈകിയാൽ 100 രൂപയാണ് ഈടാക്കുന്നത്. കൃത്യമായി സമയം പാലിച്ചാലും തിരികെ ഇറങ്ങുന്ന കൗണ്ടറിന് മുന്നിലെ വാഹനങ്ങളുടെ ക്യൂവിൽപെട്ട് സമയം നഷ്ടപ്പെട്ടാലും 100 രൂപ നൽകണം.
പാർക്കിങ് ഫീസ് എന്നതിനപ്പുറം ‘അപ്രഖ്യാപിത പിഴയാണ്’ വിമാനത്താവളാധികൃതർ ഏർപ്പെടുത്തിയിരിക്കുന്നതെന്ന ആക്ഷേപവും ശക്തമാണ്. വിമാനയാത്രക്കാരുടെ എണ്ണത്തിൽ ഒരു വർഷത്തിനിടെ 83.6 ശതമാനവും വിമാന ഷെഡ്യൂളുകളിൽ 31.53 ശതമാനവും വളർച്ച രേഖപ്പെടുത്തിയെന്നാണ് വിമാനത്താവള അധികൃതർ അവകാശപ്പെടുന്നത്. 2022 ജനുവരിയിലെ മൊത്തം യാത്രക്കാരുടെ എണ്ണം 1,76,315 ആയിരുന്നെങ്കിൽ 2023 ജനുവരിയിൽ ഇത് 3,23,792 ആണ്.
പ്രതിദിന യാത്രക്കാരുടെ എണ്ണം 5687 ൽനിന്ന് 10,445 ആയി. ഒരു വർഷത്തിനിടെ ഇത്രയും വർധനയുണ്ടാകുമ്പോഴാണ് സമയം കുറച്ചും സമയകാര്യത്തിൽ ശ്വാസംമുട്ടിച്ചും പാർക്കിങ്ങിന്റെ പേരിലെ പോക്കറ്റടി. ഇത്രയധികം വാഹനങ്ങൾക്ക് വന്നുപോകാൻ പത്ത് മിനിറ്റ് സമയം തികയില്ലെന്നത് ബോധ്യമുണ്ടായിട്ടും ഇക്കാര്യത്തിൽ അധികൃതർ പുനഃപരിശോധനക്ക് തയാറായിട്ടില്ല.
വിമാനത്താവളം അദാനി ഏറ്റെടുത്ത ഘട്ടത്തിൽ അന്നുണ്ടായിരുന്ന എൻട്രിഫീസ് എടുത്തുകളഞ്ഞാണ് പരിഷ്കാരം ഏർപ്പെടുത്തിയത്. ‘എൻട്രി ഫീസ് ഒഴിവാക്കി’ എന്ന പേരിൽ വലിയ അവകാശവാദങ്ങളാണ് നടത്തിയതും. എന്നാൽ, ഫലത്തിൽ സാധാരണക്കാരന്റെ പോക്കറ്റ് ചോർത്തുന്ന നടപടിയാണ് പിന്നിൽ ഒളിപ്പിച്ചിരുന്നത്. സൗജന്യ സമയം കുറച്ച് 10 മിനിറ്റാക്കിയതോടെയാണ് വാഹനയാത്രക്കാർക്ക് ഇരുട്ടടിയായത്. വിമാനത്താവളത്തെ ആശ്രയിക്കുന്നവരുടെ എണ്ണം കൂടിയതോടെ കൗണ്ടറുകൾക്ക് മുന്നിലെ നിരയും കൂടി.
വിമാനയാത്രക്കാരനെ വേഗത്തിലിറക്കി തിരിച്ചു പാഞ്ഞാലും പുറത്ത് കടക്കാനുള്ള ക്യൂവിൽ കുരുങ്ങുമെന്നുറപ്പ്. പാർക്കിങ് ഫീസ് ഭയന്ന് വിമാനത്താവളത്തിന് പുറത്തെ റോഡിലാണ് യാത്രയാക്കാനെത്തുന്നവരും കൂട്ടാനെത്തുന്നവരും വാഹനം പാർക്ക് ചെയ്യുന്നത്. വിമാനസമയം അടുത്തെന്ന് ഉറപ്പുവരുത്തിയശേഷമാണ് പത്ത് മിനിറ്റ് കണക്കാക്കി വിമാനത്താവളത്തിലേക്ക് കടക്കുന്നത്. യാത്രക്കാരുടെ എണ്ണവും വാഹനങ്ങളുടെ വർധിച്ചതോടെ അധികപേർക്കും 10 മിനിറ്റ് പാലിക്കാനാവുന്നില്ല. ഈ രീതി അവസാനിപ്പിച്ച് പകരം സ്ലാബ് ഏർപ്പെടുത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.