അതിവേഗ റെയിൽ: ജില്ലയിലൂടെ ഓടുക 42 കിലോമീറ്റർ

കൊല്ലം: തിരുവനന്തപുരം-കാസർകോട്​ അതിവേഗ റെയിൽ (സെമി ഹൈസ്പീഡ് റെയിൽ കോറിഡോർ) ജില്ലയിലൂടെ കടന്നുപോകുന്നത് 42 കിലോമീറ്റർ. ജില്ലയിലെ ഏക സ്​റ്റേഷൻ മുഖത്തലയിലാണ്. നിലവിലെ അലൈൻമൻെറ് പ്രകാരം ജില്ലയിലെ ജനവാസമേഖലയിലെ കെട്ടിടങ്ങൾക്ക്​ കാര്യമായ പരിക്കേൽക്കാതെയാണ് പദ്ധതി നടപ്പാകുക. 200 കിലോമീറ്റർ വേഗപരിധിയിൽ സഞ്ചരിക്കുന്ന ട്രെയിനിന് കൊല്ലത്തുനിന്ന് എറണാകുളത്തെത്താൻ കേവലം ഒരുമണിക്കൂർ മതിയാകും. കൊല്ലത്തുനിന്ന് തിരുവനന്തപുരത്തെത്താൻ 25 മിനിറ്റ്​ മതി. 42 കിലോമീറ്റർ പാതയിൽ 12 കിലോമീറ്ററും നിലവിലെ റെയിൽവേ ലൈനിന് സമാന്തരമായാണ്. കൊല്ലം ബൈപാസിന് സമാന്തരമായാണ് അലൈൻമൻെറ്. രണ്ടിടങ്ങളിൽ ദേശീയപാതക്ക് കുറുകെ പാത മുറിച്ചുകടക്കും. കല്ലമ്പലം, പാരിപ്പള്ളിക്ക് സമീപംവരെ റോഡിന് തെക്കായി കടന്നുവരുന്ന പാത പിന്നീട് വലതുവശത്തേക്ക് മാറും. ചാത്തന്നൂർ സ്പിന്നിങ് മില്ലിന് സമീപം ​െവച്ച് വീണ്ടും മറുഭാഗത്തേക്ക്. മൈലക്കാടുനിന്ന് വീണ്ടും വലതുവശത്തേക്ക്. മുഖത്തല റെയിൽവേ സ്​റ്റേഷൻ കഴിഞ്ഞാൽ കുണ്ടറ, ഭരണിക്കാവ് വഴി ജില്ല കടന്നുപോകും. ജനവാസകേന്ദ്രങ്ങളെയും ജങ്ഷനുകളെയും പരമാവധി ഒഴിവാക്കിയാണ് അലൈൻമൻെറ് എന്നാണ് സർക്കാർ വ്യക്തമാക്കിയത്. അതേസമയം, ഭൂമിയേറ്റെടുക്കേണ്ട നടപടിയിലേക്ക് സർക്കാർ പ്രവേശിച്ചെങ്കിലും ഇവിടെ ഏറ്റെടുക്കേണ്ട കെട്ടിടങ്ങളുടെയും സ്ഥലങ്ങളുടെയും ഉടമകൾക്ക് അറിയിപ്പോ അതുസംബന്ധിച്ച കണക്കുകളോ പുറത്തുവിട്ടില്ല. തിരുവനന്തപുരത്തുനിന്ന് കാസർകോടുവരെ എത്താൻ നിലവിൽ വേണ്ട ഒമ്പത് മണിക്കൂർ സമയം അതിവേഗ ട്രെയിനിൽ കേവലം നാല് മണിക്കൂറാകും. പത്ത് സ്​റ്റേഷനുകളാകും ഉണ്ടാകുക. പാലത്തറ മുഖത്തലയിൽ സ്ഥാപിക്കുന്ന സ്​റ്റേഷനോട് ചേർന്ന് അറ്റകുറ്റപ്പണിക്കുള്ള ഡിപ്പോ സ്ഥാപിക്കുന്നതും പദ്ധതിയിലുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.