ജില്ലയിൽ രോഗികൾ 1000 കടന്നു

തിരുവനന്തപുരം: ട്രിപ്പിൾ ലോക്ഡൗണിനും ലോക്ഡൗണിനും പിടിച്ചുകെട്ടാനാകാതെ ജില്ലയിൽ കോവിഡ് വ്യാപനം അതിഗുരുതരമായ അവസ്ഥയിലേക്ക് നീങ്ങുന്നു. വ്യാഴാഴ്ച 339 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ജില്ലയിൽ ചികിത്സയിൽ കഴിയുന്ന രോഗികളുടെ എണ്ണം 1000 കടന്നു. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ജില്ലയിൽനിന്ന് ആയിരത്തിൽ കൂടുതൽ രോഗികൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ജില്ലയിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതും ഇന്നലെയാണ്. 1279 രോഗികളാണ് നിലവിൽ ചികിത്സയിലുള്ളത്. വ്യാഴാഴ്​ച രോഗികളായ 16 പേരുടെ ഉറവിടം വ്യക്തമല്ല. അട്ടക്കുളങ്ങര രാമചന്ദ്രൻ ടെക്സ്​​ൈറ്റൽസിലെ ഹൈപ്പർമാർക്കറ്റിലെ 17 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ബുധനാഴ്ച 61 ജീവനക്കാർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതോടെ കൂടുതൽ ജീവനക്കാരുടെ സാമ്പിളുകൾ പരിശോധനക്ക് അയച്ചിരിക്കുകയാണ്. പൂന്തുറയിൽ 48 പേർക്കും മാണിക്യവിളാകത്ത് 12 പേർക്കും പുല്ലുവിളയിൽ 38ഉം വള്ളക്കടവിൽ 18ഓളം പേർക്കും രോഗംസ്ഥിരീകരിച്ചിട്ടുണ്ട്. 20ഓളം പേർ വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നുമായി വന്നവരാണ്. പേട്ട, മെഡിക്കൽ കോളജ്, പെരുമാതുറ, പൂവച്ചൽ, കേശവദാസപുരം, കോവളം, ബീമാപള്ളി, പാറശ്ശാല, തിരുവല്ലം, കോട്ടപ്പുറം, പേരൂർക്കട, മണ്ണാമൂല, പേയാട്, പുതുക്കുറുച്ചി, കൊഞ്ചിറവിള, പാങ്ങോട്, ഊരൂട്ടമ്പലം, മുട്ടത്തറ കരിക്കകം, കാച്ചാണി, നെയ്യാറ്റിൻകര, കൊഞ്ചിറവിള, വെഞ്ഞാറമൂട്, നെടുമ്പറമ്പ്, വേങ്ങോട്, തകരപ്പറമ്പ്, ആനയറ, മണക്കാടുമെല്ലാം സമ്പർക്കത്തിലൂടെ കൂടുതൽ പേരിലേക്ക് രോഗം പകർന്നിട്ടുണ്ട്. വ്യാഴാഴ്​ച രോഗലക്ഷണങ്ങളുമായി 149 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 38 പേരെ ഡിസ്ചാർജ് ചെയ്തു. 888 പേർ പുതുതായി രോഗനിരീക്ഷണത്തിലായി. 18,484 പേർ വീടുകളിലും 1,637 പേർ സ്ഥാപനങ്ങളിലും കരുതൽ നിരീക്ഷണത്തിലുണ്ട്. ആശുപത്രികളിൽ 967 പേർ നിരീക്ഷണത്തിലുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.