ചിറയിന്‍കീഴ് തീരമേഖലയില്‍ ആശങ്ക; 10 പുതിയ പോസിറ്റിവ് കേസുകള്‍

ആറ്റിങ്ങല്‍: ചിറയിന്‍കീഴ് തീരമേഖലയില്‍ ആശങ്ക വർധിപ്പിച്ച് കൂടുതല്‍ പോസിറ്റിവ് കേസുകള്‍. മത്സ്യമേഖല കേന്ദ്രീകരിച്ച് രോഗ വ്യാപന സാധ്യത. തിങ്കളാഴ്ച നടന്ന പരിശോധന ക്യാമ്പില്‍ അഞ്ചുതെങ്ങ്, ചിറയിന്‍കീഴ് പഞ്ചായത്തുകളിലായി 10 പുതിയ പോസിറ്റിവ് കേസുകള്‍ കണ്ടെത്തി. 160 സാമ്പിളുകള്‍ പരിശോധിച്ചതിലാണ് പെരുമാതുറ മേഖലയില്‍ നാലു പേരിലും അഞ്ചുതെങ്ങ് മേഖലയില്‍ ആറു പേരിലും രോഗം കണ്ടെത്തിയത്. ഒരാള്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാളാണ്. നേര​േത്ത രോഗലക്ഷണം കണ്ട ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തിങ്കളാഴ്ച ജനറല്‍ ഹോസ്പിറ്റലില്‍ നടന്ന ആൻറിജന്‍ ടെസ്​റ്റിലാണ് ഇദ്ദേഹത്തിനും രോഗബാധ കണ്ടെത്തിയത്. ബാക്കിയുള്ളവര്‍ എല്ലാം സമൂഹവുമായി ഇടപഴകിയിരുന്നവരും. പോസിറ്റിവ് ആയ വ്യക്തികളുടെ സ്രവം വിദഗ്ധ പരിശോധനയക്കായി ശേഖരിച്ചിട്ടുണ്ട്. ചിറയിന്‍കീഴ് താലൂക്ക് നോഡല്‍ ഒാഫിസര്‍ ഡോ. രാമകൃഷ്ണ ബാബുവി​ൻെറ നേതൃത്വത്തില്‍ ഡോ. ദീപക് എസ്. പിള്ള, ഡോ.അശ്വനിരാജ്, ഡോ.ആന്‍സി, ഡോ. ജാതവേതസ് മോഹന്‍ലാല്‍, ഡോ.വീണ, സ്​റ്റാഫ് നഴ്‌സ് അമല്‍, ലാബ് ടെക്‌നീഷ്യന്‍മാരായ കല, താരി എന്നിവരാണ് പരിശോധനാ ടീം. മത്സ്യവിപണന തൊഴിലാളികളായ സ്ത്രീകള്‍ക്ക് ഉള്‍പ്പെടെയാണ് പോസിറ്റിവ് ഫലം റിപ്പോര്‍ട്ട് ചെയ്തത്. മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ച് മത്സ്യവിപണനം നടത്തിയിരുന്നവരാണിവര്‍. ഇത് കൂടുതല്‍ ആശങ്കകള്‍ക്ക് വഴിവെക്കുന്നു. അഞ്ചുതെങ്ങ്, ചിറയിന്‍കീഴ് തീരമേഖല ജനസാന്ദ്രതയേറിയ പ്രദേശമാണ്. ഭൂരിഭാഗം വീടുകളും ഒന്നിനോടൊന്ന് ചേര്‍ന്ന് ഇരിക്കുന്ന കുടിലുകളാണ്. നിലവില്‍ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പ്രദേശങ്ങളിലെ ജനസാന്ദ്രതയും ഇവരുടെ സമ്പര്‍ക്കപട്ടികയും വളരെ വലുതാണ്. ഈ സാഹചര്യത്തില്‍ നടപടികള്‍ സ്വീകരിക്കാന്‍ തിങ്കളാഴ്ച വൈകുന്നേരം മൂന്നോടെ അഞ്ചുതെങ്ങ് പഞ്ചായത്തില്‍ അടിയന്തരയോഗം ചേര്‍ന്നു. ജനങ്ങളെ ബോധവത്​കരിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കാനും തീരുമാനിച്ചു. തിങ്കളാഴ്ച രോഗബാധ കണ്ടെത്തിയവരില്‍ ഭൂരിഭാഗം പേര്‍ക്കും തമിഴ്നാട്ടില്‍ നിന്നുള്ള മത്സ്യകച്ചവടക്കാരില്‍നിന്ന്​ പകര്‍ന്നതാകുമെന്ന വിലയിരുത്തലിലാണ് അധികൃതര്‍. അഞ്ചുതെങ്ങില്‍ ചെന്നൈയില്‍ നിന്നും ലോറികളില്‍ മത്സ്യമെത്തിക്കുന്നുണ്ട്. ഇവിടെനിന്നും മത്സ്യം എടുത്ത് വിപണനം നടത്തിയിരുന്നവരാണ് രോഗബാധയുണ്ടായ മത്സ്യവിപണന സ്ത്രീകള്‍. ഇതിനകം അഞ്ഞൂറോളം പേരെയാണ് പെരുമാതുറ, അഞ്ചുതെങ്ങ് തീരങ്ങളില്‍ നിന്ന്​ പരിശോധനക്ക്​ വിധേയമാക്കിയത്. ആറ്റിങ്ങല്‍ നഗരത്തിലെ മത്സ്യമാര്‍ക്കറ്റുകള്‍ അടക്കും ആറ്റിങ്ങല്‍: നഗരത്തിലെ മത്സ്യമാര്‍ക്കറ്റുകള്‍ അടക്കാന്‍ നഗരസഭ തീരുമാനം. മത്സ്യമേഖല കേന്ദ്രീകരിച്ച് രോഗവ്യാപനം ഉണ്ടാകുന്ന സാഹചര്യത്തിലാണ് അടിയന്തര തീരുമാനം. ഇതോടൊപ്പം തെരുവ് കച്ചവടവും നിരോധിച്ചു. തെരുവ് കച്ചവടക്കാരില്‍ ഭൂരിഭാഗവും അന്യസംസ്ഥാനക്കാരാണ്. ഇവരുടെ യാത്രാവിവരങ്ങള്‍ വ്യക്തമായി ലഭിക്കുന്നതിനും ബുദ്ധിമുട്ടുകളുണ്ട്. പലരും ലോക്ഡൗണ്‍ ഇളവിന് ശേഷം നാട്ടില്‍ പോയി വരുകയും ചെയ്തിരുന്നു. വ്യാപാരസ്ഥാപനങ്ങളെല്ലാം കൈ കഴുകല്‍ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. എന്നാല്‍ തെരുവ് വിപണിയില്‍ ഇത്തരം നിയന്ത്രണങ്ങളൊന്നും ഇല്ല. വിവാഹ, മരണ സ്ഥലങ്ങളിലെ നിയന്ത്രണവും കര്‍ശനമാക്കാന്‍ നഗരസഭ തീരുമാനിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.