പി.സി. ജോർജിന്​ ജാമ്യം: നടപടി അസാധാരണമെന്ന്​ ഡി.വൈ.എഫ്​.ഐ

തിരുവനന്തപുരം: വിദ്വേഷപ്രസംഗം നടത്തിയ പി.സി. ജോർജിന്​ ജാമ്യം കിട്ടിയത്​ അസാധാരണ നടപടിയെന്ന്​ ഡി.വൈ.എഫ്.ഐ​. സാധാരണ നിലയിൽ മജിസ്​ട്രേറ്റിന്‍റെ വസതിയിലാണ്​ പ്രതികളെ അവധി ദിവസങ്ങളിൽ ഹാജരാക്കുക. അവധി ദിവസമാണെങ്കിൽ ജാമ്യം കിട്ടാറില്ല​. ഓപൺ കോർട്ടിൽ അസി. പബ്ലിക്​ ​പ്രോസിക്യൂട്ടറുടെ വാദം കേട്ടുമാത്രമേ ജാമ്യം കൊടുക്കുന്ന പതിവുള്ളൂ. എന്നാൽ അതിന്​ അവസരമുണ്ടായില്ല. ജാമ്യം കിട്ടി പുറത്തിറങ്ങി മിനിറ്റുകൾക്കകം പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നുവെന്ന്​ പി.സി. ജോർജ്​ പറഞ്ഞതോടെ കോടതിയലക്ഷ്യം തന്നെയാണ്​ നടന്നത്​. അങ്ങേയറ്റം വിഷലിപ്തമായ വാക്കുകൾ കേരളസമൂഹം തള്ളിക്കള​ഞ്ഞെങ്കിലും ജോർജും സംഘ്​പരിവാറും പ്രസ്താവനയിൽ ഉറച്ചുനിൽക്കുകയും കൂടുതൽ ന്യായീകരിക്കുകയുമാണ്​. ഇത്ത​രം വിദ്വേഷം നിറഞ്ഞ പ്രസ്താവനകൾക്കെതിരെ കേരളത്തിന്‍റെ മതേതര മനസ്സ്​​ ജാഗ്രത പാലിക്കണമെന്ന്​ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്​, പ്രസിഡന്‍റ്​ വി. വസീഫ്​, ട്രഷറർ അരുൺകുമാർ എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ​പി.സി. ജോർജ്​​ വിദ്വേഷ പ്രസംഗം നടത്തിയ തലസ്ഥാനത്തെ പ്രിയദർശിനി ഹാളിൽ ഡി.വൈ.എഫ്​.ഐ മാനവസൗഹൃദ സംഗമം നടത്തും. 'വി​ദ്വേഷം വിനാശമാണ്​, സ്​നേഹം ജീവിതമാണ്'​ മു​ദ്രാവാക്യമുയർത്തി മേയ്​ എട്ടിന്​ വൈകീട്ട്​ അഞ്ചിനാണ്​ സംഗമം​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.