ഓളപ്പരപ്പിൽ പൊന്നുവാരി തലസ്ഥാനം

തിരുവനന്തപുരം: നീന്തൽകുളത്തിൽ എതിരാളികളെ വെള്ളം കുടിപ്പിച്ച് തലസ്ഥാനം. പ്രഥമ കേരള ഗെയിംസിലെ അക്വാട്ടിക്‌സ് മത്സരങ്ങളുടെ ആദ്യ ദിവസം തിരുവനന്തപുരം ജില്ല അടക്കി ഭരിച്ചതോടെ കാഴ്ച്ക്കാരുടെ റോളിലായിരുന്നു എതിരാളികൾ. പിരപ്പന്‍കോട് ബി.ആര്‍. അംബേദ്കര്‍ ഇന്റര്‍നാഷനല്‍ അക്വാട്ടിക് കോംപ്ലക്‌സില്‍ നടന്ന ആദ്യ ദിന മത്സരങ്ങളില്‍നിന്ന് ഏഴ് സ്വര്‍ണവും എട്ട്​ വെള്ളിയും എട്ട്​ വെങ്കലവുമാണ് തിരുവനന്തപുരം ടീം നീന്തിയെടുത്തത്. ഇതിനു പുറ​മെ, പുരുഷ, വനിതാ വിഭാഗം വാട്ടര്‍പോളോയില്‍ തിരുവനന്തപുരത്തിന്റെ ടീമുകള്‍ ഫൈനലില്‍ പ്രവേശിച്ചു. ഇതോടെ, ഗെയിംസിൽ 22 സ്വർണവും എട്ട് വെള്ളിയും 10 വെങ്കലവുമടക്കം 40 മെഡലുകളുമായി തിരുവനന്തപുരം ഒന്നാം സ്ഥാനത്ത് തുടരുകയാണ്. അഞ്ച് സ്വർണവും എട്ട് വെള്ളിയും ആറ് വെങ്കലവുമായി എറണാകുളമാണ് രണ്ടാം സ്ഥാനത്ത്. അഞ്ച് വീതം സ്വർണവും വെങ്കലവുമായി മലപ്പുറമാണ് മൂന്നാം സ്ഥാനത്ത്. കാസർകോടിനായി ഇറങ്ങിയ ദേശീയ നീന്തൽ താരം ലിയാന ഫാത്തിമ ഉമ്മർ ഇരട്ട സ്വർണം നേടി. പെൺകുട്ടികളുടെ 200 മീറ്റർ ബട്ടർ ഫ്ലൈ സ്ട്രോക്കിലും 100 മീറ്റർ ഫ്രീസ്റ്റൈലിലുമായിരുന്നു ലിയാന സ്വർണം മുങ്ങിയെടുത്തത്. പുരുഷന്മാരുടെ 1500 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ സ്വര്‍ണവും വെള്ളിയും വെങ്കലവും നേടിയ തിരുവനന്തപുരം ട്രാക്ക് പിടിച്ചടക്കി. തിരുവനന്തപുരത്തിനുവേണ്ടി ആര്‍. റുഹ്നു കൃഷ്ണ സ്വര്‍ണവും ദീപേഷ് ചന്ദ്ര സര്‍ക്കാര്‍ വെള്ളിയും ബി. ആദര്‍ശ് വെങ്കലവും നേടി. വനിതകളുടെ 800 മീറ്റര്‍ ഫ്രീസ്റ്റൈലിലും തിരുവനന്തപുരത്തിന്‍റെ മേല്‍ക്കോയ്മ പ്രകടമായിരുന്നു. സ്വര്‍ണം നേടിയ ആര്‍. നിര്‍മലയും വെള്ളി നേടിയ എസ്. അഭിരാമിയും തിരുവനന്തപുരത്തിന്‍റെ താരങ്ങളാണ്. എറണാകുളത്തിന്‍റെ കാരെന്‍ ബെന്നിക്കാണ് വെങ്കലം. പുരുഷന്മാരുടെ 100 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ എറണാകുളത്തിന്‍റെ താരങ്ങളായ ജോസഫ് വി. ജോസ് സ്വര്‍ണവും യു. ഉല്ലാസ് വെള്ളിയും നേടി. തിരുവനന്തപുരത്തിന്‍റെ ടി.ആര്‍. അനൂപിനാണ് വെങ്കലം. *ഗുസ്തിയിൽ ഇഞ്ചോടിഞ്ച് ഗെയിംസിലെ പുരുഷ വിഭാഗം ഗ്രീക്കോ റോമന്‍ ഗുസ്തിയില്‍ നാല് മെഡല്‍ നേടി തിളക്കമാര്‍ന്ന പ്രകടനവുമായി തിരുവനന്തപുരം ജില്ല. ഒമ്പത് വിഭാഗങ്ങളിലായി നടന്ന ഗ്രീക്കോ റോമന്‍ ഗുസ്തി മത്സരത്തില്‍ രണ്ട് സ്വര്‍ണവും രണ്ട്​ വെള്ളിയും നേടിയാണ് തിരുവനന്തപുരം ജില്ല മുന്നിലെത്തിയത്. മൂന്ന് വെള്ളി നേടിയ ആലപ്പുഴയും രണ്ട് വെള്ളിയും ഒരു വെങ്കലവും നേടിയ കൊല്ലം ജില്ലയും മൂന്ന് മെഡലുകളോടെ രണ്ടാം സ്ഥാനത്തെത്തി. എറണാകുളം രണ്ട് സ്വര്‍ണത്തോടെ രണ്ട്​ മെഡലുകളുമായി മൂന്നാം സ്ഥാനത്തെത്തി. 60 കിലോ വിഭാഗത്തില്‍ തിരുവനന്തപുരത്തിന്റെ ടി.എസ്. ആഷിക് സ്വര്‍ണം നേടിയപ്പോള്‍ ആലപ്പുഴയുടെ ഷെറിന്‍ ഗീവര്‍ഗീസ് വെള്ളിയും ഇടുക്കിയുടെ ഡെന്‍സ് ഇമ്മാനുവേല്‍ വെങ്കലവും കരസ്ഥമാക്കി. 67 കിലോ വിഭാഗത്തില്‍ എറണാകുളത്തിന്റെ പി.എം. യാസീന്‍ സ്വര്‍ണം നേടി. കൊല്ലം കാസര്‍കോട് ജില്ലകളുടെ ഫൈസല്‍ റഹ്‌മാന്‍, അനിരുദ്ധ കൃഷ്ണ എന്നിവര്‍ യഥാക്രമം വെള്ളിയും വെങ്കലവും കരസ്ഥമാക്കി. 77 കിലോ വിഭാഗത്തില്‍ എറണാകുളത്തിന്റെ വി.കെ. അബ്ദുൽ മാലിക്കിന് സ്വര്‍ണവും കൊല്ലത്തിന്റെ സെബിന്‍ സാമുവലിന് വെള്ളിയും തിരുവനന്തപുരത്തിന്റെ എ.വി. അരവിന്ദിന് വെങ്കലവും നേടാനായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.