രക്ഷാപ്രവർത്തനത്തിന് തടസ്സമായത് റിമോട്ട് കൺട്രോൾ ഗേറ്റും

വർക്കല: ചെറുന്നിയൂരിന്​ സമീപം അയന്തി പന്തുവിളയിൽ ഇരുനിലവീടിന്​ തീപിടിച്ച് അഞ്ചുപേർ മരിക്കാനിടയായ സംഭവത്തിൽ വളർത്തുനായും. തീപിടിത്തം അറിഞ്ഞ് രക്ഷാപ്രവർത്തനത്തിനെത്തിയ നാട്ടുകാർക്ക് റിമോട്ട് സംവിധാനത്തിൽ പ്രവർത്തിക്കുന്ന ഗേറ്റ് തുറക്കാനായില്ല. വളർത്തുനായ്​ ഉണ്ടായിരുന്നതിനാൽ മതിൽ ചാടിക്കടന്ന് വീട്ടിലെത്തി തീയണക്കാനുള്ള നാട്ടുകാരുടെ ശ്രമം വേഗത്തിലാക്കാനായില്ലെന്നും വർക്കല എം.എൽ.എ വി. ജോയി പറഞ്ഞു. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്നെത്തിയ പൊലീസും അഗ്​നിരക്ഷസേനയും ഗേറ്റ്​ തകർത്താണ് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടത്. ഏറെ പണിപ്പെട്ട് രാവിലെ ആറോടെയാണ് പൂർണമായും തീയണക്കാനായത്. ഷോർട്ട് സർക്യൂട്ടാകാനുള്ള സാധ്യതയാണ്​ പ്രധാനമായും പരിശോധിക്കുന്നത്. ഫോറൻസിക്, ഇലക്ട്രിക്കൽ വിദഗ്ധരുടെ സേവനം തേടിയതായി റൂറൽ എസ്‌.പി ദിവ്യ ഗോപിനാഥ് പറഞ്ഞു. പുക ശ്വസിച്ചതാണ് മരണകാരണമെന്നാണ് വിലയിരുത്തൽ. മരിച്ചവർക്കൊന്നും കാര്യമായ പൊള്ളൽ ഏൽക്കാത്തതും വസ്ത്രങ്ങളിൽ തീപടരാത്തതുമാണ് ഈ നിഗമനത്തിന്​ പിന്നിൽ. എ.സി പ്രവർത്തിച്ചിരുന്ന മുറികൾ അടച്ചനിലയിലായതിനാൽ പുക പടർന്നപ്പോൾ രക്ഷപ്പെടാനുള്ള സാധ്യത കുറവായെന്നും വിലയിരുത്തലുണ്ട്. മുകൾ നിലയിലെ കർട്ടനുകൾ കത്തിനശിച്ചിട്ടില്ല. ഹാളിൽ നിന്നാകാം പുറത്ത് കാർപോർച്ചിലുണ്ടായിരുന്ന ബൈക്കുകളിലേക്ക് തീപിടിച്ചതെന്നാണ് നിഗമനം. വീടിന്​ പുറത്തോ സമീപത്തോ അസ്വാഭാവികമായി ഒന്നും കണ്ടിട്ടില്ലെന്നും സി.സി.ടി.വി ദൃശ്യങ്ങൾ വിലയിരുത്തിയശേഷം പൊലീസ് പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.